ചെങ്ങന്നൂര്‍: ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് മഹാദേവക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട് നടന്നു. മലയാളവര്‍ഷത്തെ ആദ്യത്തെ തൃപ്പൂത്താറാട്ടാണ് ശനിയാഴ്ച രാവിലെ പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ നടന്നത്. 7.30ന് ദേവിയെ ആറാട്ടിനായി ക്ഷേത്രകടവിലേക്ക് എഴുന്നളളിച്ചു. ദേവീ വിഗ്രഹത്തില്‍ മഞ്ഞള്‍, എണ്ണ, കരിക്കിന്‍വെളളം, പാല്, കൂവപ്പൊടി, പനിനീര്, തുടങ്ങിയവകൊണ്ട് അഭിഷേകം നടത്തുകയും തുടര്‍ന്ന് ആറാട്ടും നടന്നു. ആറാട്ടിന് ശേഷം വിശേഷാല്‍ പൂജകളും, പ്രായശ്ചിത്ത പരിഹാരമായി കേണല്‍ മണ്ട്രോ സായിപ്പ് ദേവീ നടയില്‍ സമര്‍പ്പിച്ച രണ്ട് പനന്തണ്ടന്‍ വള, ഒരു ഒഢ്യാണം, സ്വര്ണകൈവട്ടക, സ്വര്‍ണക്കുട, നവരത്ന മോതിരവും ദേവിക്കു ചാര്‍ത്തി. തുടര്‍ന്ന് ആറാട്ട് ഘോഷയാത്ര ഗജവീരന്മാരുടയും, താലപ്പൊലികളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. റോഡിന്റെ ഇരുവശങ്ങളിലും നിലവിളക്കും, നിറപറയും സമര്‍പ്പിച്ചാണ് ഭക്തര്‍ ഘോഷയാത്രയെ എതിരേറ്റത്. ഘോഷയാത്ര കിഴക്കേഗോപുരം കടന്ന് അകത്ത് പ്രവേശിച്ചയുടന്‍ ആണ്ടുപിറന്ന തൃപ്പൂത്താറാട്ടിന് മാത്രം ചാര്‍ത്തുന്ന നിലഅങ്കി അണിഞ്ഞ ശ്രീപരമേശ്വരന് ദേവിയെ എതിരേറ്റ് ക്ഷേത്രത്തിന് വലം വയ്ക്കുകയും, അകത്തേക്ക് എഴുന്നള്ളിക്കുകയും ചെയ്തു. തുടര്‍ന്ന് കളഭാഭിഷേകവും നടന്നു. ആറാട്ടു ചടങ്ങുകള്‍ക്കും, കളഭാഭിഷേകത്തിനും തന്ത്രി കണ്ഠരര് മഹേഷ് മേഹനരര് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഭക്തര്‍ക്കായി അന്നദാനവും ദേവസ്വം അധികൃതര്‍ ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: