ഹരിപ്പാട്: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലുള്‍പ്പടെ മോഷണം നടത്തിയ കേസുകളില്‍ പ്രതികളായ അഞ്ച് കുട്ടിമോഷ്ടാക്കളടക്കം ആറുപേരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കീരിക്കാട് പുന്നക്കല്‍ തറയില്‍ വികാസ് (ശംഭു-20), പ്രായപൂര്‍ത്തിയാകാത്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് തൃക്കുന്നപ്പുഴ എസ്ഐ: കെ.ടി. സന്ദീപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കായംകുളത്ത് നിന്നും മോഷ്ടിച്ച 20 പവന് സ്വര്‍ണാഭരണങ്ങളുമായി സംഘത്തലവന് ഒളിവിലാണ്.
ഓപ്പറേഷന് വെബ്ട്രാപ്പിലൂടെയാണ് പോലീസ് ഇവരെ കുടുക്കിയത്. സംഭവത്തിലുള്‍പ്പെട്ട മറ്റു പത്ത് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. വികാസിനെയും മറ്റൊരു പ്രതിയേയും കായംകുളത്ത് നിന്നും മറ്റുള്ളവരെ ആറാട്ടുപുഴ, തറയില്‍കടവ്, കായംകുളം, കീരിക്കാട് ഭാഗങ്ങളില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ ആണ് പ്രതികളെ പിടികൂടിയത്.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിലാലിന്റെ കണ്ടല്ലൂരിലെ കുടുംബ വീട്, മാങ്കുളത്ത് അടച്ചിട്ടിരുന്ന വീട്, പുല്ലുകുളങ്ങര പുളിമുക്ക്, കനകക്കുന്ന്, പറവൂര്‍ മുക്ക് പ്രദേശങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, രാമഞ്ചേരി ഇടച്ചിറയില്‍ ഭദ്രന്, കായംകുളം ഹൈവേ പാലസ് ഹോട്ടലിനു സമീപത്തെ വീട്, മാവേലിക്കര കാട്ടുവള്ളില്‍ ക്ഷേത്രത്തിനടുത്ത വീട്ടിലുമാണ് മോഷണം നടന്നത്.
ബൈക്കുകളായിരുന്നു സംഘം മോഷ്ടിക്കുന്നതില്‍ അധികവും. വിലകൂടിയ ബൈക്കുകള്‍ പോലും നാലായിരം രൂപയ്ക്കായിരുന്നു കുട്ടിമോഷ്ടാക്കള്‍ വിറ്റിരുന്നത്. മോഷ്ടിച്ച 15 ബൈക്കുകളില്‍ നാലെണ്ണവും ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ഗൃഹോപകരണങ്ങളും കണ്ടെത്തി. കൊല്ലം ചാത്തന്നൂര്‍, കായംകുളം എന്നിവിടങ്ങളിലെ ആക്രി കടകളിലായിരുന്നു മോഷണ വസ്തുക്കള്‍ വില്‍പ്പന നടത്തിയത്.
15നും 20നും മദ്ധ്യേ പ്രായമുള്ള പ്രതികളെല്ലാം കഞ്ചാവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. തീരദേശമേഖലയിലെ കൗമാരക്കാര്‍ക്കായി നടത്തിയ പരിശീലനപരിപാടിക്കിടെയാണ് സ്ഥിരമായി കഞ്ചാവുപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടിയായ പ്രതികളെപ്പറ്റി തൃക്കുന്നപ്പുഴ പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബംഗാളി തൊഴിലാളികളുടെ താമസസ്ഥലത്തു നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണുപയോഗിച്ച് വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്ന പതിമൂന്നുകാരനും അറസ്റ്റിലായിട്ടുണ്ട്. സിപിഒമാരായ ശ്യാം, പ്രദീപ്, ജയചന്ദ്രന്, ഇല്യാസ്, സിയാദ്, ഷാനവാസ്, ഹോംഗാര്‍ഡ് ജയറാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: