ഇടുക്കി : ഭവനനിര്‍മ്മാണ പദ്ധതിക്ക് പണം നീക്കിവയ്ക്കാത്ത ജില്ലാ പഞ്ചായത്ത് നടപടിക്കെതിരെ രാഷ്ട്രീയ ഭേദമെന്യേ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രതിഷേധം ഉയര്‍ത്തി. കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വിജിലന്‍സ് ആന്‍ഡ് മോണിട്ടറിംഗ് കമ്മറ്റി യോഗത്തിലാണ് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ജില്ലാ പഞ്ചായത്തിനെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. 21 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ളത്. പ്രസിഡന്റുമാര്‍ ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റു. ഇന്ദിരാ ആവാസ് യോജനയില്‍ ജില്ലയിലെ ഭവന നിര്‍മ്മാണ രംഗത്ത് ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ മൂലം വന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ കലാപമുയര്‍ത്തിയത്. ഇന്ദിരാ ആവാസ് യോജനയില്‍ വീട് വയ്ക്കുന്നതിനായി നല്കുന്ന തുകയില്‍ 75 ശതമാനം കേന്ദ്രഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റ് നല്കുന്ന 25 ശതമാനം തുക ത്രിതല പഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തില്‍ നിന്നും മാറ്റിവയ്ക്കുകയാണ്. ഗ്രാമപഞ്ചായത്ത് 25 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് 35 ശതമാനവും ജില്ലാ പഞ്ചായത്ത് 40 ശതമാനവുമാണ് മാറ്റിവയ്ക്കേണ്ടത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ തുക മാറ്റി വയ്ക്കുന്നുണ്ട്. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഗുരുതരമായ കൃത്യവിലോപമാണ് ഇക്കാര്യത്തില്‍ വരുത്തിയിട്ടുള്ളത്. 2013- 14 ല്‍ 6 കോടി രൂപ കുടിശിക നിലനില്‍ക്കെയാണ് 2014-15 ല്‍ 15 കോടി രൂപ നല്‍കാത്തത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നിയമപരമായി ഈ തുക മാറ്റി വച്ചില്ലെങ്കില്‍ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കാറില്ല. എന്നാല്‍ 21 കോടി രൂപ മാറ്റി വയ്ക്കാത്ത ജില്ലാ പഞ്ചായത്തിന്റെ പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരം നല്കുന്നതിനെയാണ് പ്രസിഡന്റുമാര്‍ ചോദ്യം ചെയ്തത്. ഡിപിസി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണെന്നതിനാലാണ് ഡിപിസി അനധികൃതമായി പദ്ധതിക്ക് അംഗീകാരം നല്‍കുന്നത്. മുതിര്‍ന്ന രാഷട്രീയ നേതാക്കളും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായ എ.പി. ഉസ്മാന്, തോമസ് രാജന്, ശ്രീമന്ദിരം ശശികുമാര്‍, ബേബി പതിപ്പള്ളില്‍, അന്നമ്മ പടന്നമാക്കല്‍, ജോയി വര്‍ഗീസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനപ്രതിനിധികളും ജില്ലാ പഞ്ചായത്തിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ചു. ഭവനരഹിതരായി കഴിയുന്നവരും വീട് പൊളിച്ചിട്ടിരിക്കുന്നവരും പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ കഴിയുന്നവരുമെല്ലാം പഞ്ചായത്ത് ഓഫീസുകളില്‍ വരുമ്പോള്‍ മറുപടി പറയേണ്ടത് തങ്ങളാണെന്നും ജില്ലാ പഞ്ചായത്തിന് ഇതിന്റെ ബുദ്ധിമുട്ട് അറിയില്ലെന്നും ചില അംഗങ്ങള്‍ തുറന്നടിച്ചു. വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതോടെയാണ് പ്രസിഡന്റുമാരുടെ പ്രതിഷേധം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: