മാവേലിക്കര: പോലീസ് സ്പിരിറ്റ് പിടികൂടിയതിന്റെ പേരില്‍ എക്സൈസ് വകുപ്പ് നടപടി സ്വീകരിച്ചതിനെതിരെ ഉദ്യോഗസ്ഥരില്‍ പ്രതിഷേധം. ജില്ലയില്‍ വിവിധ റെയ്ഞ്ചുകളിലെ ഷാപ്പുകളില്‍ മൊബൈല്‍ ടെസ്റ്റിങ് ലാബ് പരിശോധന നടത്തി വ്യാജ കള്ള് കണ്ടെത്തിയിരുന്നു. ഈ ഷാപ്പുകള്‍ക്കെതിരെ നടപടി എടുക്കാത്ത ഉന്നത ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ പോലീസ് സ്പിരിറ്റ് പിടിച്ചതിന്റെ പേരില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
വ്യാജ കള്ള് കണ്ടെത്തിയതില്‍ ആലപ്പുഴയിലെ ഒരു ഷാപ്പു മാത്രമാണ് പൂട്ടിയത്. പരിശോധനയില്‍ മാവേലിക്കര, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി റേയ്ഞ്ചിലെ വിവിധ ഷാപ്പുകളില്‍ വില്‍ക്കുന്നത് വ്യാജ കള്ളാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റ് ഷാപ്പുകള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ഇത് ജില്ലയിലെ തെക്കന്‍ മേഖലയില്‍ എക്സൈസ് വകുപ്പിനെ നിയന്ത്രിക്കുന്ന കോണ്‍ഗ്രസ് എ വിഭാഗത്തിലെ ഉന്നതന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് ആരോപണം.
പോലീസ് സ്പിരിറ്റ് പിടിച്ചതിന്റെ പേരില്‍ നടപടിയെടുത്ത എക്സൈസ് വകുപ്പ് കായംകുളം റെയ്ഞ്ചിലെ ഒരു ഷാപ്പില് നിന്ന് സ്പിരിറ്റ് പിടിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും അടച്ചുപൂട്ടാന്‍ തയ്യാറായിട്ടില്ല. സ്പിരിറ്റ് പിടിച്ച ഉദ്യോഗസ്ഥന്റെ സര്‍വ്വീസ് ബുക്ക് ദുരൂഹ സാഹചര്യത്തില്‍ ഓഫീസില്‍ നിന്നും കാണാതാവുകയും ചെയ്തു. ജില്ലയിലെ എക്സൈസ് വകുപ്പിനെ നിയന്ത്രിക്കുന്നവര്‍ ഒരുക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
എക്സൈസ് ഉദ്യോഗസ്ഥര്‍ ഷാപ്പുകളില്‍ പരിശോധന നടത്താന്‍ എത്തുന്നത് പലപ്പോഴും ധാരണയുടെ അടിസ്ഥാനത്തിലാണ്. വില്ക്കാന് വച്ചിരുന്ന കള്ളില്‍ നിന്നും സാമ്പിള്‍ എടുക്കാറില്ല. പകരം പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന നല്ല കള്ളായിരിക്കും സാമ്പിള്‍ എടുക്കുക. കര്‍ശന പരിശോധന നടത്തിയാല്‍ വിലക്കുമായി ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥര്‍ രംഗത്തുവരും.
കഴിഞ്ഞ ദിവസം പോലീസ് സ്പിരിറ്റ് പിടിച്ചതിന്റെ പേരില്‍ മാവേലിക്കര എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെതിരെയും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സ്പിരിറ്റ് വിതരണം ചെയ്തിരുന്നത് കായംകുളം റെയ്ഞ്ചിലെ ഷാപ്പുകളിലായിരുന്നുവെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിടികൂടിയത് മാവേലിക്കരയുടെ അതിര്‍ത്തിയിലാണെന്ന പേരിലാണ് നടപടി സ്വീകരിച്ചത്. ഇത് ഒഴിവു വന്ന പോസ്റ്റുകളില്‍ വീണ്ടും ലക്ഷങ്ങളുടെ ലേലം വിളിക്കുള്ള നീക്കമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: