ചെന്നൈ: ഇളയദളപതി വിജയിന്റെ പുതിയ സിനിമ ‘കത്തി’ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കത്തുന്നു. സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്നാവശ്യപ്പെട്ട് ഇന്നലെ തീയറ്ററുകള്‍ക്കുനേരെ ബോംബേറുണ്ടായി. സംഭവവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്തു. തന്തൈ പെരിയാര്‍ ദ്രാവിഡാര്‍ കഴഗം പാര്‍ട്ടി അംഗങ്ങളെയാണ് അറസ്റ്റ് ചെയ്തത്.
ചിത്രം പ്രദര്‍ശിക്കുന്നതിനെതിരെ നിരവധി തമിഴ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നത്. സിനിമയുടെ ചിത്രീകരണം മുതല്‍ ആരംഭിച്ചതാണ് പ്രതിഷേധം. 2009-ല്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ ആഭ്യന്തര യുദ്ധത്തില്‍ നിരവധി തമിഴരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദി മഹീന്ദ രജപക്‌സെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടത്തുന്നത്.
അയ്യങ്കാര്‍ ഇന്റര്‍നാഷണല്‍, ലൈക പ്രൊഡക്ഷന്‍ എന്നീ നിര്‍മ്മാണ കമ്പനികളാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതില്‍ ലൈക പ്രൊഡക്ഷന്‍സിന് രജപക്‌സെയുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്ന് നിര്‍മ്മാതാക്കളുടെ പേര് മാറ്റണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം ശക്തിപ്പെടുത്തുമെന്നാണ് പ്രതിഷേധക്കാര്‍ അറിയിച്ചിരിക്കുന്നത്.
ഇന്നലെ തീയറ്ററിനുനേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പോലീസ് രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് തമിഴ്‌നാട് തീയറ്റര്‍ അസോസിയേഷന്‍ അറിയിച്ചു. ദീപാവലി ചിത്രമായി എത്തുന്ന കത്തി തമിഴ്‌നാട്ടിലെ 440 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: