എരുമേലി: മണിമലയാറിന്റെ കൊരട്ടി മേഖലയില്‍ ആലംപരപ്പ് ഭാഗത്തുള്ള റബ്ബര്‍ ഫാക്ടറിയില്‍ നിന്നും വന്‍തോതില്‍ മലിനജലം ആറ്റിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. മണിമലയാറ്റിലെ വെള്ളത്തിന് ദുര്‍ഗന്ധം വമിക്കുന്നതിനെത്തുടര്ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് റബ്ബര്‍ ഫാക്ടറിയില്‍ നിന്നും മലിനജലം ഒഴുക്കുന്നതായി കണ്ടെത്തിയത്. ശബരിമല തീര്‍ത്ഥാടകരടക്കം നാട്ടുകാര്‍ നിരവധി പേരാണ് മണിമലയാറ്റില്‍ കുളിക്കുന്നത്. ശരീരത്തില്‍ ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാകുന്നതായും നാട്ടുകാര്‍ പറഞ്ഞു.
മണിമലയാറ്റില്‍ ഫാക്ടറി മലിനജലം ഒഴുക്കിവിടുന്നതു സംബന്ധിച്ച് നാട്ടുകാരുടെ വ്യാപക പരാതികളെ ത്തുടര്‍ന്ന് വിവിധ വകുപ്പ് മേധാവികള്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അധികൃതരുടെ അനാസ്ഥയ്ക്കെതിരെയും മണിമലയാര്‍ മലിനമാക്കുന്നതിനെതിരെയും നാട്ടുകാര്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം മത്സ്യസമ്പത്ത് സംരക്ഷണത്തിന്റെ ഭാഗമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് അരലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ ആറ്റില്‍ നിക്ഷേപിച്ചിരുന്നു. ആരോഗ്യമന്ത്രി, കളക്ടര്‍, പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയതായി സമരസമിതി നേതാക്കളായ ജേക്കബ് വര്‍ഗീസ്, തോമസ് ഫിലിപ്പ്, രാജേന്ദ്രന്, വര്ക്കിച്ചന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: