കുട്ടനാട്: കൈനകരിയില്‍ ആര്‍എസ്എസ് നേതാക്കളുടെ വാഹനങ്ങള്‍ സാമൂഹ്യവിരുദ്ധ സംഘം കത്തിച്ചതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും നടത്തി. ഞായറാഴ്ച രാവിലെ ആലക്കാട് നിന്നാരംഭിച്ച പ്രകടനം പഞ്ചായത്ത് ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം വിഎച്ച്പി വിഭാഗ് സംഘടനാ സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
കൈനകരിയില്‍ സംഘ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ ഇനി കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. കൈനകരിയില്‍ നടക്കുന്ന അവസാനത്തെ പ്രതിഷേധ പരിപാടിയായിരിക്കും ഇത്. ഇനി പ്രതിരോധത്തിന് തയാറാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കാര്യകാരി സദസ്യന്‍ സി.എന്‍. ജിനു, താലൂക്ക് കാര്യവാഹ് കെ.പി. ഗിരീഷ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ്, ജനറല്‍ സെക്രട്ടറി ഡി. പ്രസന്നകുമാര്‍, ട്രഷറര്‍ സുരേഷ് പര്യാത്ത് എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
കൈനകരി മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കൈനകരി തെക്കുംകൂര്‍ വീട്ടില്‍ മുരളീധരപ്പണിക്കരുടെ ഓട്ടോറിക്ഷയും, കുട്ടനാട് താലൂക്ക് പ്രചാരക് പ്രവീണിന്റെ ബൈക്കുമാണ് ശനിയാഴ്ച പുലര്‍ച്ചെയോടെ കത്തിച്ചത്.
വിജയദശമി ദിനമായ വെള്ളിയാഴ്ച ആര്‍എസ്എസ് കൈനകരി, നെടുമുടി മണ്ഡലങ്ങളുടെ നേതൃത്വത്തില്‍ കൈനകരിയില്‍ പഥസഞ്ചലനം നടന്നിരുന്നു. സിപിഎമ്മിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കൈനകരിയില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഗണവേഷമണിഞ്ഞ് പഥസഞ്ചലനത്തില്‍ പങ്കെടുത്തത്. ഇതില്‍ വിറളിപൂണ്ടാവാം രാത്രിയുടെ മറവില്‍ വാഹനങ്ങള്‍ക്ക് തീയിട്ടതെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: