സാന്ദ്രവും ശ്രുതിമധുരവുമായ നൈഷ്ഠിക വേദപാഠത്തിന്റെ ഉപാസകനും, നെടുമ്പുര സൂക്ഷിപ്പുകാരനുമായിരിക്കാമെന്നിരിക്കെ, ഏറെ പ്രമാദവും വൈരുദ്ധ്യാത്മകവുമായ പ്രത്യയശാസ്ത്രത്തിന് കവിതയിലൂടെ ന്യായപ്രമാണം രചിക്കുകയായിരുന്നു വയലാര്‍ രാമവര്‍മ്മ. അതുകൊണ്ടുതന്നെ സൗമ്യദീപ്തമായ കാവ്യവൃത്താന്തം അനുവാചകനു മുന്നില്‍ സ്വരരാഗസുധ വിടര്‍ത്തി അര്‍ത്ഥവത്തായ ചുവടുകള്‍ വെച്ചു. കവിതയുടെ ഔന്നത്യം ദര്‍ശിക്കാതെ മൂളിക്കേട്ട ഈരടികള്‍ക്ക് സ്വകാര്യ പരിവേഷം നല്‍കാനും മറന്നില്ല. മത-ജാതി ചിന്തകളെ മാനവധര്മ്മമാക്കുന്നവര്ക്കു മുന്നില്‍ വിറങ്ങലിച്ചതാവട്ടെ കാവ്യചേതനയും. ഇതിനും മീതെ നിയാമക ലക്ഷ്യം സാദ്ധ്യമാക്കും വിധം തങ്ങളുടെ കോട്ട ഭദ്രമാക്കുന്നതിലേക്ക് വിപ്ലവപ്രസ്ഥാനം കവിയെ എഴുന്നെള്ളിച്ചും നിര്‍ത്തി.
അലസ വീക്ഷണത്തിലൂടെ സാമ്രാജ്യത്വ ക്രൗര്യം അദ്ധ്വാനവര്‍ഗ്ഗത്തിന്റെ വിയര്‍പ്പുതുള്ളികള്‍ക്ക് തറവിലയിട്ടപ്പോള് ക്ഷോഭത്തിന്റെ നിലപാടുതറയിലുറച്ചുനിന്നവര്ക്കു നഷ്ടപ്പെടുവാന്‍ വിലങ്ങുകളും! നിസ്വവര്‍ഗ്ഗത്തിന്റെ പോര്‍വിളികേട്ടു വിറങ്ങലിച്ച ദന്ദഗോപുരങ്ങള് തുപ്പാക്കി ചൂണ്ടിയപ്പോള്‍ കുന്തമുനകൊണ്ടു നിണച്ചാര്ത്തു നടത്താന്‍ വയലാറിന്റെ ചൊരിമണലിനും കരുത്തുണ്ടായി. ധീരതയുടെ വിരിമാറിലേക്കു വെടിയുണ്ടയാല്‍ ഉന്നിദ്രമായി ജീവപ്രാണന്‍ പരദേശിയുടെ സ്ഥാവര- സ്ഥാന ചിഹ്നങ്ങളെത്തന്നെ വെട്ടിനിരത്തി. ചങ്കുറപ്പിന്റെ സ്മരണകളിരമ്പും രണസ്മാരകങ്ങള്ക്ക് ജനകോടികളിന്നും സമരപുളകങ്ങള്‍ തന് സിന്ദൂരമാലചാര്ത്തുകയാണ്.
കാവ്യഭാവനയെ അധികരിച്ചും രക്തസാക്ഷിത്വം അനിവാര്യമായതിനാല്‍ അനുഷ്ഠാനത്തിനായും പിന്നെയും എത്രയെത്ര കുരുതിത്തറകള്‍? സൈദ്ധാന്തിക തകര്‍ച്ചയ്ക്കിടയില്‍ ലക്ഷ്യത്തിനും മാര്‍ഗ്ഗത്തിനും മദ്ധ്യേ ആന്ധ്യം ബാധിച്ചവര്‍ക്ക് സ്മൃതിഭൃംശമില്ലെങ്കില് ഓര്‍മ്മിച്ചെടുക്കാം ‘രക്തസാക്ഷികള്‍ തന് പേരില്‍ രക്തരേഖയിലൊപ്പുവെച്ചകാലം’. മേലാളന്റെ ഔദ്ധത്യത്തിന് തരപ്പെടാത്ത താന്‍പോരിമ ഭേദ്യങ്ങളെ അതിജീവിച്ചാണ് ഇവിടെത്തിയത്. പിന്നീട് ഉടവാളൂരിയതാവട്ടെ മതാന്ധതയും. ഒപ്പുശേഖരണവും കൂട്ടയോട്ടവും ക്യാന്‍വാസില്‍ വിരലടയാളം പതിച്ചും ഇതിനെ പ്രതിരോധിക്കുമ്പോള്‍ നിര്‍വൃതി അനുഭവിക്കുന്നുണ്ട് പുത്തന്‍ സാഹിത്യസംരംഭകര്! മാപ്പു നല്‍കാനാവാത്തവിധം മദ്വചനങ്ങളിലെ മാര്‍ദ്ദവം വിധേയത്വമായി പരിണമിച്ചിരിക്കുന്നു. ‘ഇപ്പോഴും പാട്ടാമെളിയ വിജ്ഞാപനം മുല്പാടുവെച്ചു വണങ്ങി’യത് (ദുരവസ്ഥ) കാവ്യ ദോഷമായി കണ്ടവരാണ് നീതിസാരത്തിന് ടിപ്പണി ചമയ്ക്കുന്നതും.
വാഗ്ദാനങ്ങളുടെ ചൊല്ലരങ്ങുകളും മെല്ലെപ്പോക്കിന്റെ ചുവപ്പുനാടകളും ചേര്‍ന്ന് പീഡിതന്റെയും ഭൂരഹിതന്റെയും പട്ടിക വിപുലമാക്കിയിരിക്കുന്നു. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ കണ്ണുതുറക്കാത്ത ദൈവത്തിനു മുന്നിലെ നില്പുസമരക്കാരും! തടവറകള്‍ ഭേദിക്കുന്ന ആത്മരോഷത്തെ ഉപജീവിക്കുന്ന അവതാരങ്ങള്‍ സിനിമയില്‍ മാത്രമെ പുനര്ജനിക്കുന്നുള്ളു. കറുത്ത ചക്രവാള മതിലുകള്‍ ചുറ്റും കാരാഗൃഹത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് തലയ്ക്ക് മുകളില്‍ ശൂന്യാകാശവും താഴെ നിഴലുകളിഴയും നരകവും പട്ടയച്ചീട്ടാക്കിയത് ആയുര്‍ബലം അഞ്ചു വര്‍ഷത്തിനപ്പുറം കാണാതിരുന്നവരുടെ ഭരണനേട്ടവും!
അദ്ധ്വാനിക്കുന്നവന്റെ ആളോഹരി അപഹരിക്കുന്ന മാടമ്പിയെ കൈക്കരുത്തറിയിച്ചു പിന്‍വാങ്ങിയ ‘കുചേലന് കുഞ്ഞന്‍ നായര്‍’ നമുക്കു മുന്നിലുണ്ട്. കൃഷ്ണനെത്തല്ലി കുചേലന് എന്ന ആക്ഷേപത്തിന്റെ പ്രതിദ്ധ്വനി ഒരു കളിയോഗത്തിന്റെ ചുറ്റുവട്ടത്തിലൊതുങ്ങുന്നതല്ല. അക്കളിയോഗം നടത്തിപ്പുകാരനാം/തെക്കെപ്പുരയ്ക്കലെ ശങ്കുണ്ണി മേനവന്/എന്നും പതിവായരങ്ങത്തു കൃഷ്ണനായ്/വന്നു കൈനീട്ടിപ്പുണരും കുചേലനെ. കളിപ്പണം ആട്ടക്കാര്‍ക്കു പങ്കുവെയ്ക്കാതെ അയാള്‍. വാങ്ങിച്ചു നാലഞ്ചു നല്ല പറമ്പും നിലങ്ങളും’.
നിത്യദാരിദ്ര്യത്താല് അക്ഷമനായ കുഞ്ഞന്‍ നായര്‍ വര്‍ഗവഞ്ചകനു നല്കിയ ഉപഹാരം കണ്ട് അന്ധാളിച്ചവര്‍ ‘മാറി സ്ഥലം നോക്കൂ: കമ്മ്യൂണിസത്തിനു കേറിക്കളിക്കുവാനുള്ളതല്ലമ്പലം’ എന്നു ഗര്‍ജിക്കുന്നു. സംഘര്‍ഷകാരണം ഗ്രാഹ്യമായതോടെ അവരും ചുവടുമാറ്റി. കള്ളന് കടന്നുവോ കൃഷ്ണന്? -ഇല്ലെങ്കിലാ ചെള്ളയ്ക്ക് രണ്ടു കൊടുത്തേനെ ഞങ്ങളും’.
അസംബന്ധമാവാത്തവിധം കൈയൊതുക്കത്തോടെ സാമൂഹ്യാവസ്ഥ അത്യുക്തിയില്ലാതെ അനാവരണം ചെയ്യുന്നതോടൊപ്പം ദൈന്യതയത്രയും നിരത്തുന്നുമുണ്ട്. ആടിക്കഴിഞ്ഞു ഞാന്‍ വീട്ടിലെത്തുംനേര/മോടിയടുക്കും പതിനെട്ടു കണ്ണുകള്‍/ആഴക്കരിക്കുവകയവര്ക്കേകുവാ/നാവാതെ നിന്നു ഞാന്‍ പൊട്ടിക്കരഞ്ഞു പോം, എന്ന പ്രസ്താവത്തിലൂടെ അടിയുടെ ഊറ്റം അത്രപോരെന്ന് അനുവാചകനും വിധിക്കും.
അദ്വൈതവും ആദിശങ്കരനും ജനിച്ചനാട്ടില്‍ മതം നിതാന്തസാരവത്തായ ധര്‍മവും ഊര്‍ജവും നല്കിയ ജീവിതചര്യ ഒട്ടേറെ സന്ദേഹങ്ങളുടെ വാതായനമാണ് തുറന്നത്. ജാഗ്രത്തായ പ്രതിബോധത്തെ നിരാകരിക്കാതെയും മൗലികധാരണകളെ പ്രതിരോധിക്കാതെയും താത്ത്വികമായ ഉദ്ബോധനത്തിനാണിവിടെ കവി മുതിര്‍ന്നത്: ‘മതങ്ങള്‍ ജനിക്കും മതങ്ങള്‍ മരിക്കും മനുഷ്യനൊന്നേ വഴിയുള്ളു’. എന്താണത്? നിത്യസ്നേഹം തെളിക്കുന്ന വീഥി/സത്യാന്വേഷണവീഥി, അതാവട്ടെ യുഗങ്ങള്‍ രക്തം ചീന്തിയ വീഥിയും. ഇതുതന്നെയാണ് മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചപ്പോഴും കവി ആവലാതിപ്പെട്ടത്. മാനവസംസ്കൃതി വേഷപ്പകര്‍ച്ച നടത്തുമ്പോഴൊക്കെയും മതമോ ദൈവമോ തെരുവില്‍ മരിക്കുന്നുണ്ട്. അവിവേകത്തിനു മുന്നില്‍ ചിരിക്കുന്നതും മറ്റാരുമല്ല; മതവും ചെകുത്താനും തന്നെ.
ഭാരതീയ ദര്‍ശനത്തെയും ഭൗതികശാസ്ത്രത്തെയും സമന്വയിപ്പിക്കുന്ന കവി മനസ്സിന്റെ നിഷ്പത്തി പ്രാപഞ്ചികാവബോധത്തെ സാക്ഷാത്ക്കരിക്കുന്ന യുക്തിഭദ്രമായ വാങ്മയങ്ങളെന്നുറപ്പിക്കാം. വശ്യമായ പ്രഘോഷണങ്ങള്‍ക്ക് കഴിയാതെപോവുന്നതാണല്ലോ ഈരടികളിലെ ഉള്ളുര ‘സൂര്യനില്നിന്നൊരു ചുടുനീര്ക്കുടമായ് വീണുതണുത്തു കിടന്നു മയങ്ങി ഉണര്‍ന്ന ഭൂമി, വായുവിലീറന്‍ ജീവകണങ്ങളെ വാരിച്ചൂടിയെന്നാണ് കവിയുടെ കണ്ടെത്തല്‍. ഭാവുകത്വം പിന്നെയും ഭൗമവൈചിത്ര്യങ്ങളെയാകെ അന്വയിക്കുകയാണ്: ചക്രവാളത്തില്‍ മതില്ക്കെട്ടിന്മേല് കയ്യും കുത്തി; നില്ക്കും ഞാന്‍ പ്രപഞ്ചത്തില്‍ ഗ്രഹണം നിയന്ത്രിക്കാന്‍ ഗോളങ്ങളെടുത്തു ഞാന്‍ പന്തടിക്കും, തീര്‍ന്നില്ല; നീരദനീലാകാശ മേഖലകളില്‍ നാളെ/ താരകേ! നിന്നെക്കൊണ്ടു നര്‍ത്തനം ചെയ്യിക്കും ഞാന്‍. ഇതൊരു അതിമോഹമല്ലെന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ മംഗള്‍യാന്റെ കൗതുകക്കണ്ണുകളെങ്കിലും പറയുന്നു.
സാമൂഹ്യാവസ്ഥയും ശോച്യമാര്ന്ന ജീവിതപരിസരങ്ങളും സദാവീക്ഷിച്ചും മാനവികതയില്‍ വിശ്വാസമര്‍പ്പിച്ചും തേടിയെടുത്ത രഹസ്യമൊഴിയില്‍ അസ്വസ്ഥനായ കവിയെ വിചാരണ ചെയ്തവര്‍ക്കു മുന്നില്‍ അദ്ദേഹം സമര്‍പ്പിക്കുന്ന സത്യവാങ് മൂലമാവട്ടെ അതിലേറെ വാചാലവും: ‘ഞാനെന്റെ വാല്മീകത്തിലിത്തിരിനേരം ധ്യാനലീനനായിരുന്നതു മനമായ്മാറാനല്ലെന്നു പ്രതികരിച്ച്, കവിമനസിലൂറി കൂടിയത് സ്നേഹപൂര്‍വ്വം തെര്യപ്പെടുത്തുകയായിരുന്നു. ‘കൂടിനുള്ളിലെ നിദ്രയല്ല പുലര്കാലത്തിന് ചുവപ്പാണു ഞാന്‍’ വ്യക്തമായ സാധൂകരണവും മുന്നിലുണ്ട്: ഉടവാളുരുക്കി ഞാന്‍ വീണതീര്ത്തത് നാവിലുറക്കുപാട്ടും പാടി സഞ്ചരിക്കുവാനല്ല, രാജിയില്ലാത്തവിധം കര്‍മ്മകാണ്ഡം വീണ്ടും അനാവരണം ചെയ്യുകയാണ്. ‘മനുഷ്യമസ്തിഷ്ക്കത്തോടല്ല; മാംസത്തോടല്ല; മനസ്സിനോടേ, കാവ്യഹൃദയം സംസാരിക്കു.
യൗഗികമായ കര്‍മ്മപഥമെന്ന് വിധിച്ചതിനോടൊക്കെയും നിഷ്പന്നവും സൗന്ദര്യാത്മകവുമായ നൈതിക വിമോചനം ലക്ഷ്യമാക്കിയുള്ള മുന്നേറ്റം. പ്രത്യയശാസ്ത്ര അപ്രസക്ത ത്തിന്റെ ഉണര്‍വും തുണയുമെന്ന വിവക്ഷ ഇവിടെ അപ്രസക്തമാവുന്നുമില്ല. അതാണ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി നിരീക്ഷിച്ചതും; ചോരയും നീരുമുള്ള ശബ്ദങ്ങളുപയോഗപ്പെടുത്തി തനിക്കുള്ളില്‍ കുരുക്കുന്ന ആശയങ്ങള്‍ ഒതുക്കി പ്രതിപാദിച്ചു ഫലിപ്പിക്കുവാന്‍ അദ്ദേഹത്തിന് വിശേഷിച്ചൊരു വാസനയുണ്ട്. മറ്റൊരവസരത്തില്‍ വയലാര്‍ രാമവര്‍മ്മ നമ്മുടെ പ്രതീക്ഷകളെ തോല്പിച്ചുകളയുമോ? എന്ന് ആശങ്കപ്പെടുന്നുമുണ്ട് പ്രൊഫ. മുണ്ടശ്ശേരി.
കാവ്യാനുശീലനത്തിന്റെ കാല്പനിക സാദ്ധ്യതകളപ്പാടെ ചലച്ചിത്രഗാന ശാഖയിലേക്ക് സന്നിവേശിപ്പിച്ചെന്ന ആവലാതി നിലനില്‍ക്കുമ്പോഴും തന്റെ തട്ടകത്തിന്റെ പവിത്രത വിളിച്ചോതുന്നുണ്ട്. മുളങ്കാടും സര്‍ഗസംഗീതവും എന്റെ മാറ്റൊലിക്കവിതകളും കൊന്തയും പൂണൂലും മറ്റും. സാരവത്തായ രഞ്ജിപ്പിനുള്ള അഭിനിവേശം നിരസിച്ച വയലാര്‍ ഭൗമമണ്ഡലത്തെയാകെ കൈക്കുടന്നയിലൊളിപ്പിച്ചു. കാവ്യകലയ്ക്കാകെ ഊര്‍ജ്ജമാവുന്ന ‘കാലം’ സാന്ത്വനമായും സമസ്യയായും മാറുന്നുണ്ട്. വയലാര്‍ കവിതകളില്‍ സൗമ്യ-സൗന്ദര്യ കാമനകളെല്ലാം കാലം കിള്ളിപ്പറിച്ചു തന്നതാണെന്നും, അതിജീവനത്തിനുള്ള ജീവശ്വാസംതന്നെ ശാദ്വലമെന്നും വിവക്ഷിക്കുന്ന പ്രബോധനം കാവ്യകലയെയാകെ ഭ്രമാത്മകമാക്കുന്നുമുണ്ട്. ‘പ്രളയപയോധിയില്‍ ഉറങ്ങിയുണര്ന്നൊരു; പ്രഭാമയൂഖമേ-കാലമേ! പ്രകൃതിയുമീശ്വരനും ഞാനും-നിന്റെ പ്രതിരൂപങ്ങളല്ലോ? മന്വന്തരങ്ങള്‍ ജനിച്ചുമരിക്കുമീ മണ്മതില്ക്കെട്ടിനു മുകളില്‍; ഋതുക്കള്‍ നിന്‍പ്രിയ മാനസപുത്രികള്‍ എന്ന നിരീക്ഷണത്തോടെ എല്ലാം പൂര്‍ണ്ണം.
മൗഢ്യവും അശ്രീകരവുമായ അഴിമതിയുടെ ചുഴിക്കുത്തില്പ്പെടുന്ന ഭരണത്തിന്റെ, ആപല്കരമായ രാഷ്ട്രവ്യവഹാരത്തിന്റെ പടകുടീരമാവുന്ന വര്‍ത്തമാനകാലത്ത് ഒരു ക്രാന്തദര്‍ശിയുടെ ഉപക്ഷേപം വോട്ടെടുപ്പില്ലാതെ പാസാവുകയാണിവിടെ! ‘പിരിയേണമരങ്ങില്‍ നിന്നുടന്‍ ശരിയായിക്കളിതീര്‍ന്ന നട്ടുവന്’ എന്നറിയാത്ത നിഷ്ക്രിയ ജന്മങ്ങള് ജാതിരാഷ്ട്രീയത്തിന് കപ്പം കൊടുത്തു ഭരണകോമാളിത്തം കാണിക്കുകയാണ്. ഇതെല്ലാം കണ്ടു കവി വളരെ നേരത്തെതന്നെ പരിഭവിച്ചിരുന്നു: ക്രൂരന് വിധി, വിനോദത്തിനു കാട്ടിയ, കാരുണ്യ കൃത്യമതിര് കടന്നെത്തിയോ? കവിജീവിച്ചത് ‘താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീനാട്ടില്, അതാവട്ടെ കന്നിനിലാവുമിളം വെയിലും വന്നു ചന്ദനം ചാര്‍ത്തുന്ന നാടും!
അനുദിനം പ്രക്ഷുബ്ധമാവുന്ന വൈപരീത്യങ്ങളുടെ അന്ധതാമിസ്രം കാവ്യനീതി നഷ്ടമാക്കി പ്രതീക്ഷകളുടെ പാളം തെറ്റിക്കുകയായിരുന്നു. കാല്പനിക നിവര്ത്തനങ്ങളും പ്രതിമാനതകളും പ്രാകൃതവാസനകളിലൂടെ പ്രതിബോധം സൃഷ്ടിച്ച മലയാള കവിത ഭീഷണമായ കാലത്തെ പഴിച്ചേക്കാം. അപ്പോഴും മൗലികചിന്തകളും സംസ്കാരവും വിശ്വാസവും സംയുക്തമായി കോറിയിട്ട ഔന്നത്യമാര്‍ന്ന വയലാര്‍ കവിതകളുടെ നീക്കിയിരിപ്പ് സഹൃദയന്റെ നാവിന് തേന്‍കനിയും, വികാരത്തിന് ആര്‍ദ്രതയും, ഉത്തേജനത്തിന് സ്നേഹവും കനിഞ്ഞരുകളയാണ്. കുറുമൊഴിമുല്ലക്കുടിലില് കുരുവികള്‍ കുരവയിടും ധനുമാസനിലാവിലും, പുഷ്പവതിമുല്ലയും പൊന്‍തിങ്കള്‍ക്കല പുടുവകൊടുക്കുന്ന രാത്രിയിലും നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍ ഉടയാട നെയ്യുന്ന നിലാവിലും, പുനര്‍ജനിക്കുന്നത് നീലാകാശത്താമരയിലയില്‍ നക്ഷത്രലിപിയില്‍ പവിഴക്കൈനഖ മുനയാല്‍ പ്രകൃതി പകര്‍ത്തിവെച്ച കവിതന്നെയെന്ന് ഉറപ്പിക്കാം.
പ്രസാരണനഷ്ടമില്ലാത്ത നവ്യമായൊരു ഭാവുകത്വപ്രതിസ്പന്ദം ജാഗ്രത്തായമാനവികതയ്ക്കായി നിക്ഷേപിച്ച മഹാനുഭാവനുമാത്രമായി ഈ തുലാപ്പത്തിനും (ഒക്ടോബര്‍ 27) മലയാളം തിലോദകമര്പ്പിക്കുകയാണ്. വിപ്ലവപ്രസ്ഥാനം മായക്കാഴ്ചയൊരുക്കുന്നതിന് തീറുവാങ്ങിയ കാവ്യമുഖം ജാജ്ജ്വല്യമെങ്കിലും പ്രസ്ഥാനം അതിന്റെ ഭൂതകാല വീരഗാഥകളുടെ തടവറിയാണിപ്പോഴും! പൂര്വ്വദിങ്മുഖമൊന്നു ചുവന്നു പുതിയ മനുഷ്യനുണര്‍ന്നു എന്നതിനപ്പുറം എന്ത് നൈരന്തര്യം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: