ധര്‍മ്മശാല: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം ഇന്ത്യന്‍ പര്യടനം ഉപേക്ഷിച്ചു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്ത്യക്കെതിരായ ശേഷിച്ച മത്സരങ്ങളില്‍ നിന്ന് പിന്മാറാന് വിന്‍ഡീസ് താരങ്ങള്‍ തീരുമാനിച്ചത്. ഒരു ഏകദിനവും ഒരു ട്വന്റി 20യും മൂന്നു ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തില്‍ ശേഷിക്കുന്നത്. ഇന്നലെ ധര്‍മ്മശാലയില്‍ നടന്ന നാലാം ഏകദിനമായിരുന്നു വിന്‍ഡീസിന്റെ അവസാന കളി. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം പരമ്പര പകുതിവഴിക്ക് ഉപേക്ഷിച്ച് മടങ്ങുന്നത്.
അതേസമയം പരമ്പരയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് ടീം പിന്മാറിയിട്ടില്ലെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മാധ്യമവാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ല. ഇന്ത്യന്‍ പര്യടനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിട്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം വിന്‍ഡീസ് ടീം മാനേജര്‍ റിച്ചി റിച്ചാര്ഡ്സണ് ഇന്നലെ രാവിലെ ഇ-മെയിലിലൂടെ അറിയിച്ചതായി ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു. വിന്‍ഡീസ് ടീമിന്റെ തീരുമാനം നിരാശയുളവാക്കുന്നതാണെന്നും സഞ്ജയ് പട്ടേല്‍ പറഞ്ഞു. പ്രശ്നം വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച ബിസിസിഐ, ടീമിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിന്‍ഡീസ് ബോര്‍ഡിനു കഴിയാത്തതാണ് പരമ്പര മുടങ്ങാന്‍ കാരണമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നേരത്തെ കൊച്ചിയില്‍ നടന്ന ആദ്യ ഏകദിനത്തിന് മുന്‍പ് വെസ്റ്റീന്‍ഡീസ് ടീം കളി ബഹിഷ്കരിക്കുമെന്ന് വാര്‍ത്ത പരന്നിരുന്നുവെങ്കിലും പിന്നീട് ബിസിസിഐയുടെ ഇടപെടലിനെ തുടര്‍ന്നാണ് അവര്‍ കളിക്കാന്‍ തയ്യാറായത്. ഇതിനായി ബിസിസിഐ അഞ്ച് കോടിരൂപ നല്‍കിയതായും വാര്‍ത്തയുണ്ടായിരുന്നു. ഒക്ടോബര്‍ 11ന് വിന്‍ഡീസ് ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഡേവ് കാമറൂണിന് പ്രതിഫല പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതിന് അനുകൂലമായ പ്രതികരണം വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല.
പിന്നീട് ഇന്നലെ ധര്‍മ്മശാലയില്‍ നാലാം ഏകദിന മത്സരം നടക്കുന്നതിനിടെയാണ് പിന്മാറ്റം സംബന്ധിച്ച വാര്‍ത്ത വീണ്ടും വന്നത്. പതിവിന് വിപരീതമായ വിന്‍ഡീസ് ടീം ഒന്നടങ്കം ഇന്നത്തെ കളിയുടെ ടോസിന് എത്തിയിരുന്നു. ടോസിന് ശേഷം ടീമംഗങ്ങളും ബോര്‍ഡും തമ്മില്‍ പ്രതിഫല കാര്യത്തില്‍ തര്‍ക്കമുണ്ടെന്ന് ക്യാപ്റ്റന്‍ ബ്രാവോ പരസ്യമായി കമന്റേറ്റര്‍മാരോട് പറയുകയും ചെയ്തിരുന്നു. ആരാധകരെ നിരാശപ്പെടുത്താതിരിക്കാന്‍ വേണ്ടി മാത്രമാണ് നാലാം ഏകദിനത്തില്‍ കളിക്കുന്നതെന്നും ബ്രാവോ ടോസിനുശേഷം പറഞ്ഞിരുന്നു. ടീം കടുത്ത പ്രതിസന്ധിയിലാണെന്നും എന്നാല്‍ ടീം അംഗങ്ങള്‍ തന്നോടൊപ്പമാണെന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു.
അഞ്ചാം ഏകദിനം 20ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനിലാണ് നിശ്ചയിച്ചിരുന്നത്. 22ന് കട്ടക്കിലായിരുന്നു ഏക ട്വന്റി 20 നടക്കേണ്ടിയിരുന്നത്. ടെസ്റ്റ് പരമ്പരക്ക് 30ന് ഹൈദരാബാദിലായിരുന്നു തുടങ്ങേണ്ടിയിരുന്നത്. രണ്ടാം ടെസ്റ്റ് നവംബര്‍ 7ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും മൂന്നാം ടെസ്റ്റ് നവംബര്‍ 15 മുതല്‍ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലുമായിരുന്നു നിശ്ചയിച്ചിരുന്നത്.
അതേസമയം വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ ബിസിസിഐ നിയമനടപടിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. പരമ്പര മുടങ്ങുന്നതു മൂലമുണ്ടാകുന്ന നഷ്ടം നികത്തണമെന്ന് ബിസിസിഐ വിന്‍ഡീസ് ബോര്‍ഡിനോട് ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: