ചേര്‍ത്തല: കരപ്പുറത്തിന്റെ ചരിത്രത്തില്‍ എഴുതപ്പെടാതെ പോയ ഒരു ഏടുണ്ട്. കബഡി എന്ന കളി കൊണ്ട് ജീവിതം കരുപിടിപ്പിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ. ഈ കായികാഭ്യാസത്തെ ജനകീയമാക്കിമാറ്റിയ സെവന്‍ഹീറോസ് എന്ന ക്ലബ്ബിന്റെ ചരിത്രം കൂടിയാണിത്.
പണ്ടുകാലങ്ങളില്‍ ദേവീക്ഷേത്രമൈതാനിയിലെ വൈകുന്നേരങ്ങളില്‍ മുഴങ്ങിക്കേട്ട കബഡി-കബഡി വിളികള്‍ പിന്നീട് ഒരു നാടിന്റെ മുഴുവന്‍ ആവേശമായി മാറി. ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചിലാണ് കബഡി ചേര്‍ത്തലക്കാര്‍ നെഞ്ചോടു ചേര്‍ത്തത്. കൃത്യമായി പറഞ്ഞാല്‍ കേരള കബഡി ടീമില്‍ അംഗമായിരുന്ന റോയി എന്ന ചെറുപ്പക്കാരന് സ്വായത്തമാക്കിയ ഈ കായികാഭ്യാസം ചേര്‍ത്തലയിലെ തന്റെ സുഹൃത്തുക്കള്‍ക്ക് പകര്‍ന്നു നല്‍കുകയായിരുന്നു. സെവന്‍ഹീറോസ് എന്ന ക്ലബ്ബിന്റെ ഉദയവും അതുതന്നെ. ഇന്നും വൈകുന്നേരങ്ങളില്‍ ചിട്ടയായ പരിശീലനങ്ങളിലൂടെ ഒരു മൂന്നാം തലമുറയെ തയ്യാറാക്കുന്നുണ്ട് ചേര്‍ത്തലയുടെ കബഡി പെരുമ നിലനിര്‍ത്താന്‍. ഇതിനു നേതൃത്വം നല്‍കുന്നത് സെവന്‍ഹീറോസിന്റെ പഴയ കളിക്കാര്‍ തന്നെയാണ്. എത്രയോ താരങ്ങള്‍ ഈ ക്ലബ്ബില്‍ നിന്ന് ഉദയം കൊണ്ടു. പി ആന്‍ഡ് ടി യുടെയും, ആര്‍മിയുടെയും, എയര്‍ഫോഴ്സിന്റെയും, നേവിയുടെയുമൊക്കെ ടീമുകളില്‍ സെവന്‍ഹീറോസിന്റെ കളിക്കാര്‍ ഇടം നേടി. സ്കൂള്‍, യൂണിവേഴ്സിറ്റി ഗെയിംസുകളിലും, നാഷണല്‍സിലും, നാഷണല്‍ ഗെയിംസുകളിലുമൊക്കെ സെവന്‍ഹീറോസിന്റെ താരങ്ങള്‍ നിര്‍ണായക ശക്തികളായി.
പി ആന്‍ഡ് ടിയുടെ കളിക്കാരനായിരുന്ന കളിക്കളത്തില്‍ എതിരാളികള്ക്ക്പേടി സ്വപ്നമായിരുന്ന മധുസൂധനന്‍പിള്ള സെവന്‍ഹീറോസിന്റെ താരമായിരുന്നു. കബഡിക്കു വേണ്ടി ഇത്രയേറെ ആത്മസമര്‍പ്പണം ചെയ്ത ഒരു കളിക്കാരന് വേറെയുണ്ടായിട്ടില്ലെന്ന് ഇന്നും ചേര്‍ത്തലക്കാര്‍ ഓര്‍ക്കുന്നു. 2003ല്‍ 11-ാം മൈലിനു സമീപം വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു അദ്ദേഹം. കളിക്കളത്തിലെ ആ പോരാളിക്കുള്ള സമര്‍പ്പണമാണ് സെവന്‍ഹീറോസിന്റെ ഓരോ വിജയങ്ങളും. ചലച്ചിത്ര രംഗത്ത് പ്രശസ്തരായ ജയനും, അനൂപ് ചന്ദ്രനുമെല്ലാം സെവന്‍ഹീറോസിന്റെ പിന്മുറക്കാര് തന്നെ.
പിന്നീടെപ്പോഴോ സെവന്‍ഹീറോസിന്റെ പ്രഭാവത്തിന് അല്‍പ്പം മങ്ങലേറ്റെങ്കിലും വീണ്ടും വളര്‍ച്ചയുടെ പാതയിലാണ്. 2015ലെ നാഷണല്‍ ഗെയിംസിന് കേരളം വേദിയാകുമ്പോള്‍ ചേര്‍ത്തലയുടെ സ്വന്തം ക്ലബ്ബിനും ഇത് ശുഭകരമായ വാര്‍ത്ത തന്നെ. ഈ മാസം ഇടുക്കിയില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞാലുടന്‍ കേരള കബഡി ടീമിലേക്കുള്ള പ്രവേശനമത്സരങ്ങള് ഉണ്ടാകും. ഈ ടീമായിരിക്കും ആതിഥായരായ കേരളത്തെ പ്രതിനിധീകരിച്ച് നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കുക. 1987ന് ശേഷം കേരളം വീണ്ടും നാഷണല്‍ ഗയിംസില് മാറ്റുരയ്ക്കുമ്പോള്‍ ചേര്‍ത്തലയിലെ കായികതാരങ്ങള്‍ക്കും ടീമില്‍ ഇടം നേടാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: