സിയൂള്‍: തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ക്ക് അറുതിവരുത്തി ഉത്തരകൊറിയയുടെ രാഷ്ട്രത്തലവന് കിം ജോങ് പൊതുവേദിയിലെത്തി.നാല്‍പ്പത് ദിവസമായി ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഉത്തര കൊറിയയില്‍ അട്ടിമറി നടന്നു എന്ന വാര്‍ത്ത പ്രചരിക്കവെയാണ് കിം ജോങ് പൊതുവേദിയിലെത്തിയത്.രാജ്യത്തെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയാണ് അദ്ദേഹം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്.
കൊറിയയിലെ പുതിയ ഒരു ശാസ്ത്ര സ്ഥാപനം കിം സന്ദര്‍ശിക്കുന്ന ദൃശ്യങ്ങളാണ് ദക്ഷിണ കൊറിയന്‍ ദേശീയ ടെലിവിഷന്‍ പുറത്തുവിട്ടത്. അതേസമയം വാര്‍ഷിക പരിപാടിയുടെ വാര്‍ത്തയില്‍ നിന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക ചാനല്‍ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് കിം ജോങ് ഉന്‍ അവസാനമായി പൊതു ചടങ്ങില്‍ പങ്കെടുത്തത്. അതിന് ശേഷം നടന്ന പ്രധാന യോഗങ്ങള്‍ക്കു പോലും അദ്ദേഹം എത്താതിരുന്നത് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചു. അധികാര വടംവലിയില്‍ കിം ജോങ് ഉന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടെന്നും അദ്ദേഹം മരിച്ചുവെന്നും പ്രചാരണമുണ്ടായി.
വെളളിയാഴ്ച നടന്ന വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ വാര്‍ഷിക യോഗത്തിലും കിം പങ്കെടുക്കാതിരുന്നതോടെ ഈ അഭ്യൂഹങ്ങള്‍ ശക്തമായി.എന്നാല്‍ സൈനികാഭ്യാസത്തിനിടയില് കാലിനു പരിക്കേറ്റതിനാലാണ് 31കാരനായ കിം പൊതു പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നായിരുന്നു ഉത്തരകൊറിയന്‍ അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: