എരുമേലി: ഭാരതത്തിലെ ഹൈന്ദവ സഹിഷ്ണുതയാണ് ലോകനന്മയുടെ ആധാരമെന്ന് കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. എംഇഎസ് സുവര്‍ണജൂബിലി ആഘോഷങ്ങളോടുനബന്ധിച്ച് എംഇഎസ് കോളേജ് സംഘടിപ്പിച്ച വാവരും അയ്യപ്പനും മതസൗഹാര്‍ദ്ദവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലേക്ക് വന്ന മുസ്ലീം ക്രിസ്ത്യന്‍ മതങ്ങളടക്കം വരുന്ന മതങ്ങളെ സ്വീകരിച്ച് എല്ലാവര്ക്കും ഇടം നല്കിയ വിശാല ചരിത്രമുള്ള ഹൈന്ദവ കാഴ്ചപ്പാടുകള്‍ എന്നും ലോകത്തിന് മാതൃകയായിത്തീര്‍ന്നിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയിലെ പേട്ടതുള്ളലും ആചരണങ്ങളും കണ്ടും കേട്ടുമാണ് താന്‍ വളര്‍ന്നുവന്നത്. വാവരും അയ്യപ്പനും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന ഉള്‍പ്പൊരുളുകളായി മാറിയതാണ് എരുമേലി ലോക നന്മയിലേക്ക് ഉയരാന്‍ വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിശ്വാസം ദൈവത്തിലര്പ്പിക്കാതെ മറ്റുപലതിന്റെയും പിറകെ പോകുന്ന കാഴ്ചയാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം താത്പര്യങ്ങളെ ഉയര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നതാണ് മൂല്യങ്ങള്‍ കാണാതെ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ചുറ്റുപാടുകളെക്കുറിച്ച് പഠിക്കാന്‍ അവസരങ്ങള്‍ ഉണ്ടാകില്ല. ഇത്തരം പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ സംവാദങ്ങള്‍ പൂര്‍ണ അര്ത്ഥത്തിലെത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ സമൂഹം നല്കിയ കൃപയാണ് മറ്റുമതങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമായത്. എന്നാല്‍ ഹൈന്ദവ സമൂഹം ഒരുതരത്തിലും കണക്കുകള്‍ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തീണ്ടലും തൊടീലുമില്ലാതെ ദൈവീകതയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിയുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദ്ദവും ഭരണഘടനയുടെ അച്ചുതണ്ടാണെന്നും എരുമേലിയിലെ അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം ഇതിന് ശക്തിപകരുന്നതാണെന്നും ചടങ്ങില്‍ പങ്കെടുത്ത ദേവസ്വം ബോര്‍ഡംഗം പി.കെ. കുമാരന് പറഞ്ഞു.
കലിയുഗത്തിലെ ഹൈന്ദവരുടെ സംഭാവനയാണ് മതസൗഹാര്‍ദ്ദവും ഐക്യവുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ബിജെപി പൂഞ്ഞാര്‍ നിയോജമണ്ഡലം പ്രസിഡന്റ് വി.സി. അജി പറഞ്ഞു. കാലഘട്ടത്തില്‍ ഭാരതം ലോക ഗുരുവായിത്തീരുമെന്ന ഹൈന്ദവ ദര്‍ശനങ്ങളുടെ കണ്ടെത്തലുകള്‍ തുടങ്ങിയെന്നും എരുമേലിയിലെ മതസൗഹാര്‍ദ്ദം ഇതിന് ഉത്തമ ഉദാഹരണമായി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മതങ്ങള്‍ തമ്മിലുള്ള വിദ്വേഷങ്ങളിലൂടെ കലഹിക്കുമ്പോള്‍ പരസ്പരം സ്നേഹിക്കാനും വളരാനും എരുമേലിയിലെ സൗഹാര്‍ദ്ദം കാണിച്ചുതരികയാണെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു. ആര്‍ഷഭാരത സംസ്കാരവും ഹൈന്ദവ പൈതൃകവും ഒന്നിച്ചു നയിക്കപ്പെടുന്ന ഭാരതത്തില്‍ മതസൗഹാര്‍ദ്ദം ഐക്യപ്പെട്ടുവരികയാണെന്ന് എംഇഎസ് സെക്രട്ടറി പി.ബി. അബ്ദുള്‍ അസീസ് പറഞ്ഞു.
ചടങ്ങില്‍ എംഇഎസ് ചെയര്മാന് അഡ്വ. എപിഎം നസീര്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. പിഒജെ ലബ്ബ, കുസാറ്റ് വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. പി.കെ. അബ്ദുള്‍ അസീസ്, എംഇഎസ് സംസ്ഥാന സെക്രട്ടറി പി.എം. നജീബ്, എംഇഎസ് ജില്ലാ പ്രസിഡന്റ് കെ.ഇ. പരീത്, സെക്രട്ടറി എം.എം. ഹനീഫ്, എംഇഎസ് വൈസ് പ്രസിഡന്റ് എ.എം.മുഹമ്മദ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുജാബീഗം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: