ചെങ്ങന്നൂര്‍: തെറ്റിക്കയറിയ തീവണ്ടിയില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടിയ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂര്‍ കല്ലിശേരി കടവില്‍ കിഴക്കേതില്‍ ചാക്കോച്ചന്റെ മകള്‍ കെസിയ ചാക്കോ (22)യ്ക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ഇവര്‍ കാട്പാടിയില്‍ നിന്നും ചെങ്ങന്നൂരിലേക്ക് വരികയായിരുന്നു. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തിനുള്ള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ കയറേണ്ടതിനു പകരം ചെന്നൈ-തിരുവനന്തപുരം മില്ലേനിയം എക്സ്പ്രസിലാണ് കെസിയ കയറിയത്. മില്ലേനിയം എക്സ്പ്രസിന് എറണാകുളം വിട്ടാല്‍ തിരുവനന്തപുരത്തു മാത്രമാണ് പിന്നീട് സ്റ്റോപ്പുള്ളത്. 4.50ന് തീവണ്ടി ചെങ്ങന്നൂരില്‍ എത്തിയപ്പോള്‍ ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്നും യുവതി ലെഗേജുമായി ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇതിന് പിന്നാലെ എത്തേണ്ട തീവണ്ടിയില്‍ കെസിയ എത്തുന്നതും കാത്ത് അച്ഛന് ഇതേസമയം പ്ലാറ്റ്ഫോമില്‍ നില്‍പ്പുണ്ടായിരുന്നു. കുട്ടിക്ക് പരിക്കേറ്റ വിവരം സ്റ്റേഷന് മാസ്റ്റര്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞപ്പോഴാണ് അച്ഛന് അറിഞ്ഞത്. ആര്‍പിഎഫ് അംഗങ്ങള്‍ കുട്ടിയെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലും ഇവിടെനിന്നും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
പരിക്ക് ഗുരുതരമായതിനാല്‍ കെസിയയെ ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാട്പാടിയിലെ കോളേജില്‍ ബിഎസ്സി നഴ്സിങ് പഠനം പൂര്‍ത്തീകരിച്ച ശേഷം ബോണ്ട് പ്രകാരം ജോലിനോക്കി വരികയായിരുന്നു കെസിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: