കാക്കനാട്: ജില്ലയില്‍ റോഡിലെ കുഴിയടക്കുന്നതിന് ജില്ലാ കളക്റ്റര്‍ നല്കിയ സമയ പരിധി നാളെ അവസാനിക്കുകയാണ്. 90 ശതമാനം റോഡുകളുടെയും അറ്റകുറ്റപ്പണി ഇതിനോടകം പൂര്‍ത്തിയായെന്നും ,ബാക്കി പത്തു ശതമാനം അഞ്ചിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം നല്കിയ സത്യവാങ്മൂലം അതേപടി നിലനില്ക്കുകയല്ലാതെ ജില്ലയില്‍ ഒരിടത്തും ഒരിഞ്ച് റോഡ് പണി പോലും നടക്കുന്നില്ല. ഐ.എം.ജി.ജങ്ക്ഷനില്‍ നിന്നും പള്ളിക്കര വരെയുള്ള റോഡിലെ കുഴികള്‍ ഒരു മാസത്തിനകം മൂടി,പണികള്‍ പൂര്‍ത്തിയാക്കണമെന്ന കോടതിവിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അവിടവിടെ കുറെ ടൈലുകള്‍ പാകിയതല്ലാതെ കുഴിയടക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല.
വെള്ളക്കെട്ടൊഴിവാക്കാന്‍ നവോദയ ജംഗ്ഷനിലും,തെങ്ങോടും ,അത്താണിയിലും ടൈലുകള്‍ പാകിയതിന്റെ ഇരുവശവും ഗര്‍ത്തങ്ങളായി കിടക്കുകയാണ്.ഇളകിയ ടൈലുകളിലൂടെ വാഹനങ്ങള്‍ കയറുമ്പോള്‍ തെന്നി അപകടമുണ്ടാകുന്നു.
ജില്ലയില്‍ 90 ശതമാനം റോഡുകളുടെയും കുഴിയടയ്ക്കല്‍ പൂര്‍ത്തിയായെന്നാണ് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം. ശേഷിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഈ മാസം അഞ്ചിനകം പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. മെട്രോ അവലോകനവുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് റോഡിലെ കുഴിക്ക് ആദ്യ ഉറപ്പ് നല്‍കിയത്. പത്തു ദിവസത്തിനകം നഗരത്തിലെ റോഡുകളുടെ കുഴിയടച്ച് സഞ്ചാര യോഗ്യമാക്കുമെന്ന ഉറപ്പ് ഒരു മാസത്തോളം സമയമെടുത്തിട്ടും പാലിക്കപ്പെട്ടില്ല.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലുമെല്ലാം ചേര്‍ന്ന തുടര്‍ യോഗങ്ങളില്‍ ഉറപ്പ് ആവര്‍ത്തിച്ചു. ഈ കാലയളവിലെല്ലാം റോഡിലെ കുഴിയടയ്ക്കല്‍ എന്ന പേരില്‍ ചിലതെല്ലാം നടന്നുവെങ്കിലും നഗരത്തിലെ റോഡുകള്‍ 90 ശതമാനമെങ്കിലും കുഴിയില്ലാതാക്കാന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
ഇടറോഡുകളിലെല്ലാംതന്നെ റോഡു താറുമാറായി യാത്ര ദുരിതമായി തുടരുകയാണ്. പ്രധാന റോഡില്‍ പല സ്ഥലങ്ങളിലും കുഴി അടയ്ക്കാനുള്ള ശ്രമം കുന്നുകളായി മാറിയിട്ടുണ്ട്. റോഡിലെ ഈ മെറ്റല്‍കൂന ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണിയാണ്. ഈ മാസം അഞ്ചിനകം ശേഷിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുമെന്നാണ് ജില്ലാ ഭരണകൂടം കോടതിയില്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. എന്നാല്‍ ഒറ്റ ദിവസത്തിനുള്ളില്‍ അറ്റകുറ്റപ്പണി എന്ന സൂത്രപ്പണി എങ്ങനെ യാഥാര്‍ത്ഥ്യമാകാനാണ് .
കഴിഞ്ഞ മാസം മുതല്‍ നല്കുന്ന റിപ്പോര്‍ട്ടുകളിലെല്ലാം റോഡിന്റെ അറ്റകുറ്റപ്പണി 90 ശതമാനം പൂര്‍ത്തിയായെന്നാണ് അവകാശവാദം ഉന്നയിക്കുന്നത്. ദേശീയപാതാ അധികൃതര്‍ കഴിഞ്ഞ മാസം പകുതിയോടെ നല്കിയ റിപ്പോര്‍ട്ടിലും ഇതേ സംഖ്യ തന്നെയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൊച്ചി നഗരസഭ, ദേശീയപാത അതോറിട്ടി, പൊതുമരാമത്ത് വകുപ്പ്, ജി.സി.ഡി.എ. എന്നിങ്ങനെ വിവിധ ഏജന്‍സികളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നതെന്ന് കളക്ടര്‍ പറയുന്നു.
ജില്ലയിലെ ഇടറോഡുകളെല്ലാം അധികൃതരുടെ അവഗണനയില്‍ പെട്ട് കിടക്കുന്നു. വള്ളത്തോള്‍ നഗര്‍ തേവയ്ക്കല്‍ റോഡ് , കലൂര്‍ , പാലാരിവട്ടം, ഇടപ്പള്ളി ഭാഗത്തും ഇടറോഡുകള്‍ക്ക് ഇനിയും ശാപമോക്ഷമായിട്ടില്ല.
റോഡിലെ കുഴിയടച്ച് സഞ്ചാര യോഗ്യമാക്കണമെന്ന് മുഖ്യമന്ത്രിയും ഹൈക്കോടതിയും നല്കിയ നിര്‍ദേശമൊന്നും ആലിന്‍ചുവട് വെണ്ണല ഭാഗത്തേക്ക് എത്തിയിട്ടില്ല. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ യാത്ര ചെയ്യുന്ന റോഡ് മുഴുവന്‍ ഭാഗവും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഈ റോഡിലൂടെ ബസ് സര്‍വീസുണ്ട്. റോഡിന്റെ അവസ്ഥ ഇവിടെ പലപ്പോഴും നീണ്ട ഗതാഗത കുരുക്കിന് ഇടയാക്കുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷനുകളും മറ്റും ചേര്‍ന്ന് പലതവണ നഗരസഭാധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നടപടിയൊന്നുമായിട്ടില്ല.
ഇടപ്പള്ളി, മാമംഗലം ഭാഗത്തെ കുഴികള്‍ അടയ്ക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. റോഡിന്റെ നിരപ്പില്ലായ്മയും ഈ ഭാഗത്ത് പലയിടത്തും ബുദ്ധിമുട്ടുണ്ടാക്കുന്നു.റോഡിലെ കുഴികള്‍ അടയ്ക്കാതെ മോട്ടോര്‍ ചട്ടം ലംഘിക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ ഉദേ്യാഗസ്ഥരെ കയറൂരി വിട്ടിരിക്കുകയാണ്.നിസാരമായ കുറ്റം പോലും പര്‍വതീകരിച്ച് വാര്‍ത്താ പ്രാധാന്യം നേടാന്‍ ഉദ്യോഗസ്ഥരും മത്സരിക്കുന്നു. എന്നാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനം നല്കുന്ന ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ തുക ഉപയോഗിച്ച് റോഡുകള്‍ അടിയന്തിരമായി നന്നാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ,ജില്ലാ ഭരണകൂടവും പരാജയപ്പെട്ടിരിക്കുകയാണ്. റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റ പ്പണി നടത്താന്‍ ജില്ലാ കലക്റ്റര്‍ ജില്ലയിലെ ടോള്‍ പിരിവു വരെ നിര്‍ത്തി വെപ്പിച്ചു.ഫലമോ ,ഈ സംഭവം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയതല്ലാതെ ,ടോള്‍ മാഫിയകളുടെയും,സര്‍ക്കാരിന്റെയും സമ്മര്‍ദ ഫലമായി ആ ഉത്തരവ് കലക്ട്ടര്‍ക്ക് പിന്‍വലിക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: