പത്തനംതിട്ട : ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ നാശനഷ്ടം. പലപ്രദേശങ്ങളിലും വീടുകളുടെ മേല്‍ വൃക്ഷങ്ങള്‍ വീണ് നാശനഷ്ടമുണ്ടായി. മിക്കയിടത്തും വൈദ്യുതി വിതരണവും വാഹന ഗതാഗതവും തടസ്സപ്പെട്ടു.
പലഭാഗങ്ങളിലും റോഡില്‍ വെള്ളം കയറിയതിനേത്തുടര്‍ന്നു ഗതാഗതവും താറുമാറായി. ചന്ദനപ്പള്ളി പ്ലാന്റേഷന് മൊട്ടപ്പാറ ഭാഗത്ത് ചെറിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനേത്തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ച് റോഡിലേക്കിറങ്ങി. നെടുമണ്‍കാവ് – കൂടല്‍ റോഡ് വെള്ളം കയറിയതിനേത്തുടര്‍ന്നു മണിക്കൂറുകളോളം ഇവിടെ ഗതഗാതം തടസപ്പെട്ടു. റോഡരികിലെ കടകള്‍ക്കുള്ളിലേക്കും വെള്ളം കയറി. പന്തളം ടൗണില്‍ ഓടയിലെ മലിനജലം കവിഞ്ഞ് വ്യാപാരസ്ഥാപനങ്ങളിലേക്കു കയറിയതിനേത്തുടര്‍ന്നു വ്യാപകനാശനഷ്ടമുണ്ടായി. വ്യാപാരികളുടെ പ്രതിഷേധത്തേത്തുടര്‍ന്നു പഞ്ചായത്ത് പ്രസിഡന്റ് രാജു കല്ലുമൂട്ടിലിന്റെ നേതൃത്വത്തില്‍ രാത്രിതന്നെ ജെസിബി ഉപയോഗിച്ച് ഓടകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പഞ്ചായത്ത് ഓഫീസ് പടിക്കലെ ഓടയും കവിഞ്ഞൊഴുകി.
പന്തളം ഷുഗര്‍ മില്ലിനു സമീപത്തെ നിരവധി വീടുകള്‍ക്കും നാശം നേരിട്ടു. പത്തനംതിട്ട, ഓമല്ലൂര്‍, മുള്ളനിക്കാട്, നരിയാപുരം, മാത്തൂര്‍ ഭാഗങ്ങളിലും കാറ്റ് നാശംവിതച്ചു.
മാത്തൂരിലെ സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാന്ത്വനവീടിന്റെ മേല്ക്കുരകള് കാറ്റത്ത് പറന്നു പോയി. ഇവിടുത്തെ അന്തേവാസികളെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി പാര്‍പ്പിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. കൈപ്പട്ടൂര്‍ കടമണ്ണില്‍ മധുവിന്റെ വീടിനു മുകളിലേക്കു മരം വീണു വീടുതകര്‍ന്നു. നരിയാപുരം നല്ലുകിഴക്കേതില് ഭാസ്കരന് നായരുടെ പുരയിടത്തിലെ നിരവധി വൃക്ഷങ്ങള്‍ കടപുഴകി. മുള്ളനിക്കാട് ഭാഗങ്ങളിലും കാറ്റ് വ്യാപകമായ നാശനഷ്ടമുണ്ടാക്കി. വീടുകളിലെ വയറിംഗുകളും വൈദ്യുത ഉപകരണങ്ങളും തകരാറിലായി.
കൊടുമണ്‍ – അടൂര്‍ – പത്തനംതിട്ട റോഡില്‍ മരം വൈദ്യുതി പോസ്റ്റിനു മുകളിലേക്കു വീണതിനേത്തുടര്ന്നു ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30 മുതലാണ് ഇടിയോടു കൂടിയ കനത്ത മഴ ജില്ലയുടെ പല ഭാഗങ്ങളിലും നാശം വിതച്ചത്. പല പ്രദേശങ്ങളിലും രാത്രി വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. മഴയില്‍ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. വിശദമായ കണക്കെടുപ്പിലൂടെയേ നാശനഷ്ടത്തിന്റെ തോത് കണക്കാക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: