നായകന്മരുടെ തല്ലും ഇടിയും മാത്രം കൊള്ളാനുള്ളതാണോ വില്ലനായി മുദ്രകുത്തപ്പെടുന്ന ഒരു നടന്റെ ജന്മം. കാലങ്ങളായി അത് അങ്ങനെതന്നെയാണ്. രണ്ട് സിനിമയില്‍ വില്ലനായാല്‍ തേടിയെത്തുന്നതെല്ലാം വില്ലന്‍ ടച്ചുള്ള കഥാപാത്രങ്ങള്‍.
ബ്രാന്‍ഡ് ചെയ്യപ്പെട്ടാല്‍ അതില്‍ തളച്ചിടപ്പെടുപോകും. ആ ഇമേജില്‍ നിന്നും രക്ഷപെട്ടവരുടെ എണ്ണം എടുത്താല്‍ വിരലുകളില്‍ എണ്ണിത്തീര്‍ക്കാം. അങ്ങനെ വില്ലനായി മാത്രം അഭിനയിക്കാന്‍ വിധിക്കപ്പെട്ട നടനെന്ന ഇമേജ് തിരുത്തുകയാണ് കൊല്ലം അജിത്ത്. കോളിങ് ബെല്‍ എന്ന ചിത്രത്തിനുവേണ്ടി സ്വന്തമായി തിരക്കഥ രചിച്ച് സംവിധായകന്റേയും നായകന്റേയും വേഷത്തില്‍ എത്തുന്ന കൊല്ലം അജിത്തിന്റെ വിശേഷങ്ങളിലേക്ക്.
അഭിനയിക്കണമെന്ന് മോഹിച്ചല്ല അജിത് വിഖ്യാത സംവിധായകന് പത്മരാജന്റെ അടുത്തെത്തുന്നത്. 1975- 80 കാലഘട്ടത്തില്‍ സിനിമയെന്ന മാധ്യമത്തെ ഇഷ്ടപ്പെട്ട് നടന്നകാലം. സംവിധായകന് ആവണമെന്ന മോഹത്തോടെ, പത്മരാജന്റെ ശിഷ്യനാവാന്‍ എത്തിയതായിരുന്നു അജിത്ത്. റെയില്‍വേ സ്റ്റേഷന് മാസ്റ്ററായിരുന്നു അജിത്തിന്റെ അച്ഛന്. വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തൊടുവില്‍ മക്കളുടെ വിദ്യാഭ്യാസത്തെ കരുതി കൊല്ലം കടപ്പാക്കടയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.
കൊല്ലത്ത് കാമ്പിശ്ശേരി കരുണാകരന് അധികാരിയായിട്ടുള്ള ക്ലബ്ബിലൂടെയാണ് കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. അവിടെനിന്നും ഇഷ്ടസംവിധായകനെ തേടിച്ചെന്നപ്പോള്‍ മനുഷ്യത്വപരമായ സമീപനത്തോടെയുള്ള സ്വീകരണം. സംവിധാനം പഠിക്കാനാണ് എത്തിയതെന്ന് അറിയിച്ചപ്പോള്‍ കെ.മധു, സുരേഷ് ഉണ്ണിത്താന് തുടങ്ങി നിരവധി സംവിധാന സഹായികളെ ചൂണ്ടിക്കാട്ടി ഒഴിവു വരുമ്പോള്‍ വിളിക്കാമെന്നുള്ള മറുപടിയാണ് പത്മരാജന് നല്‍കിയത്. അവിടെ നിന്നും നിരാശനായി മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു പിന്‍വിളി.
അജിത്തിന് അഭിനയിച്ചുകൂടെയെന്നൊരു ചോദ്യവും. ഇടയ്ക്കൊക്കെ ഫുട്ബോള്‍ കളിക്കും എന്നല്ലാതെ തനിക്ക് അഭിനയം വശമില്ല എന്ന മറുപടി നല്കി അജിത്ത്. നിനക്ക് അഭിനയിക്കാന്‍ സാധിക്കും. അടുത്ത പടത്തില്‍ നല്ല റോള്‍ തരാം. ഇതുപറഞ്ഞ് അദ്ദേഹത്തിന്റെ ലാന്റ് ലൈന്‍ നമ്പര്‍ കുറിച്ചുകൊടുത്തു. നാളേറെ കഴിഞ്ഞ് പത്മരാജന് സാറിനെ വിളിച്ചു. ഒരിക്കല്‍ മാത്രം കാണുകയും സംസാരിക്കുകയും ചെയ്ത അജിത്തിനെ അദ്ദേഹം മറന്നിരുന്നില്ല, കൊടുത്ത വാക്കും. തിരുവനന്തപുരത്തെ ഹോട്ടല്‍ താരയിലെത്താന് പറഞ്ഞു. അനുസരിച്ചു.
അന്നവിടെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ആ ചിത്രത്തില്‍ ഒരു ചെറിയ വേഷം. അതില്‍ തുടങ്ങിയതാണ് അജിത്തിന്റെ അഭിനയം. തന്നെ അഭിനയത്തിലേക്ക് തിരിച്ചുവിട്ടത് പത്മരാജനാണെന്ന് അഭിമാനത്തോടെ പറയുന്നു അജിത്ത്. പിന്നീട് പത്മരാജന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു പത്മരാജന്. 1989 ല്‍ പുറത്തിറങ്ങിയ അഗ്നിപ്രവേശം എന്ന ചിത്രത്തില്‍ നായകനുമായി അജിത്ത്. പക്ഷേ ചെയ്തത് ഏറെയും വില്ലന്‍ വേഷങ്ങള്‍. മികച്ച വില്ലന്‍ വേഷങ്ങള്‍ കൈകളിലെത്തിയിട്ടും അവസാന നിമിഷം വഴുതിപ്പോയ നിരവധി അനുഭവങ്ങളുമുണ്ട്. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ച വില്ലന്‍ വേഷം അവസാന നിമിഷം നഷ്ടപ്പെടുകയായിരുന്നു.
ആ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന് വേണ്ടി ആദ്യം നിശ്ചയിച്ചത് സുരേഷ്ഗോപിയെയായിരുന്നു. മറ്റൊരു ചിത്രത്തില്‍ നായകവേഷം കിട്ടിയപ്പോള്‍ ഇരുപതാം നൂറ്റാണ്ടില്ലെ വേഷം സുരേഷ്ഗോപി ഉപേക്ഷിച്ചു. ലാലു അലക്സിനെ വില്ലനാക്കാന്‍ തീരുമാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞതിനാല്‍ വില്ലന്‍ വേഷം തത്കാലം സ്വീകരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു.
ഒടുവില്‍ ഗാനരചയിതാവ് ചുനക്കര രാമന്‍കുട്ടിയാണ് അജിത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. എന്നാല്‍ സുരേഷ് ഗോപിക്ക് തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഭാഗ്യം കിട്ടിയത്. ന്യൂദല്‍ഹി എന്ന ചിത്രത്തിലും പ്രധാന വില്ലന്റെ വേഷത്തില്‍ അഭിനയിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു. അങ്ങനെ ചെറുതും വലുതുമായ വില്ലന്‍ വേഷങ്ങള്‍. ഇതിനിടയിലെപ്പോഴോ ആണ് മനസ്സില്‍ ആദ്യം തോന്നിയ സംവിധായകനാവണമെന്ന മോഹം വീണ്ടും തലപൊക്കുന്നത്. തന്നിലെ സംവിധായകനെ താന്‍ തന്നെ തട്ടിയുണര്ത്തുകയായിരുന്നുവെന്ന് അജിത്ത് പറയുന്നു.
തീവ്രവാദിയുടെ കഥ പറയുന്ന ബ്ലാക്ഫെയര് എന്ന ചിത്രം മൂന്ന് വര്‍ഷം മുമ്പ് പ്ലാന്‍ ചെയ്ത് പൂജ നടത്തിയെങ്കിലും മുന്നോട്ട് പോയില്ലെന്ന് അജിത് പറയുന്നു. അന്ന് ആ ചിത്രത്തിന്റെ പൂജ നിര്‍വഹിച്ചത് അനശ്വര നടന് തിലകനായിരുന്നു. ആചിത്രത്തിന്റെ കഥയും സ്വന്തം രചനതന്നെ.
സ്വന്തം കഥയല്ലാതെ മറ്റാരുടേയും കഥ സംവിധാനം ചെയ്യില്ലെന്ന നിലപാടിലാണ് അജിത്ത്. സിനിമയുടെ ശക്തിയെന്നത് തിരക്കഥ തന്നെയാണ്.
തിരക്കഥാകൃത്ത് മതി സിനിമ സംവിധാനം ചെയ്യാന്‍. തിരക്കെഥയിലുള്ളത് സംവിധായകന്റെ കണ്ണിലൂടെ ആവിഷ്കരിക്കപ്പെടുന്നതാണ് സിനിമ. സംവിധാന കല വശമില്ലാത്ത തിരക്കഥാകൃത്തിനും അനുഭവ സമ്പന്നനായ ക്യാമറാമാന്റെ സഹായത്തോടെ സിനിമ സംവിധാനം ചെയ്യാന്‍ സാധിക്കും. കഥയെഴുതി സംവിധാനം ചെയ്യുന്നയാളാണ് യഥാര്‍ത്ഥ സംവിധായകനെന്നും അജിത്ത് പറയുന്നു.
അജിത്ത് സംവിധാനം നിര്‍വഹിക്കുന്ന കോളിങ്ബെല്‍ സാമൂഹിക പ്രസക്തമായ ഒട്ടനവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സമൂഹത്തിന് എന്ത് നല്കാന് സാധിക്കും എന്നാണ് സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ താന്‍ ചിന്തിച്ചത്.
തെരുവിലുപേക്ഷിക്കപ്പെടുന്ന ചോരക്കുഞ്ഞുങ്ങളെ എടുത്ത് അനാഥാലയങ്ങളില്‍ എത്തിക്കുന്ന കള്ളന്റെ കഥയാണ് കോളിങ്ബെല്‍ പറയുന്നത്. നിര്‍ധനരായ യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുന്നതിനായി മോഷണം നടത്തുന്ന കള്ളനെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കൊച്ചുണ്ണിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മനസ്സില്‍ നന്മയുളള ഒരു കള്ളനിലൂടെ സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കുകയാണ് ഈ ചിത്രത്തിലൂടെ. അഹങ്കാരവും ആര്‍ഭാടവും ഇല്ലാത്ത സിനിമയെന്നാണ് കോളിങ് ബെല്ലിനെക്കുറിച്ച് അജിത്ത് പറയുന്നത്. ചെലവ് തീരെ കുറച്ച് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സുഹൃത്തായ റിനോ രാജനാണ്.
കോളിങ്ബെല്ലിന്റെ കഥ പറഞ്ഞപ്പോള്‍ ആ സിനിമയുമായി മുന്നോട്ട് പോകാന്‍ പ്രചോദനം നല്‍കിയത് തനിക്ക് ഗുരുതുല്യനായ ചുനക്കര രാമന് കുട്ടിയാണെന്ന് അജിത്ത് പറയുന്നു.
അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. അഷറഫ് മംഗലശ്ശേരിയാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. വില്‍സ്വരാജ്, രഹ്ന എന്നിവരാണ് ആലാപനം. കോഴിക്കോട്, കുമരകം, കൊച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. ചിത്രീകരണം നേരത്തെ പൂര്‍ത്തിയായെങ്കിലും സാറ്റലൈറ്റ് റൈറ്റ് പ്രശ്നത്തില്‍ അകപ്പെട്ടതിനാണ് റിലീസിങ് വൈകിയത്.
ഇപ്പോള്‍ സിനിമ മേഖലയില്‍ പ്രൊഡക്ഷന്‍ കുറവാണ്. പല നടന്മാരും വീട്ടിലിരിക്കേണ്ട അവസ്ഥ. ന്യൂജനറേഷന് സിനിമകളോട് താത്പര്യമില്ലെന്ന് പറയുന്ന അജിത്ത് അത്തരം ചിത്രങ്ങളില്‍ രണ്ടോ മൂന്നോ താരങ്ങള്‍ക്കാണ് പ്രാധാന്യം. അച്ഛന്, അമ്മ തുടങ്ങിയ കഥാപാത്രങ്ങളൊന്നും ഉണ്ടാവില്ല. പലതാരങ്ങള്‍ക്കും അവസരം നഷ്ടപ്പെടാന്‍ കാരണങ്ങളിലൊന്നും ഇതാണ്. ചെറിയ ബജറ്റില്‍ നിലവാരമുള്ള ചിത്രങ്ങളാണ് ഉണ്ടാവേണ്ടതെന്നാണ് അജിത്തിന്റെ അഭിപ്രായം. കോളിങ്ബെല്ലില്‍ ദേവന്, മാമുക്കോയ, കലാഭവന്‍ ഷാജോണ്‍, മണിക്കുട്ടന്, കൊച്ചുപ്രേമന്, ചെമ്പില്‍ അശോകന്, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ശാലു കുര്യന്, വൃന്ദ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
സിനിമയില്‍ നല്ലൊരു വേഷം കിട്ടുകയെന്നതാണ് പ്രധാനം. വില്ലനെ നായകനായി സങ്കല്പ്പിക്കാന് സാധിക്കുന്നില്ല. ഈ ചിന്താഗതി മാറണം. വില്ലന്‍ വേഷങ്ങളില്‍ നിന്ന് ഹാസ്യതാരമായോ ഹാസ്യതാരത്തില്‍ നിന്ന് നായക കഥാപാത്രമായോ മാറിയവര്‍ വളരെ കുറവാണ്. വില്ലനാവാന്‍ എന്നെ കിട്ടില്ല എന്ന് തീരുമാനിച്ചാല്‍ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വരും. അഭിനയം എന്റെ ചോറാണ്. അതിനാല്‍ത്തന്നെ വില്ലന്‍ വേഷമാണെങ്കിലും ചെയ്യും. ജീവിതത്തിലും ഒരു വില്ലനാണെന്ന ധാരണയില്‍ പലരും തന്നോട് അടുക്കാന്‍ മടികാണിക്കാറുണ്ടെന്ന പരിഭവവും അജിത്തിനുണ്ട്.
മികച്ച വില്ലന്‍ വേഷങ്ങള്‍ തേടിയെത്തിയിട്ടും സ്വീകരിക്കാന്‍ കഴിയാതെപോയെ നിര്‍ഭാഗ്യവാനായ നടനാണ് താനെന്ന് അജിത്ത്. ഞാന്‍ ഗന്ധര്വന് സിനിമയുടെ എഡിറ്റിങ് ജോലികള്‍ക്കിടയിലാണ് പത്മരാജനെ അവസാനമായി കണ്ടത്. തന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ അജിത്തിന് നല്ലൊരു റോള്‍ കരുതിവച്ചിട്ടുണ്ടെന്നും അതിനായി തടിയൊക്കെ കുറയ്ക്കണമെന്നും ഉപദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ വിരിഞ്ഞ ചിത്രത്തില്‍ അത്ലറ്റ് കോച്ചിന്റെ വേഷമായിരുന്നു എനിക്കായി കരുതിയിരുന്നത്. പക്ഷേ പിന്നീട് കേള്‍ക്കുന്നത് പപ്പേട്ടന്റെ വിയോഗ വാര്‍ത്തയാണ്. ഒരു പക്ഷേ ആ ചിത്രം യാഥാര്‍ത്ഥ്യമായെങ്കില്‍ തന്റെ തലേവരതന്നെ മറ്റൊന്നാകുമായിരുന്നു. എന്നാലിപ്പോള്‍ തന്റെ കഴിവ് തെളിയിക്കാനുള്ള പാത സ്വയം വെട്ടിത്തുറന്ന് എടുത്തിരിക്കുകയാണെന്നും അജിത്ത് പറയുന്നു. മനസ്സില്‍ ആദ്യം രൂപപ്പെട്ടത് ബ്ലാക്ഫെയറിന്റെ കഥയാണ്. ആരും തന്നെപ്പോലെയാകരുത് എന്ന് ലോകത്തോട് വിളിച്ചുപറയുന്ന, തൂക്കിലേറ്റപ്പെടുന്ന തീവ്രവാദിയുടെ കഥയാണിതിന്റെ പ്രമേയം. ആ കഥയും അധികം വൈകാതെ സിനിമയാക്കണമെന്നാണ് മോഹം. കാക്കനാട് വാഴക്കാലയിലാണ് അജിത്ത് താമസിക്കുന്നത്. പ്രമീളയാണ് ഭാര്യ. മകള്‍ ശ്രീക്കുട്ടി പ്ലസ്ടുവിനും മകന് ശ്രീഹരി ഒമ്പതാം ക്ലാസിലും പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: