ആയിരം കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഉണ്ടായാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന തത്വം ക്രിമിനല്‍ നീതിയുടെ അടിസ്ഥാന പ്രമാണമായി കരുതിപ്പോരുന്ന രാജ്യമാണ് നമ്മുടേത്. എന്നാല്‍ ബോധപൂര്‍വ്വം നിരപരാധികളെ കുടുക്കി രസിക്കുന്ന പോലീസ് സംവിധാനം ഇവിടെ സജീവമാണ്. ഏറ്റവും ഒടുവില്‍ കോഴിക്കോട്ടെ സുന്ദരിയമ്മ കൊലപാതക കേസില്‍ ഒരാളെ വെറുതെ വിട്ടുകൊണ്ടുള്ള അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ വിധി ഏറെ ശ്രദ്ധേയമായി.
ക്രിമിനല്‍ കേസിന്റെ ഊടുംപാവും ഉള്ളംകൈയില്‍ നെല്ലിക്കയായ പ്രശസ്ത അഭിഭാഷകന് ആ വിധിയുടെ പശ്ചാത്തലത്തില്‍ മലയാള മനോരമ (ഒക്ടോ.16)യുടെ നോട്ടം പംക്തിയില്‍ പഠനാര്‍ഹമായ ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. കേസിനെ വൈകാരികമായും മറ്റും കാണുന്നവരും നിയമവിദ്യാര്‍ത്ഥികളും അവശ്യം വായിച്ചിരിക്കേണ്ടതാണത്.
വസ്തുനിഷ്ഠമായി കേസ് അന്വേഷിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമെന്നതിനെപ്പറ്റിയാണ് ഒരു വിഭാഗം പോലീസുകാര്‍ ഗവേഷണം നടത്തുന്നത്. മേല്‍ സൂചിപ്പിച്ച കേസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയും വ്യാപകമായ പ്രതിഷേധം കുമിഞ്ഞുകൂടുകയും ചെയ്തപ്പോഴാണ് ക്രൈംബ്രാഞ്ച് കേസ് പൊടി തട്ടിയെടുത്ത് കുതിച്ചത്. ഒരു നിസ്സഹായനെ കണ്ടെത്തുകയും അയാളെ കുടുക്കാന്‍ വേണ്ട തെളിവുകള്‍ മെനഞ്ഞെടുക്കുകയും ചെയ്തതോടെ പോലീസിന് ആശ്വാസമായി. ഒരു വര്‍ഷത്തോളം ജയിലിലായ അനാഥനായ ജയേഷ് എന്ന ജബ്ബാറിനെ വിട്ടയച്ചുകൊണ്ട് ജഡ്ജി നടത്തിയ വിധി പരാമര്‍ശം മനസ്സാക്ഷിയുള്ള ആര്‍ക്കും നടുക്കമുണ്ടാക്കുന്നതാണ്.
കൃത്രിമ തെളിവുണ്ടാക്കി ഒരു നിരപരാധിയെ ജയിലിലടക്കാന്‍ ഒരുങ്ങിപുറപ്പെട്ട രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ അതിശക്തമായ നിരീക്ഷണമാണ് കോടതിയില്‍ നിന്നുണ്ടായത്. ക്രൈംബ്രാഞ്ച് സിഐ ആയിരുന്ന ഇ.പി. പൃഥ്വീരാജില്‍ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കി ജയേഷിന് നല്‍കാനും ആദ്യം കേസന്വേഷിച്ച കസബ സിഐ പി. പ്രമോദിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിക്കാനുമാണ് കോടതി തയ്യാറായത്. നീതിന്യായ ചരിത്രത്തില്‍ സ്വര്‍ണാക്ഷരങ്ങളില്‍ രേഖപ്പെടുത്തേണ്ടതാണ് വിധി. കേസില്‍ തുടരന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് എസ്പിയോട് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ജയേഷ് എന്ന തന്റെ പേര് മാറ്റി ജബ്ബാര്‍ എന്നാക്കാന്‍ പോലീസ് ഉത്സാഹിച്ചത് എന്തിനെന്ന് ജയേഷിന് ഇപ്പോഴും മനസ്സിലായിട്ടില്ല. കേസിന്റെ അന്വേഷണത്തിന് വേണ്ടത്ര ചടുലതയുണ്ടാക്കാന് സുന്ദരിയമ്മയുടെ ബന്ധുക്കള്‍ക്കോ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ജയേഷിനോ കഴിയാതിരുന്നതാണ് പോലീസ് മുതലാക്കിയത്. വേണ്ടത് നിയമാധിഷ്ഠിത നീതി എന്ന തലക്കെട്ടില്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ കുറിപ്പിന്റെ മര്‍മ്മം നമ്മുടെ മനസ്സാക്ഷിക്ക് ആത്മവിശ്വാസവും ആശ്വാസവും പകരുന്നതാണ്.
തന്റെ കര്‍മ്മ മണ്ഡലത്തിന്റെ ആത്മാവിന് ജാജ്വല്യമാനമായ പ്രഭയുണ്ടാക്കാന് അക്ഷീണം പരിശ്രമിക്കുന്ന ഒരു മനുഷ്യനെ ഇതില്‍ അങ്ങിങ്ങോളം കാണാം. അദ്ദേഹത്തിലേക്ക്: നമ്മുടെ നീതിക്രമത്തില്‍ പ്രോസിക്യൂഷന് ഉന്നയിക്കുന്ന ആരോപണങ്ങളെയും തെളിവുകളെയും കാര്യമായി അവിശ്വസിക്കേണ്ടതില്ലെന്ന നിഗമനത്തില്‍ പൊതുവേ കേസു കാര്യങ്ങള്‍ നീങ്ങുന്ന കാലമാണിത്. തെളിവുകള്‍ വിശ്വസനീയമല്ലെന്നു കണ്ടാല്‍ പ്രതിക്കു സംശയത്തിന്റെ ആനുകൂല്യം നല്കി വിട്ടയക്കുന്നതോടെ നടപടികള്‍ അവസാനിക്കുകയും ചെയ്യും. ഈ കാഴ്ചപ്പാടില്‍ നിന്നുള്ള വ്യതിയാനമാണ് കോഴിക്കോട്ടെ വിധി. എങ്ങനെയാണ് ഈ വ്യതിയാനം വന്നത്? പോലീസ് ഓഫീസര്‍മാര്‍ തലവേദന തീര്‍ക്കാന്‍ നിരപരാധിയുടെ തലയില്‍ കൃത്രിമ തെളിവുകളുടെ മുള്ളുകിരീടം വെച്ചു കൊടുത്തതുകൊണ്ടു തന്നെ.
ഭാരതത്തിലെയും വിദേശത്തെയും കേസ് നടത്തിപ്പിലെ വ്യത്യാസം പ്രശസ്ത ന്യായാധിപനായിരുന്ന ജസ്റ്റിസ് നാര്വേഷി അനുഭവത്തെ സാക്ഷ്യം നിര്‍ത്തി എഴുതിയത് ശ്രീധരന്‍പിള്ള ഉദ്ധരിക്കുന്നതു നോക്കുക: ഇംഗ്ലീഷ് കുറ്റാന്വേഷകന് ലഭ്യമായ തെളിവുകളുമായി അന്വേഷണം നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു പ്രതിയെ കുടുക്കുമ്പോള്‍ ഇന്ത്യന്‍ കുറ്റാന്വേഷകന് പ്രതിയെ നിശ്ചയിച്ചു തെളിവു പടച്ചുണ്ടാക്കി കേസ് പൂര്‍ത്തിയാക്കുന്നു. ഇങ്ങനെ പൂര്‍ത്തിയാക്കുന്നതിന്റെ അനന്തരഫലമാണ് പോലീസ് ഉദ്യോഗസ്ഥരായ പൃഥ്വിരാജും പ്രമോദും അനുഭവിക്കേണ്ടിവരുന്നത്. കാക്കിയിട്ട മര്ദ്ദനോപാധിയെന്നതില് നിന്ന് മാറി മനുഷ്യസ്നേഹോപാധിയിലേക്ക് ഈ പട കൂടുമാറിയില്ലെങ്കില്‍ ലോക്കപ്പ് മുറിയില്‍, ജയിലില്‍, പ്രത്യേകാന്വേഷണക്യാമ്പില്…. അങ്ങനെയങ്ങനെ പേരറിയുന്നതും അല്ലാത്തതുമായ ഒട്ടേറെയിടങ്ങില് നിരപരാധികളുടെ ചോരത്തുള്ളികള്‍ കട്ടപിടിച്ചുകിടക്കും.
ശ്രീധരപന്പിള്ളയെ പോലുള്ളവരുടെ അശ്രാന്തപരിശ്രമങ്ങള്‍ ഈ കൊടും ക്രൂരതകള്‍ക്ക് ശമനമുണ്ടാക്കുമെന്ന് മനുഷ്യത്വമുള്ളവരൊക്കെ പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. ജഡ്ജി അധിഷ്ഠിത നീതിയും വ്യക്തിനിഷ്ഠ നീതിയും അവലംബിച്ചുകൊണ്ടാവരുത് ക്രിമിനല്‍ കേസ് തീര്‍പ്പുകള്‍ എന്നു സുപ്രീംകോടതി തന്നെ നിഷ്കര്‍ഷിച്ചിട്ടുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുമ്പോള്‍ പ്രാര്‍ത്ഥന സഫലമാവും എന്നു തന്നെ പ്രതീക്ഷിക്കുക. വാസ്തവത്തില്‍ സുന്ദരിയമ്മ കൊലപാതക കേസിന്റെ വിധിയില്‍ പ്രതിഫലിക്കുന്നതും അതു തന്നെയല്ലേ? നീതിദേവത കണ്ണുകെട്ടുന്നതു തന്നെ നിഷ്പക്ഷ നീതി ലഭിക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ബോധ്യപ്പെടട്ടെ എന്നു കരുതിയല്ലേ? നിയമാധിഷ്ഠിത നീതിയാണ് മനുഷ്യനെ മനുഷ്യനായി നിലനിര്‍ത്തുന്നതെന്ന് അതിലൂടെ ഉദ്ഘോഷിക്കുകയല്ലേ? ഇന്ത്യന്‍ ക്രിമിനല്‍ നിയമക്രമത്തിന്റെ ആത്മാവ് കണ്ടെത്തുന്ന തരത്തില്‍ നിയമത്തിന്റെ തലനാരിഴ കീറി പരിശോധിക്കുമ്പോഴും അതിന് ഒരു തരത്തിലുമുള്ള പരിക്കും പറ്റരുതെന്ന് ശഠിക്കുന്ന ശ്രീധരന്‍പിള്ളയെ പോലുള്ളവര്‍ നീതിദേവതയുടെ വത്സല ശിഷ്യരാവുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരമാണ് വേണ്ടത് നിയമാധിഷ്ഠിത നീതി.
പോലീസ് എന്താണെന്നതിന് രണ്ട് അനുഭവസാക്ഷ്യം. വാഹനയാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും അവരുടെ അടുത്തുപോയി വേണം കാര്യങ്ങള്‍ ആരായാനെന്നും ഡിജിപി നിര്‍ദ്ദേശിച്ച വിവരം പത്രത്തില്‍ അച്ചടിച്ചു വന്ന ദിവസം രാത്രി പതിനൊന്നരമണി. സുഹൃത്തിന്റെ സ്കൂട്ടറില്‍ പിന്‍യാത്രക്കാരനായി കോഴിക്കോട്ടെ കല്ലുത്താന്‍കടവില്‍ എത്തിയപ്പോള്‍ പോലീസിന്റെ സ്റ്റോപ്പ് കൈ. വണ്ടി ഓരം ചേര്‍ത്ത് നിര്‍ത്തി. ഞാനിറങ്ങി. സുഹൃത്ത് വണ്ടി സ്റ്റാന്റിലിട്ട് ഇറങ്ങാന്‍ നോക്കുമ്പോള്‍ അപ്പുറത്തുനിന്ന് പോലീസുകാരന്: ”എന്താടാ വരാനിത്ര താമസം…. നിന്റെയൊക്കെ….. അടുത്ത് ചെന്നപ്പോള്‍ ഊതാന്‍ പറഞ്ഞു. ഇടയ്ക്ക് ചോദ്യം: എവിടന്നാ? പത്രത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ പത്രക്കാരനെന്താ കൊമ്പുണ്ടോ എന്ന്. ഒടുവില്‍ ഉം വിട്ടോ എന്നൊരാട്ട്.
സീന്‍ രണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് ജയില്‍ റോഡില്‍ നിന്ന് ബൈപാസിലേക്ക് സ്കൂട്ടര്‍ യാത്ര. ഉച്ച 12 മണി. പോലീസിന്റെ സ്റ്റോപ്പ് കൈ. വണ്ടി ഓരത്തേക്ക്. ലൈസന്‍സ് എടുത്തപ്പോള്‍ അതിനൊപ്പം പത്രത്തിന്റെ ഐഡി കാര്‍ഡ് കണ്ടതും ഏമാന് ചിറയാന്‍ തുടങ്ങി: നിങ്ങള്‍ പത്രക്കാര് നിരന്തരം പോലീസിനെതിരെ പരമ്പര രചിക്കുകയാണ്, അതിനാല്‍ നടപടി എടുക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴാണ് വണ്‍വെ തെറ്റിച്ചതാണ് പ്രശ്നമെന്ന് മനസ്സിലായത്. ട്രാഫിക്കോണ്‍ വെച്ചതറിയാതെ വന്നതാണ് കുഴപ്പമായത്. പോലീസുകാരന് പത്രക്കാരെ മൊത്തം കുറ്റപ്പെടുത്തുകയാണ്.
എന്താ വേണ്ടതെന്ന് ചോദിച്ചപ്പോള്‍ അപ്പുറത്തെ ഓഫീസറോട് പറയാന്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു: പെട്ടെന്ന് ശ്രദ്ധിച്ചില്ല. അതാണ് സംഭവിച്ചത്. വളരെ സൗമ്യനായി അദ്ദേഹം: ശ്രദ്ധിക്കണ്ടേ, അപകടം പറ്റിയിട്ട് പറഞ്ഞിട്ട് കാര്യമുണ്ടോ? അപ്പോള്‍ മറ്റേ പോലീസുകാരന് പറഞ്ഞുകൊണ്ടേയിരിക്കുന്നു: സാര്‍, പത്രക്കാരനാ. നമുക്കെതിരെ നിരന്തരം കഥയെഴുത്താ ഇവരുടെ പരിപാടി. ഓഫീസര്‍ അത് ശ്രദ്ധിച്ചതേയില്ല. ഫൈന്‍ അടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ അദ്ദേഹം പുറത്ത്തട്ടി പറഞ്ഞു: പൊയ്ക്കോളൂ, ശ്രദ്ധിക്കണം. പോലീസ് മനുഷ്യവിരോധികളാകണോ, മര്ദ്ദനോപാധികളാകണോ, മാനവികതയുള്ളവരാവണോ എന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ. മുമ്പ് പല തവണ സൂചിപ്പിച്ചതാണെങ്കിലും ഒരിക്കല്‍ക്കൂടി നാദാപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ എം.ആര്. ബിജുവിനെ ഓര്‍ത്തുപോകുന്നു. കാക്കിക്കുള്ളിലെ കാരുണ്യം അനുഭവിപ്പിച്ചുകൊടുത്ത പോലീസ് ഓഫീസര്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: