ആലപ്പുഴ: പുന്നപ്ര റെയില്‍വേ സ്റ്റേഷനില്‍ അടിയന്തരമായി നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍, വിവിധ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പുന്നപ്ര കോസ്റ്റല്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കും. കഴിഞ്ഞ യുപിഎ സര്‍ക്കാരും സ്ഥലം എംപിയും തുടര്‍ച്ചയായി വാഗ്ദാനങ്ങള്‍ നല്കി കബളിപ്പിച്ച സാഹചര്യത്തിലാണ് അസോസിയേഷന് പുതിയ റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജ്, പുന്നപ്ര സഹകരണ ആശുപത്രി എന്നിവയോട് ഏറ്റവും അടുത്താണ് പുന്നപ്ര റെയില്‍വേ സ്റ്റേഷന്. സ്റ്റേഷനും പ്ലാറ്റ്ഫോമും അധുനിക സൗകര്യങ്ങളോടെ നവീകരണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്റ്റേഷന് നവീകരണം 2010ല്‍ പൂര്‍ത്തിയാക്കുമെന്ന ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ വാഗ്ദാനം പാഴായി. 2010 നവംബറില്‍ കെ.സി. വേണുഗോപാല്‍ എംപി സ്റ്റേഷന് സന്ദര്‍ശിച്ച് 30 ലക്ഷത്തിന്റെ വികസന വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും അതും പ്രാവര്‍ത്തികമായില്ല.
രാത്രി 7.30ന് എറണാകുളത്ത് നിന്നും കൊല്ലം വരെയുള്ള മെമുവിനും, പുലര്‍ച്ചെ 12.10ന് കൊല്ലത്ത് നിന്നും ആലപ്പുഴ വഴി എറണാകുളത്തിനുമുള്ള മെമുവിനും പുന്നപ്രയടക്കമുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കുക, രാത്രി 9.30ന് കായംകുളത്ത് നിന്ന് ആലപ്പഴയ്ക്കുള്ള പാസഞ്ചര്‍ തീവണ്ടിക്ക് പുന്നപ്രയിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, ആലപ്പുഴയില്‍ നിന്നും എറണാകുളത്തേക്ക് രാവിലെ 7.25നുള്ള തീവണ്ടിയും കൊല്ലത്ത് നിന്ന് സര്‍വീസ് ആരംഭിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് മന്ത്രിക്ക് നല്‍കുന്നതെന്ന് കണ്വീനന് ഡി. ഭുവനേശ്വരന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: