ചെങ്ങന്നൂര്‍: തീവണ്ടിയില്‍ യാത്രചെയ്തിരുന്ന വൃദ്ധദമ്പതികളെ മയക്കി ഒന്‍പത് പവന് കവര്‍ന്നു. പത്തംനംതിട്ട എക്കനാല് വലിയമുറിയില്‍ വില്ലയില്‍ വി.വി. എബ്രഹാം (74), ഭാര്യ അമ്മിണി (67) എന്നിവരെ മയക്കിയാണ് സഹയാത്രികന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.
മുംബൈ ദാദറില്‍ നിന്നും ഞായറാഴ്ച തിരിച്ച മുംബൈ-കന്യാകുമാരി എക്സ്പ്രസില്‍ എസ് രണ്ട് കമ്പാര്‍ട്ട്മെന്റില്‍ ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന നാല്‍പ്പത്തിഅഞ്ച് വയസ് പ്രായം തോന്നിക്കുന്ന ആളാണ് മോഷണം നടത്തിയത്. യാത്രക്കിടെ കാട്പ്പാടിക്ക് സമീപം ജോലാര്‍പ്പേട്ടില്‍ വൈകിട്ട് ആറിനും എട്ടിനും ഇടയില്‍ തീവണ്ടിക്കുള്ളിലെ ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം വാങ്ങുന്നതിനായി സഹയാത്രികന് ദമ്പതികള്‍ പണം നല്കി. ഇയാള്‍ വാങ്ങിക്കൊണ്ട് വന്ന ചോറും, കറികളും കഴിച്ച് ഇരുവരുടെയും ബോധം നഷ്ടപ്പെടുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ തീവണ്ടി കോട്ടയം സ്റ്റേഷന് വിട്ട ശേഷമാണ് ഇരുവര്‍ക്കും ബോധം തെളിഞ്ഞത്. അമ്മിണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇതിനിടെ മോഷ്ടാവ് കവര്‍ന്നു. ഇവര്‍ക്ക് ഇറങ്ങേണ്ട ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ തീവണ്ടി എത്തിയിട്ടും പൂര്‍ണമായും ബേധം തിരികെ ലഭിക്കാത്തതിനാല്‍ അടുത്ത സ്റ്റേഷനായ മാവേലിക്കരയിലാണ് ഇവര്‍ ഇറങ്ങിയത്.
തുടര്‍ന്ന് മാവേലിക്കര ആര്ഫിഎഫിന് ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യസ്ഥിതി മോശമായ ദമ്പതികളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: