ആലപ്പുഴ: ചെറുകിട ഹൗസ്ബോട്ട് മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ആഴ്ച മൂന്ന് കഴിഞ്ഞിട്ടും പരിഹാരമായില്ല. ഹൗസ്ബോട്ടുടമകള്‍ ജില്ലാ കളക്ടറെയും പോര്‍ട്ട് ഓഫീസറെയും കണ്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരസ്പരം പഴിചാരി പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ചെറുകിട ഹൗസ്ബോട്ടുകാരെ പൂര്‍ണമായും ഈ രംഗത്ത് നിന്നും ഒഴിവാക്കുന്നതിനുള്ള ഗൂഢ ശ്രമങ്ങളാണ് നീക്കത്തിന് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. ചില വന്‍കിടക്കാര്‍ ആലപ്പുഴയില്‍ വിനോദസഞ്ചാര രംഗത്ത് ആധിപത്യം ഉറപ്പിച്ചതിനാലാണ് സര്‍ക്കാര്‍ നയം മാറിയത്.
ഓട്ടം പോകാതെ ഉടമകളുടെ കസ്റ്റഡിയില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകള്‍ക്കാണ് മതിയായ കാരണങ്ങളില്ലാതെയാണ് 30,000 രൂപ പിഴ ചുമത്തിയത്. നിവേദനങ്ങള്‍ക്കോ അപേക്ഷകള്‍ക്കോ യാതൊരു പരിഗണനയും അധികാരികള്‍ നല്‍കുന്നില്ലെന്ന് ബോസ്ബോട്ട് ഓണേഴ്സ് സമിതി നേതാക്കള്‍ പറയുന്നു. ഈ നില തുടര്‍ന്നാല്‍ ആലപ്പുഴയിലെ ചെറുകിട ഹൗസ്ബോട്ട് രംഗം പൂര്‍ണമായും തകരാറിലാകുമെന്നും സഞ്ചാരികള്‍ മറ്റു സ്ഥലങ്ങള്‍ തേടി പോകുമെന്നുമുള്ള ആശങ്കയിലാണ് ബോട്ടുടമകള്‍. അകാരണമായും വിശദീകരണം നല്‍കാതെയും ചോദിക്കാതെയും അടിച്ചേല്‍പ്പിച്ചിരിക്കുന്ന പിഴ അടയ്ക്കാതെ ചെറുകിടക്കാരെ തിരിഞ്ഞുനോക്കുകയില്ലെന്ന നിലപാടാണ് അധികാരികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അറിയുന്നു.
സീസണ് അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ ചെറുകിടക്കാരോട് കാണിക്കുന്ന പ്രവര്‍ത്തിക്ക് യാതൊരു നീതീകരണവും ഇല്ലെന്നും സമരപരിപാടിക്ക് നേതൃത്വം നല്‍കുമെന്നും ആലപ്പുഴ ഹൗസ്ബോട്ട് ഓണേഴ്സ് സമിതി പ്രസിഡന്റ് എ. അനസും സെക്രട്ടറി എം.ജി. ലൈജുവും പറഞ്ഞു. പ്രശ്നപരിഹാരത്തിന് റവന്യു-പോര്‍ട്ട്, കനാല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: