കുട്ടനാട്: മങ്കൊമ്പില്‍ കടത്തുവള്ളം മുങ്ങി; വന്‍ ദുരന്തം ഒഴിവായത് ഭാഗ്യത്തിന്. പുഴയില്‍ വീണ് നാല് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മങ്കൊമ്പ് അവിട്ടം തിരുന്നാള്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായ മങ്കൊമ്പ് പുതിയ മഠത്തില്‍ വീട്ടില്‍ അനിലിന്റെ മകള്‍ കീര്‍ത്തി (14), പുളിങ്കുന്ന് പുളിങ്കുന്ന് പുതിയ വീട്ടില്‍ സുരേഷിന്റെ മകള്‍ അനശ്വര (11), മലയാളത്തില്‍ വീട്ടില്‍ ജയകുമാറിന്റെ മകള്‍ അനഘ (12), സാമ്പ്രിക്കല്‍ വീട്ടില്‍ സന്തോഷ്കുമാറിന്റെ മകള്‍ അനീഷ (11) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില സാരമുള്ളതല്ല.
ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ഇക്കരയില്‍ നിന്നും വിദ്യാര്‍ത്ഥികളെ കയറ്റിക കടത്തുവള്ളം സ്കൂളിന് സമീപത്തെ ജെട്ടിയില്‍ അടിക്കുന്നതിനിടെ വള്ളത്തില്‍ നിന്നും സമീപത്തെ കുറ്റിയില്‍ കെട്ടിയ കയര്‍ അഴിഞ്ഞുവീഴുകയും വള്ളം മറിയുകയും വിദ്യാര്‍ത്ഥികള്‍ പുഴയില്‍ വീഴുകയുമായിരുന്നു. തുടര്‍ന്ന് ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വള്ളക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ രക്ഷാപ്രവര്‍ത്തനം നടത്തി പുറത്തെടുക്കുകയായിരുന്നു. ഇതേസമയം വള്ളത്തിനടിയില്പ്പെട്ട കീര്‍ത്തിക്ക് തലയ്ക്ക്പരിക്കേല്ക്കുകയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളുടെ നിലഗുരുതരമല്ല. അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അവിട്ടം തിരുനാള്‍ വിഎച്ച്എസിലെ വിദ്യാര്‍ത്ഥികളായിരുന്നു യാത്രക്കാരിലധികവും.
ചമ്പക്കുളം സെന്റ് മേരീസ് സ്കൂളില്‍ നടക്കുന്ന മങ്കൊമ്പ് ഉപജില്ലാ സാഹിത്യ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയ 13 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റുള്ളവരുമുള്‍പ്പെടെ 18 യാത്രക്കാരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവിടെ കടത്തു സര്‍വീസ് നടത്തുന്ന വള്ളങ്ങളില്‍ എട്ടുപേരെ കയറ്റാന്‍ മാത്രമേ അനുമതിയുള്ളൂവെന്ന് പറയുന്നു. പുളിങ്കുന്ന് പോലീസ് ഇതുസംബന്ധിച്ച് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: