ചെങ്ങന്നൂര്‍: ഇരു വൃക്കകളും തകരാറിലായി തുടര്‍ചികിത്സ വഴിമുട്ടി നിന്ന ശരത്തിന് സ്വകാര്യബസ് ഉടമകളും ജീവനക്കാരും കൈത്താങ്ങായി. ചെങ്ങന്നൂര്‍ തിട്ടമേല്‍ ചക്കാലയില്‍ വീട്ടില്‍ ശശിധരന്റെ മകന് എസ്.ശരത്കുമാറി (26)നാണ് ചെങ്ങന്നൂര്‍-പരുമല റൂട്ടില്‍ സര്‍വീസ് നടത്തുന്ന അശ്വതി ട്രാവല്‍സിന്റെ ഒരു ദിവസത്തെ മഴുവന്‍ വരുമാനവും നല്കി തുടര്‍ ചികിത്സയ്ക്ക് താങ്ങായത്.
ചെന്നൈയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ശരത്തിന് പനിയും, ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് നാലുമാസം മുന്‍പാണ് നാട്ടിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഇരു വൃക്കകളും തകരാറിലാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ ചികിത്സയ്ക്ക് 10ലക്ഷം രൂപ ചിലവാകും എന്നത് ഈ നിര്‍ദ്ധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ബസ് ഉടമകളായ അരുണ്‍ കുമാറും സഹോദരന് തരുണ്‍ കുമാറും സഹായ ഹസ്തവുമായി എത്തുന്നത്.
ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിന് തങ്ങളുടെ ബസില്‍ നിന്നും ലഭിക്കുന്ന ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും സഹായമായി നല്‍കാം എന്ന് ഉടമകള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ് ബുക്ക് കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍മാരായ ചെങ്ങന്നൂര്‍ പേരിശേരി കൃഷ്ണശാന്തിയില് ബാലു ശ്രീകുമാര്‍, കുഞ്ഞ് കോടിയാട്ട്, റോണിവര്‍ഗീസ് എന്നിവര്‍ നടത്തിയ അന്വോഷണത്തിലാണ് ശരത്തിന്റെ ദയനീയവസ്ഥ അറിയുന്നത്.
തുടര്‍ന്ന് ഉടമകളെ ശരത്തിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ശരത്തിന് ധനസഹായം നല്കാന് ഉടമകളും ജീവനക്കാരും കൈകോര്‍ത്തത്. 10-ാം തീയതിയിലെ ഒരു ദിവസത്തെ മുഴുവന്‍ തുകയും ശരത്തിന് വേണ്ടി മാത്രമായിരുന്നു. ഇവരോടെപ്പം ചെങ്ങന്നൂര്‍ മാന്നര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡുകളിലെ ജീവനക്കാര്‍, വിവിധ ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളിലെ തൊളിലാളികളും, വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നു.
ഇതില്‍ നിന്നും ലഭിച്ച 50,000 രുപ കഴിഞ്ഞദിവസം രാവിലെ ശരത്തിന്റ വീട്ടില്‍ നടന്ന ചടങ്ങില്‍വെച്ച് മുതിര്‍ന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ ആയ ബുധനൂര്‍ ഇളങ്ങന്നൂര്‍ എം.കെ. രവീന്ദ്രന് (62), ശരത്തിന് കൈമാറി. ശരത്തിന്റെ മാതാപിതാക്കളെ കൂടാതെ ബസ് ഉടമ തരുണ്‍, ജീവനക്കാരായ പി.എസ്. പ്രസാദ്, ശ്രീക്കുട്ടന്, രാഹുല്‍, ബി. സുദീപ് ദീപ, ബാലു ശ്രീകുമാര്‍, റോണി വര്‍ഗീസ് തുടങ്ങിയവരും പങ്കെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്ന ശരത്തിന്റെയും പിതാവിന്റെയും പേരില്‍ ചെങ്ങന്നൂര്‍ എസ്ബിറ്റിയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍.67290261291, ഐഎഫ്സി കോഡ് നമ്പര്‍ എസ്ബിറ്റിആര്‍ 0001009.
പ്രതികരിക്കാൻ ഇവിടെ എഴുതുക: