വെള്ളൂര്‍: വെങ്ങോല രാജഗോപാലമേനോന് ഇന്ന് ജീവിതമെന്നാല്‍ സപ്താഹ- നവാഹ യജ്ഞമാണ്. ജീവിത പ്രരാബ്ദങ്ങള്‍ മറികടക്കുന്നതിന് ഗള്‍ഫില്‍ വരെ പോയി ജോലി ചെയ്തു. പക്ഷേ ദൈവനിശ്ചയം മറ്റൊന്നായിരുന്നു.
1993ല്‍ ഗള്‍ഫിലെ ജോലി മതിയാക്കി മടങ്ങിയെത്തി മറ്റു ജീവിത മാര്‍ഗ്ഗങ്ങള്‍ തേടി നടക്കുമ്പോഴാണ് ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷന്‍ രംഗനാഥാനന്ദ സ്വാമിയെ കണ്ടുമുട്ടുന്നത്. ജീവിതമാര്‍ഗ്ഗം തേടി അലയേണ്ടായെന്നും ദേവി ഉപാസനതന്നെയാണ് ജീവിതമെന്നുമുള്ള സ്വാമിയുടെ ഉപദേശമാണ് രാജഗോപാലമേനോന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. അതോടെ ദേവീഉപാസകന് ആയിത്തീര്‍ന്ന രാജഗോപാല്‍ 1993ലെ മണ്ഡലം കാലാരംഭദിനത്തില് പെരുമ്പാവൂര്‍ കുന്നംചിറക്കര ദേവീക്ഷേത്രത്തില്‍ ദേവീഭാഗവതനവാഹയജ്ഞം നടത്തി. പിന്നീട് ഈ രണ്ടു ദശകത്തിനിടയില്‍ 552 നവാഹ- സപ്താഹയജ്ഞങ്ങള്‍ നടത്തി.
നവാഹയജ്ഞവേദികളിലായാലും സപ്താഹയജ്ഞവേദികളിലായാലും മൂലഗ്രന്ഥമാണ് പാരായണം ചെയ്യുന്നത്. പാരായണവും വ്യാഖ്യാനവും കഥാകഥനവുമെല്ലാം രാജഗോപാല്‍തന്നെ. യജ്ഞവേദിയില്‍ ആചാര്യനെക്കൂടാതെ ഒരു ശാന്തിക്കാരന് പൂജാകാര്യങ്ങള്ക്കായിമാത്രം. പാരായമം നടത്തുന്നതിനിടയില്‍ ഭക്തജനങ്ങളെക്കൊണ്ട് ഭഗവന്നാമങ്ങള്‍ ജപിപ്പിക്കുന്നകാര്യത്തിലും ഇദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തുന്നു. നവാഹമോ, സപ്താഹമോ ഏതാണെങ്കിലും അത് കഴിയുമ്പോഴേക്കും ഭക്തജനങ്ങള്‍ നിരവധി കീര്‍ത്തനങ്ങള്‍ കാണാതെ പഠിച്ചിരിക്കും.
യജ്ഞവേദിയെ ഭക്തിസാന്ദ്രമാക്കുന്നതോടൊപ്പം കര്‍ശനമായ നിഷ്കര്‍ഷയും ആചാര്യന്റെ പ്രത്യേകതകള്‍ ആണ്. യജ്ഞവേദിയില്‍ എത്തുന്നവര്‍ ക്ഷേത്രദര്ശനത്തിനെത്തുന്നതുപോലെ തന്നെ വേഷവിധാനത്തില്‍ ചിട്ടകള്‍ പാലിക്കണം. തികഞ്ഞ അച്ചടക്കത്തോടെ മാത്രം സദസില്‍ ഇരിക്കണം. ഇത്തരം കാര്യത്തില്‍ കര്‍ശന നിബന്ധനകള്‍ വയ്ക്കുന്നത് പലപ്പോഴും യജ്ഞസംഘാടകരെ വിഷമിപ്പിക്കാറുണ്ട്. എന്നാല്‍ ഇത് ഈശ്വരീയ കാര്യമാണെന്നും ഇതില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നുമാണ് ആചാര്യന്റെ നിലപാട്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള വിവിധ ക്ഷേത്രങ്ങളില്‍ നവാഹങ്ങളും സപ്താഹങ്ങളും നടത്തിയിട്ടുള്ള രാജഗോപാലമേനോന് ദല്‍ഹി, കല്‍ക്കത്ത, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും യജ്ഞങ്ങള്‍ നടത്തിയിട്ടുണ്ട്. 2006ല്‍ ഏറ്റവും കൂടുതല്‍ ദേവീഭാഗവത നവാഹയജ്ഞം നടത്തിയതിനുള്ള കേരള ക്ഷേത്രസംരഭണ സമിതിയുടെ അവാര്‍ഡും 2008ല്‍ അഖില ഭാരത ഭാഗവത സേവാസമിതി പുരസ്കാരവും 2009ലും 2012ലും ഹരിദ്വാര്‍ മാനസദേവീ സങ്കീര്‍ത്തന ട്രസ്റ്റിന്റെ കാളിദാസ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഭാര്യ നിര്‍മ്മലയും മക്കളായ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് കൃഷ്ണരാജും ആര്‍മി ഉദ്യോഗസ്ഥനായ വിജേഷ് രാജും സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ബാലരാജും അടങ്ങുന്നതാണ് രാജഗോപാലമേനോന്റെ കുടുംബം.
വെള്ളൂര്‍ ശ്രീവാമനസ്വാമി ക്ഷേത്രത്തില്‍ നടത്തിവരുന്ന ഭാഗവത സപ്താഹയജ്ഞം ഇന്ന് 11ന് അവഭൃഥസ്നാനത്തോടെ പര്യവസാനക്കുമ്പോള് 553-ാമത്തെ യജ്ഞം നെല്ലായില് അടുത്ത ദിവസംതന്നെ ആരംഭിക്കും. ആയിരം യജ്ഞങ്ങള്‍ നടത്തുകയെന്നതാണ് വെങ്ങോല രാജഗോപാലമേനോന്റെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: