ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നവംബര്‍ ആറിന് കേന്ദ്ര കൃഷി മന്ത്രി ജില്ല സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ഇതിനു മുമ്പ് കൃഷിക്കാരുടെ ആവശ്യപ്രകാരമുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കാനും എംപി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്താനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ഉദ്യോഗ്ഥര്‍ തയാറാക്കുന്നത് പാടശേഖരസമിതികളുമായും ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായി ചര്‍ച്ചചെയ്ത് കര്ഷകതാല്പര്യമനുസരിച്ചാകും. കുട്ടനാട് പാക്കേജില്‍പ്പെടുത്തി പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മ്മിക്കുന്നതിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന പാടശേഖരസമിതി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് കൂടിയ പ്രോസ്പിരിറ്റി കൗണ്‍സില്‍ യോഗ തീരുമാനപ്രകാരമാണ് പാടശേഖരസമിതി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചത്. 397 പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ടെണ്ടര്‍ വിളിച്ചിട്ട് കരാറുകാര്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ കല്ലുകെട്ടടക്കമുള്ള പ്രവൃത്തികള്‍ വിഭജിച്ച് ടെണ്ടര്‍ വിളിക്കാന്‍ പ്രോസ്പിരിറ്റി കൗണ്‍സില്‍ തീരുമാനിച്ചതായി യോഗത്തില്‍ ആദ്ധ്യക്ഷത വഹിച്ച തോമസ് ചാണ്ടി എംഎല്‍എ പറഞ്ഞു.
ഒരു പാടശേഖരത്തിന്റെ കല്ലുകെട്ട് 500 മീറ്റര്‍ വീതമുള്ള പ്രവൃത്തികളായി വിഭജിച്ച് ചെറുകിട കരാറുകാരെക്കൊണ്ട് ടെണ്ടര്‍ എടുപ്പിച്ച് പദ്ധതികള്‍ വേഗത്തിലാക്കുകയാണ് ലക്ഷ്യം. പുറംബണ്ടുകളുടെ കല്ലുകെട്ടിയ ഭാഗം ഒഴിവാക്കി മറ്റുഭാഗങ്ങള്‍ കല്ലുകെട്ടി ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് പാടശേഖരസമിതികളുടെ ആവശ്യപ്രകാരം തയാറാക്കും. ടെന്‍ഡര്‍ എറ്റെടുക്കാന്‍ കരാറുകാരെ കിട്ടിയില്ലെങ്കില്‍ പാടശേഖരസമിതിയുടെ നേതൃത്വത്തിലുള്ള ഗുണഭോക്തൃ സമിതിക്ക് പ്രവൃത്തി ഏറ്റെടുക്കാനുള്ള അനുമതി നല്‍കുന്നതിന് ശുപാര്‍ശ ചെയ്യും.
തകഴി പഞ്ചായത്തിലെ 62 പാടശേഖരങ്ങളിലെ എസ്റ്റിമേറ്റ് ആദ്യഘട്ടത്തില്‍ തയാറാക്കും. പദ്ധതി പ്രാവര്‍ത്തികമാകും വിധം പൊതുവിപണി വിലകൂടി കണക്കിലെടുത്ത് യാഥാര്‍ഥ്യബോധത്തോടെയാകണം എസ്റ്റിമേറ്റ് തയാറാക്കേണ്ടതെന്ന് കളക്ടര്‍ പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ പാടശേഖരസമിതികള്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. 25നു മുമ്പ് തകഴിയിലെ 62 പാടശേഖരങ്ങളിലെയും പാടശേഖരസമിതി യോഗം ചേര്‍ന്ന് ഏതൊക്കെ ഭാഗങ്ങള്‍ കല്ലുകെട്ടി ബലപ്പെടുത്തണമെന്ന് തീരുമാനിച്ച് പഞ്ചായത്ത് പ്രസിഡന്റിനു കത്ത് കൈമാറും. ഇതനുസരിച്ച് ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ പാടശേഖരം സന്ദര്‍ശിച്ച് 30നകം എസ്റ്റിമേറ്റെടുത്ത് സമര്‍പ്പിക്കും. തുടര്‍ന്ന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്ര ജല കമ്മിഷനെ ധരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: