കുമരകം: പ്രകൃതി സൗന്ദര്യംകൊണ്ടും കായല്കൊണ്ടും പക്ഷിസങ്കേതംകൊണ്ടുമൊക്കെ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കുമരകം ടൂറിസത്തിനുതന്നെ അപമാനമാകുന്നു. ചന്തക്കവലയെന്നറിയപ്പെടുന്ന ഇടമാണ് കുമരകം ഗ്രാമത്തിന്റെ ഹൃദയഭാഗം. പുത്തന്‍കളത്തില്‍ പുരയിടത്തില്‍ 1942-ല്‍ ജി. എ. ബേക്കര്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച മാര്‍ക്കറ്റാണ് അന്നും ഇന്നും കുമരകത്തിന്റെ പൊതുവിപണനകേന്ദ്രം. പക്ഷെ അരനൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ചന്തക്കവലയെന്ന കുമരകത്തിന്റെ സിരാകേന്ദ്രത്തിന് മാറ്റങ്ങളൊ വികസനമോ സംഭവിക്കാത്തത് ഇവിടം മാറി മാറി ഭരിച്ച പഞ്ചായത്തധികാരികള്‍ക്ക് വികസന തന്ത്രത്തിലുള്ള അറിവുകേടും അഴിമതിയുമാണ്. കുമരകം ചന്തക്കവലയിലെ വിസ്തൃതമായ സ്ഥലം ബസ് സ്റ്റാന്റു നിര്‍മ്മിക്കാനായി ഒരു സ്വകാര്യ വ്യക്തി വിട്ടു നല്‍കിയെങ്കിലും ആ സ്ഥലം ഇന്ന് പല രാഷ്ട്രീയ നേതാക്കളുടെയും സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായി മാറിയിരിക്കുന്നു. കുമരകത്തിന്റെ വികസനത്തിനായുള്ള പ്രസ്തുത സ്ഥലം രാഷ്ട്രീയക്കാരും അവരുടെ സില്‍ബന്ധികളും തട്ടിയെടുത്തത് സംബന്ധിച്ച് വിമര്‍ശനം ഏറുകയും ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ കണ്ണാടിച്ചാല്‍ ഭാഗത്ത് ബസ് സ്റ്റാന്റിനെന്ന പേരില്‍ ഒരേക്കറോളം നെല്‍പ്പാടം പഞ്ചായത്ത് വാങ്ങിയിട്ടിട്ട് പതിറ്റാണ്ടുകളായി. നെല്‍പ്പാടം നികത്താന്‍ പാടില്ലെന്നുള്ള നിയമം നിലനില്ക്കുമ്പോള് ബസ് സ്റ്റാന്റിനെന്ന വ്യാജേന വന്‍തുക കൊടുത്ത് വാങ്ങിയ പാഴ് നിലത്തിന്റെ പേരിലും സാമ്പത്തിക അഴിമതി നടന്നിട്ടുള്ളതായാണ് ആരോപണം. പഞ്ചായത്തുവക പുറംപോക്കുഭൂമിയില്‍ കുമരകത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ നാട്ടുകാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ടൂറിസം മേഖലയ്ക്ക് ഉണര്‍വേകിയും നിരവധി സംരംഭങ്ങള്‍ തുടങ്ങാമെന്നിരിക്കെ അതിനു മുതിരാതെ പുറംപോക്കുകള്‍ റിസോര്‍ട്ടുടമകള്‍ക്കും വന്‍ കുത്തകകള്‍ക്കും കയ്യേറാന്‍ അവസരം സൃഷ്ടിച്ച് കീശ വീര്‍പ്പിക്കുന്ന നയമാണ് പഞ്ചായത്തധികാരികള്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കുമരകത്തിന്റെ സിരാകേന്ദ്രം കാലത്തിനനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതമാണ്. കുമരകം ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടുകയും സംസ്ഥാനത്തെ സാമ്പത്തിക വരുമാനത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുകയും ചെയ്യുമ്പോള്‍ കുമരകം ഗ്രാമത്തിന്റെ മുഖഛായക്കു മാറ്റം വരണം. ഇതിന് പഞ്ചായത്തു ഭരണം ഇച്ഛാശക്തിയും വികസനതന്ത്രവും സത്യസന്ധതയും ദീര്‍ഘവീക്ഷണവുമുള്ള ഭരണ കര്ത്താക്കളിലെത്തേണ്ടിയിരിക്കുന്നുവെന്നത് ജനങ്ങളുടെ പൊതുവികാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: