കൈലാസത്തേയും മാനസരോവറിനേയും ഹിമാലയന്‍ താഴ്വരയിലെ ചെറു ഗ്രാമങ്ങളെയും നിറങ്ങളില്‍ ചാലിച്ച് ക്യാന്‍വാസില്‍ പകര്‍ത്തിയപ്പോള്‍ ഹിമാലയന്‍ മലനിരകളുടെ സൗന്ദര്യം നിറഞ്ഞൊഴുകി. പത്രപ്രവര്‍ത്തകനും ചിത്രകാരനുമായ സതീഷ് വെള്ളിനേഴി വരച്ച ചിത്രങ്ങളാണ് ‘കൈലാസ യാത്ര’ എന്ന പേരില്‍ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ജലച്ചായത്തില്‍ വരച്ച 34 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്.
കൈലാസ യാത്രയിലെ ചില അപൂര്‍വ്വ ദൃശ്യങ്ങളും മറ്റ് പലരുടെയും യാത്രകളില്‍ നിന്ന് ശേഖരിച്ച ഫോട്ടോകളും ഉപയോഗിച്ചാണ് വെള്ളിനേഴി ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. സൂര്യപ്രകാശമേല്ക്കുമ്പോഴുള്ള ഹിമാലയത്തിന്റെ വ്യത്യസ്ത ഭാവങ്ങളും മഞ്ഞുമൂടിയ വഴികളിലൂടെ യാത്രചെയ്യുന്ന ഹിമാലയന്‍ യാത്രികരും ചൈനയുടെയും നേപ്പാളിന്റെയും തനിമയിലുള്ള കെട്ടിടങ്ങളും ഹിമാലയന്‍ താഴ്വരയിലുള്ള ഗ്രാമീണരും ചിത്രങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.
സമുദ്രനിരപ്പില്‍നിന്ന് 14,950 അടി ഉയരത്തിലുള്ള ശുദ്ധജല തടാകമായ മാനസരോവറിന്റെ മനോഹാരിത വെള്ളിനേഴി ചിത്രങ്ങളില്‍ ദൃശ്യമാണ്. കൂടാതെ ത്രിശൂലത്തിന്റെ ആകൃതിയില്‍ ഹിമാലയത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള (western kumaun)-ഏറ്റവും ഉയരത്തിലുള്ള മൂന്ന് മലനിരകളുടെ ദൃശ്യവും പ്രദര്‍ശനത്തിനുണ്ട്. കൂടാതെ പുലര്‍ച്ചെയുള്ള കൈലാസത്തിന്റെ രൂപവും മാനസരോവറിന്റെ തീരത്തുനിന്നുള്ള കൈലാസത്തിന്റെയും സത്ലജ് നദീ തീരത്തുള്ള കല്പ്പ എന്ന ഗ്രാമവും മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളുടെയും ചിത്രങ്ങളുണ്ട്.
14ന് ആരംഭിച്ച ചിത്രപ്രദര്‍ശനം ഇന്ന് സമാപിക്കും. പ്രമുഖ ദിനപത്രത്തിലെ പത്രപ്രവര്‍ത്തകനായ സതീഷ് വെള്ളിനേഴി നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. 2011 ല്‍ കേരള ലളിതകലാ അക്കാദമിയുടെ വിജയ രാഘവന് എന്‍ഡോവ്മെന്റ് പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: