യുഎന്‍: കാശ്മീര്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സഭയെ ഇടപെടുവിക്കാനുള്ള പാകിസ്ഥാന്റെ ആവശ്യം യു.എന്‍ തള്ളി. കാശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് മാത്രമാണെന്നും അത് ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ട ഉത്തരവാദിത്തം ആ രാജ്യങ്ങള്‍ക്ക് മാത്രമാണെന്ന മുന്‍ നിലപാട് തന്നെയാണ് യു.എന്‍ ആവര്‍ത്തിച്ചത്.
അടുത്തിടെ അതിര്‍ത്തിയിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പശ്ചാത്തലത്തില്‍ പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍തജ് അസിസ്, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാണ് കി മൂണിന് കത്തയച്ചിരുന്നു. കശ്മീര്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിന് യു എന്‍ ഇടപെടണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്. കത്തില്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇന്ത്യ 174 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് പാകിസ്ഥാന്റെ ആരോപണം.
എന്നാല്‍ പരസ്പരം ചര്‍ച്ച ചെയ്ത് ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന് പ്രശ്നം പരിഹരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയുടെ വക്താവ് ഫര്ഹാന് ഹക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇക്കാര്യം ബാണ് കി മൂണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ കീറാമുട്ടിയായി കിടക്കുന്ന കാശ്മീര്‍ പ്രശ്നത്തിന് സമഗ്രമായ പരിഹാരം കാണേണ്ടത് ഇരു രാജ്യങ്ങളുമാണ്. അതിര്‍ത്തിയില്‍ അടുത്തിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ വെടിവയ്പില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്ആശങ്ക രേഖപ്പെടുത്തിയതായും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
വെടിവയ്പില്‍ ആള്‍നാശം ഉണ്ടായതിനെ മൂണ്‍ അപലപിച്ചു. മുമ്പും കാശ്മീര്‍ പ്രശ്നം പാകിസ്ഥാന് യു.എന്നില്‍ ഉയര്‍ത്തിയതാണ്. പ്രശ്നം ഇന്നത്തെ നിലയിലെത്തിയതിന് ഐക്യരാഷ്ട്രസഭയുടെ പരാജയമായി കാണുന്നതായി പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്മാന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: