സപ്തംബര്‍ 25ന് സ്വര്‍ഗ്ഗീയ ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മദിനത്തില്, ഏകാത്മ മാനവ ദര്‍ശനം സിദ്ധാന്തവും പ്രയോഗവും എന്ന ഡോ. ബി. വിജയകുമാറിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ ബിജെപി സംസ്ഥാന സമിതിയംഗം സന്തോഷ് അറയ്ക്കനുമൊത്ത് കോട്ടയത്തിന് പോയിരുന്നു.
വിജയകുമാറിന്റെ പിഎച്ച്ഡിക്കുള്ള ഗവേഷണ പ്രബന്ധത്തിന്റെ മലയാളം പുനരാഖ്യാനമാണ് പുതിയ പുസ്തകം. കേരളത്തിലെ സംഘടന പ്രവര്‍ത്തകരില്‍ ദീനദയാല്‍ജിയുമായി ഏറ്റവും അടുത്ത് അറിയാവുന്നവരില് ഒരാളായ കെ. രാമന്‍പിള്ളയും പ്രാന്ത സഹ കാര്യവാഹ് ശങ്കരരാമും, ഗവേഷണത്തിന് മാര്‍ഗ്ഗദര്‍ശിയായിരുന്ന ഡോ. തോമസ്കുട്ടി ഡി.എസ്.സിയുമായിരുന്നു യോഗത്തില്‍ സംസാരിച്ചത്.
വളരെ പ്രബുദ്ധമായ സദസ്സിന് തികച്ചും സംതൃപ്തി തരുന്നതായിരുന്നു പരിപാടി. ഏകാത്മ മാനവദര്‍ശനത്തെ കേരളീയര്‍ക്കു പരിചയപ്പെടുത്തുന്ന വിലപ്പെട്ട മൗലിക രചന എന്ന നിലയ്ക്ക് അത് പ്രാധാന്യമര്‍ഹിക്കുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും അതിന് പതിപ്പുകള്‍ ഉണ്ടാകുന്നത് നന്നായിരിക്കും.
കോട്ടയത്തു പോയതും തിരികെ വന്നതും സന്തോഷിന്റെ ഒരു സുഹൃത്തിന്റെ കാറിലായിരുന്നു. യാത്രക്കിടയില്‍ തലേന്നു വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയ മംഗള്‍യാനും ചര്‍ച്ചാവിഷയമായി. സ്വാഭാവികമായും പ്രധാനമന്ത്രി നരേന്ദ്രമോദി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് ”മോം മംഗള്‍ തക് പഹൂംചാ മംഗള്‍ കോ മോം മില്‍ഗയ” എന്നു പറഞ്ഞതിലെ സ്വാരസ്യം ഞാന്‍ പറഞ്ഞു. ”മോം (മാര്‍സ് ഓര്‍ബിറ്റ് മിഷന്)” എന്നാല്‍ അമ്മയെന്നും താല്‍പ്പര്യമുണ്ടല്ലോ. ചൊവ്വയുടെ അമ്മയായാണ് ഭൂമിയെ കണക്കാക്കുന്നതെന്ന കാര്യമാണ് മോദി സൂചിപ്പിച്ചതെന്നും, ലോകത്തിന് പൂജ്യം നല്കിയ പ്രാചീന ഋഷിവര്യന്മാരെയും ജ്യോതിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ആര്യഭടനും ഭാസ്കരാചാര്യരും മറ്റും നല്കിയ സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞതും ഞാന്‍ സൂചിപ്പിച്ചു.
സംഘത്തില്‍ ആദ്യം ചൊല്ലിയിരുന്ന പ്രാതഃസ്മരണയിലെ
ബ്രഹ്മാമുരാരിസ്ത്രിപുരാന്തകാരി
ഭാനുഃശശീഭൂമിസുതൗബുധശ്ച
ഗുരുശ്ച ശുക്രഃശനി രാഹുകേതുവാഃ
കുര്‍വ്വന്തു സര്‍വ്വേ മമ സുപ്രഭാതം എന്ന ശ്ലോകം ഓര്‍ത്തു. അതില്‍ കുജ (മംഗള്‍, ചൊവ്വ)നെ ഭൂമിസുതന്‍ എന്നാണല്ലോ പരാമര്‍ശിക്കുന്നത്. ഇക്കാര്യങ്ങള്‍ പറയുന്നതിനിടെ കാറിന്റെ ഉടമസ്ഥന് തന്റെ ഒരു അനുഭവം പറഞ്ഞു. അദ്ദേഹം സാധാരണ ഇരിഞ്ഞാലക്കുടയിലെ വൈദികനും, ജ്യോതിഷിയുമായ ഒരു സോമയാജിപ്പാടിനെ കാണാന്‍ പോയിരുന്നുവത്രെ. ആ സമയത്ത് സോമയാജിപ്പാട് ആരോടോ മംഗള്‍യാനെപ്പറ്റി ഫോണില്‍ സംസാരിക്കുകയായിരുന്നു.
അങ്ങേത്തലയ്ക്കല്‍ ഇസ്രോയുടെ തലവന്‍ ഡോ. രാധാകൃഷ്ണനും 50 ഓളം ശാസ്ത്രജ്ഞരുമാണ്. മംഗള്‍യാനിന്റെ തയ്യാറെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ അദ്ദേഹവുമായി പരാമര്‍ശം നടത്തിയതിന്റെ വിവരങ്ങളായിരുന്നു സംസാരവിഷയം. അതിന്റെ യാത്രയില്‍ രണ്ടു മൂന്നു തവണ പഥത്തിന് വ്യതിയാനമുണ്ടാകുമെന്നും അതു തിരുത്തണമെന്നും സോമയാജിപ്പാടു പറഞ്ഞുവത്രേ. അക്കാര്യം ഞാന്‍ മറന്നുപോയിരുന്നു.
ഉപഗ്രഹ വിക്ഷേപണത്തിന് മുമ്പ് ഭൂമിപൂജയും ഗണപതിഹോമവും ചൊവ്വാദോഷ പരിഹാരക്രിയകളും മറ്റും നടത്തിയതിനെ ആക്ഷേപിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് അപ്പോള്‍ ഞാന്‍ ഓര്‍ത്തു. കുതിച്ചുയരാന്‍ നില്ക്കുന്ന വിക്ഷേപണ വാഹനത്തിന് മുന്നില്‍ തേങ്ങായെറിയുന്നത് മുമ്പും പരിഹാസ വിഷയമായിരുന്നു. അത്തരം അനുഷ്ഠാനങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും സായിപ്പന്മാര് ഷാംപെയിന് കുപ്പി പൊട്ടിക്കുന്നത് അവരുടെ സംസ്കാരമാണെന്നും സമാധാനിക്കാം. എന്നാല്‍ മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ ഒരു വല്ലംകുട്ട നിറയെ തേങ്ങയും അടുത്തുതന്നെ കയ്യില്‍ തേങ്ങയുമായി എറിയാന്‍ നില്ക്കുന്ന ഡോ. രാധാകൃഷ്ണന്റേയും ഫോട്ടോ ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച തു കണ്ടു.
ഭാരതത്തിലെ ശാസ്ത്രസാങ്കേതിക രംഗത്തെ മുന്‍നിരക്കാരനായി അദ്ദേഹവും തികച്ചും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ അനുഷ്ഠാനത്തില്‍ ഏര്പ്പെട്ടതായേ തോന്നിയുള്ളൂ. അതില്‍ എന്തെങ്കിലും അപാകതയുള്ളതായി തോന്നിയില്ല. 1967-ലെ സപ്തകക്ഷി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് രാഹുകാലം കഴിയാന്‍ നിയുക്ത മുഖ്യമന്ത്രി ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടു കാത്തുനിന്നല്ലോ.
ജ്യോതിഷ വിശ്വാസം ഹിന്ദുക്കളുടെ മാത്രം സവിശേഷതയല്ല. ജ്യോതിഷികളുടെ ആസ്ഥാനങ്ങളില്‍ ക്യൂ നില്ക്കുന്നവരില് ഭൂരിപക്ഷവും ഇതരമതസ്ഥരാണെന്നു കാണാം. ദൃശ്യമാധ്യമങ്ങളിലെ ജ്യോതിഷ പംക്തി തന്നെയായിരിക്കും ഏറ്റവും റേറ്റിംഗുള്ള പരിപാടികള്‍. എന്റെ അച്ഛന്റെ സുഹൃത്ത് ഒരു കുട്ടന്‍പിള്ള ആശാനുണ്ടായിരുന്നു. എന്റെ ജാതകമെഴുതിയത് ആശാനായിരുന്നു. ചെറുപ്പകാലത്തും അദ്ദേഹം വീട്ടില്‍ വന്ന് സംസാരിച്ച അനുഭവങ്ങള്‍ കേട്ടിരിക്കാന്‍ രസകരമായിരുന്നു.
ഒരു കാലത്ത് കോട്ടയത്തെ ഏറ്റവും വലിയ ധനാഢ്യനും, വ്യവസായിയും, പത്രമുടമയും, തോട്ടമുടമയും ആയിരുന്ന എ.വി. ജോര്‍ജ്ജായിരുന്നു സംഭാഷണവിഷയം. ആശാനും അദ്ദേഹവുമായി സന്ദര്‍ഭവശാല്‍ ജ്യോതിഷത്തിന്റെ വിശ്വാസ്യതയെപ്പറ്റി തര്‍ക്കമായി. അദ്ദേഹത്തിന്റെ ദിവസഫലം വച്ചുള്ള ജാതകം എഴുതിക്കൊടുത്താണ് പരീക്ഷണം നടന്നത്. കഴിഞ്ഞകാല ഫലങ്ങള്‍ ശരിയായിരുന്നു. ഭാവി പ്രവചനത്തില്‍ ജോര്‍ജ്ജിന്റെ ഭാര്യയ്ക്ക് കാരാഗ്രഹയോഗം എഴുതി. അത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 1959-ലെ വിമോചന സമരക്കാലത്ത് ഒരു ദിവസത്തെ പിക്കറ്റിംഗ് കോട്ടയത്തെ പ്രമുഖരായ വനിതകളുടെ വകയായിരുന്നു. അവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. എല്ലാവര്ക്കും തടവ്ശിക്ഷ കിട്ടി. ജോര്‍ജ്ജ് വീട്ടില്‍ ചെന്ന് ജാതകം നോക്കിയപ്പോള്‍ ആശാന് പറഞ്ഞ ദിവസം തന്നെയായിരുന്നു അത്. അദ്ദേഹം ആശാനെ ക്ഷണിച്ചുവരുത്തി അന്നത്തെ നിലയ്ക്ക് വലിയൊരു തുക പാരിതോഷികം നല്കി.
കുട്ടന്പിള്ളയാശാന് കോട്ടയത്തുനിന്നും നാട്ടില്‍ വന്നപ്പോള്‍ അച്ഛനോടു പറഞ്ഞ വിവരമാണിത്.
തിരുവനന്തപുരത്ത് വെട്ടിമുറിച്ച കോട്ടയുടെ കഥ ജ്യോതിഷവുമായി ബന്ധപ്പെട്ടതാണത്രെ. പത്മനാഭസ്വാമി ക്ഷേത്രം പുതുക്കിപണിത് ചുറ്റും കോട്ട കെട്ടി ഭദ്രമാക്കിയ ശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കിഴക്കേകോട്ട വാതില്ക്കല് കൂടിയാക്കി. ഒരിക്കല്‍ അദ്ദേഹത്തെ മുഖം കാണിക്കാന്‍ വന്ന പണ്ഡിതരുടെ കൂടെ ഒരു ജ്യോത്സ്യനുമുണ്ടായിരുന്നു. സംഗതിവശാല്‍ എല്ലാ കാര്യങ്ങളും കൃത്യമായി പ്രവചിക്കാന്‍ കഴിയുമെന്ന് അയാള്‍ രാജാവിനോടു പറഞ്ഞു. പിറ്റേന്നു താന്‍ ഏതു വഴി കോട്ടയ്ക്കകത്ത് കടക്കും എന്നു പറയാനായിരുന്നു രാജകല്പ്പന. ”ആ സമയത്ത് അടിയന് ഉണര്ത്തിച്ചുകൊള്ളാം” എന്നു ജ്യോത്സ്യനും പറഞ്ഞു. പിറ്റേന്നു രാവിലെ രാജാവ് കിഴക്കേകോട്ട വാതിലില്‍ നിന്നും കുറേ തെക്കോട്ടു ചെന്നു, അവിടെ കോട്ട പൊളിക്കാന്‍ കല്പ്പിച്ചു.
പൊളിച്ച് അകത്ത് കടന്നപ്പോള്‍ അവിടെ ഒരു ഓലക്കഷ്ണം കല്ലിനടിയില്‍ കാണപ്പെട്ടു. അതെടുത്ത് വായിച്ചു നോക്കിയപ്പോള്‍ ”ഇതിലേ എഴുന്നള്ളും” എന്ന് എഴുതിയതു കണ്ടു. രാജാവ് അയാള്‍ക്ക് സമ്മാനം കൊടുത്തു എന്ന് പറയേണ്ടതില്ലല്ലോ. അന്ന് വെട്ടിമുറിച്ച കോട്ടവാതിലിന് ഇന്നും പേര് വെട്ടിമുറിച്ച കോട്ട എന്നുതന്നെ. (കഥ ഐതിഹ്യമാലയില്‍ നിന്ന്).
എല്‍.കെ. അദ്വാനിജിയുടെ ആത്മകഥ ”മൈ കണ്ട്രി മൈ ലൈഫ്” എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു ഭാഗവും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും മന്ത്രിസഭയിലും മറ്റും അനിശ്ചിതത്വം വരുമ്പോഴുമെല്ലാം ജ്യോത്സ്യന്മാര്ക്ക് കൊയ്ത്തുകാലമായിരിക്കും. അദ്വാനിജി ഒരു അനുഭവം വിവരിക്കുന്നു. മഹാരാഷ്ട്രവിധാന് പരിഷത്തിലും, ലോക്സഭയിലും ദീര്‍ഘകാലം അംഗമായിരുന്ന ജനസംഘം നേതാവ് ഡോ. വിജയകുമാര്‍ പണ്ഡിത് പ്രസിദ്ധനായ ജ്യോതിഷ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ ഡോക്ടറേറ്റും ആ വിഷയത്തില്‍ തന്നെ. കൊയിലാണ്ടിക്ക് സമീപം അര്ജ്ജുനന്കുന്നിലെ ഹൈസ്കൂളിന്റെ ട്രസ്റ്റിയുമായിരുന്നു ഡോ. പണ്ഡിറ്റ്. സംഗതി അദ്വാനിജി ഇങ്ങനെ വിവരിക്കുന്നു; തനിക്ക് ജ്യോതിഷത്തിലും പ്രവചനത്തിലും വിശ്വാസമില്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയ ശേഷം 1975 ജൂണ്‍ 12ന് നടന്ന രണ്ട് സംഭവങ്ങള്‍ രാജ്യത്തിന്റെ രാഷ്ട്രീയത്തിന്റെ ദിശ തിരിച്ചുവിടുന്നവയായിത്തീര്ന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. അതും കോണ്‍ഗ്രസിന് കനത്ത ആഘാതമേല്‍പ്പിച്ചു. രണ്ടാമത്തേത് തികച്ചും ഐതിഹാസികമായി. അലഹബാദ് ഹൈക്കോടതി, ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പിനെ അസാധുവാക്കാന്‍ രാജ് നാരായണന് നല്കിയ ഹര്‍ജ്ജിയില്‍ വിധി പറഞ്ഞു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നു പ്രഖ്യാപിച്ച ജ. ജഗ്മോഹന്‍ലാല്‍ സിന്‍ഹ മൂന്നു കാര്യങ്ങളില്‍ തെറ്റായ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍, സര്‍ക്കാര്‍ സംവിധാനത്തിന്റെ ദുരുപയോഗം, പരിധിയില്‍ കവിഞ്ഞ ചെലവ് എന്നീ കുറ്റങ്ങള്‍ക്ക് അവരുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ആറു വര്‍ഷത്തേക്ക് മത്സരിക്കുന്നത് വിലക്കുകയും ചെയ്തു.
ഈ സംഭവ വികാസങ്ങള്‍ രാജ്യമങ്ങോളമിങ്ങോളം കോണ്‍ഗ്രസില്‍ നടുക്കത്തിന്റെ അലയടികള്‍ സൃഷ്ടിച്ചു. അതേ സമയം മറ്റ് കക്ഷികളില്‍ ആഹ്ലാദമുണ്ടാക്കി. ഉടന്‍തന്നെ ജനസംഘത്തിന്റെ നിര്‍വ്വാഹക സമിതി മൗണ്ട് അബുവില്‍ ചേര്‍ന്നു. പ്രാതലിനുശേഷം സൊറ പറയുന്നതിനിടെ ഞാന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സമിതി അംഗമായ ഡോ. പണ്ഡിറ്റിനോട് അങ്ങയുടെ നക്ഷത്രങ്ങള്‍ എന്തു പറയുന്നു എന്ന് അന്വേഷിച്ചു. അദ്ദേഹത്തിന്റെ ഉത്തരം എന്റെ അന്വേഷണത്തിന്റെ സ്വരത്തിലെ നര്‍മത്തെ ഉച്ചാടനം ചെയ്തു. അദ്ദേഹം പറഞ്ഞു, അദ്വാനിജി തുറന്നുപറഞ്ഞാല്‍ എനിക്ക് പിടികിട്ടുന്നില്ല എന്റെ മതിപ്പ് എന്നെത്തന്നെ കുഴയ്ക്കുന്നു. എന്താണിതിന്റെ അര്‍ത്ഥമെന്ന് ഞാന്‍ അന്വേഷിച്ചു. അദ്ദേഹത്തിന്റെ ഉത്തരം അസന്നിഗ്ദ്ധമായിരുന്നു.
ഗ്രഹനില നോക്കുമ്പോള്‍ നാമെല്ലാം രണ്ടുവര്‍ഷത്തെ തടവിലാകുമെന്നാണ് കാണുന്നത്. അപ്പോള്‍ ആ തടവ് എങ്ങനെ വരുമെന്ന് ആര്‍ക്കും പിടികിട്ടിയില്ല. പക്ഷേ മാസങ്ങള്‍ക്കകം അത് സംഭവിച്ചു.
യുക്തിവാദികള്‍ക്കും വെറുതെ തള്ളിക്കളയാവുന്ന ഒന്നല്ല ജ്യോതിഷ പ്രവചനം. പ്രവചനം തെളിയിക്കാന്‍ യുക്തിവാദി എം.ടി. കോവൂര്‍ ഒരു ലക്ഷം രൂപ പന്തയം വച്ചത് സ്വീകരിച്ച എം.പി. നാരായണപിള്ളയെ നേരിടാനാകാതെ അദ്ദേഹം തടിതപ്പിയത് ഈയവസരത്തില്‍ ഓര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: