ഭാഷാസേവനത്തിന്റെ മൗന സഞ്ചാരമായിരുന്നു ഡോ.കെ.ഉണ്ണിക്കാടാവിന്റെ ജീവിതം. സ്വയം പ്രദര്‍ശനവും പ്രചരണവുമില്ലാതെ പ്രാചീന മലയാളത്തിന്റെ അന്തരാളവഴികളില് അദ്ധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും മികവുറ്റ സംഭാവനയര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രാമീണതയും കൂലീനതയും ചേര്‍ന്ന് ആവ്യക്തിത്വം മലയാളത്തനിമയും സ്വത്വവും തേടി ഭാഷയുടെ ആന്തരികതയിലേക്ക് നീങ്ങി വ്യാകരണ ഭാഷാശാസ്ത്ര മേഖലയില്‍ അരഡസന്‍ ഗ്രന്ഥങ്ങളാണ് എഴുതിയത്.
മദ്രാസ് പ്രസിഡന്‍സി കോളേജായിരുന്നു പ്രവര്ത്തനരംഗമെങ്കിലും ആ ധൈഷണിക ഹൃദയം എന്നും കേരളത്തിന്റെ പച്ചപ്പില്‍ അലിഞ്ഞുനിന്നു.
സംസ്കൃതം, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷയില്‍ അഗാധമായ പരിജ്ഞാനം നേടിയ കിടാവ് മലയാളഭാഷയുടെ സ്വത്വവും പ്രാചീനതയും അന്വേഷിച്ച് അലയുകയായിരുന്നു. ഭാഷയുടെ പ്രഭവം, സംസ്കൃതസ്വാധീനം, തമിഴ് പ്രഭാവം മിശ്രഭാഷകള്‍, പ്രാചീന പദങ്ങള്‍, പാട്ടും പഴഞ്ചൊല്ലും, വീരകഥാഗാനങ്ങള്‍, നാടന്‍ പാട്ടിലെ കവിത, രസവിചാരം തുടങ്ങി ഭാഷാവ്യാകരണത്തിന്റെയും സംസ്കൃതിയുടെയും അരുളും പൊരുളും വരെ ഗവേഷണ വിഷയമാക്കി. ശുദ്ധമലയാള ശാഖ, തമിഴ് മിശ്രസാഹിത്യം, സംസ്കൃത മിശ്രശാഖ എന്നീ സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ സുക്ഷ്മമായ പരികല്പനകളും വാദഗതികളുമാണ് ഉണ്ണിക്കിടാവ് ഉന്നയിക്കുന്നത്.
കേവലം അക്കാദമിക്ക് പാണ്ഡിത്യത്തിന്റെ പ്രകടനമല്ല അദ്ദേഹത്തിന്റെ എഴുത്തുകള്‍. ആത്മനിഷ്ഠമായ വഴിയില്‍ വിഷയത്തെ സമീപിക്കുകയും സാരഗ്രാഹിയായ നിഗമനങ്ങളെ സസൂക്ഷ്മം കണ്ടെത്തുകയുമായിരുന്നു അദ്ദേഹം.
ഉള്ളൂര്‍, കേരള പാണിനി, കുട്ടിക്കൃഷ്ണ മാരാര്‍, ഡോ.കെ.ഗോദവര്‍മ്മ, ആര്.നാരായണപ്പണിക്കര്‍ തുടങ്ങിയ പ്രതിഭകളോട് വിയോജിക്കുമ്പോഴും ആദരവിന്റെയും ഔചിത്യത്തിന്റെയും സംയമന ഭാഷയിലാണ് അത് നിര്‍വഹിക്കുന്നത്. സ്വന്തം നിരീക്ഷണത്തിന്റെയും അറിവിന്റെയും ചാണയില്‍ കടഞ്ഞെടുത്തുമാത്രമാണ് ഈ ഗവേഷകന് സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാറുള്ളത്.
ഒരു ഉണ്ണിക്കിടാവിന്റെ നിഷ്ക്കളങ്കതയും നിര്‍മ്മമതയും ഈ ഗുരുസ്വരൂപത്തിലൂണ്ടായിരുന്നു.
ഉണ്ണിക്കിടാവിന്റെ പിഎച്ച്ഡി പ്രബന്ധമാണ് ‘ചില ലീലാതിലക പ്രശ്നങ്ങള്‍’ ഭാഷാ ഗവേഷണത്തിലെ ഉണര്‍ത്തുപാട്ടാണിത്. മലയാളഭാഷയുടെ മൂല പ്രമാണ ഗ്രന്ഥങ്ങളിലൊന്നാണ് ലീലാതിലകം. സൂത്രം, വൃത്തി, ഉദാഹരണം എന്നിങ്ങനെയുള്ള പ്രതിപാദനരീതിയില്‍ സങ്കീര്‍ണ്ണമായ ഭാഷാസ്വരൂപമാണ് ഈ കൃതിയുടെത്.
മണിപ്രവാള ലക്ഷണമേകുന്ന ഈ പ്രാചീന ഗ്രന്ഥത്തിന്റെ കാലവും ഭാഷയും ഭാഷാ ശാസ്ത്രവും വ്യാകരണവും അന്വേഷിച്ച് പോയ പണ്ഡിതന്മാര് ഏറെയാണ്. ഉള്ളൂര്‍, ഇളംകുളം, ഡോ.പി.കെ.നാരായണപിള്ള, ഏ.ആര്.രാജരാജവര്‍മ്മ, വടക്കങ്കൂര്, കുട്ടികൃഷ്ണ മാരാര്‍ എന്നിവര്‍ വ്യാഖ്യാനവും, നിരീക്ഷണങ്ങളും പരികല്പനകളുമായി ലീലാതിലകത്തിന്റെ പഠിതാക്കളായുണ്ട്. ഉണ്ണിക്കിടാവിന്റെ ‘ലീലാതിലക’ വായന ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ മൗലിക സമീപനവും ചിന്താധാരകളും ആവാഹിക്കുന്നവയായിരുന്നു. പ്രശ്നങ്ങളെ സ്വതന്ത്രബുദ്ധിയോടെ വിചാരണ ചെയ്യാനും നൂതനമായ അറിവുറവുകളെ ഗ്രന്ഥത്തില്‍ നിന്ന് സ്വാംശീകരിച്ചെടുക്കാനും കിടാവിന്റെ ഗവേഷണതപസ്യക്ക് സാദ്ധ്യമായി. വിചാരകൗശലത്തിന്റെയും ഗവേഷണ സംസ്ക്കാരത്തിന്റെയും നൂതനമാനമാണ് അദ്ദേഹം പഠന മനനങ്ങളിലൂടെ ഇവിടെ കാഴ്ചവെച്ചത്.
ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഉള്ക്കണ്ണ് തുറപ്പിക്കുന്ന മാതൃകാമാനദണ്ഡമാണ് ലീലാതിലക പ്രശ്നങ്ങള്‍ സ്വീകരിക്കുന്നത്.
സ്വതന്ത്ര്യവും പ്രൗഢവുമായ മലയാളസാഹിത്യം രൂപപ്പെട്ടുവരുന്ന നീണ്ടകാലഘട്ടത്തെക്കുറിച്ചുള്ള കിടാവിന്റെ വിചിന്തനങ്ങള്‍ പ്രാക്തനമായ പ്രസ്ഥാനങ്ങളുടെ ഉത്ഭവകാലവും, വ്യവഹാരഭാഷയും സാഹിത്യരീതികളും പുനര്‍നിര്‍ണ്ണയിക്കാന്‍ പ്രയോജനപ്പെടുന്നു. ‘ഭാഷാന്വേഷണം’, ‘അക്ഷരകാണ്ഡം’ എന്നീ കൃതികള്‍ ഈ മേഖലയില്‍ എന്നും സാഹിത്യവിദ്യാര്ത്ഥിക്ക് വെളിച്ചം പകരുന്നു. ഏകാഗ്രമായ ഗവേഷണ ബുദ്ധിയുടെയും സാരഗ്രാഹിയായ സംവേദത്വത്തിന്റെയും ശിക്ഷണിവിദ്യയില് നിന്നുണ്ടായ രചനയാണ് ‘മലയാളവും മിശ്രഭാഷകളും’ എന്ന കൃതി. ഭാഷയുടെ ഉറവും ഉന്മയും വികാസവും തേടിയുള്ള സഞ്ചാരപഥത്തില്‍ ഉത്തമങ്ങളായ സിദ്ധാന്തരൂപങ്ങള്‍ ഇവിടെ പിറവിയെടുക്കുകയാണ്.
പൂര്‍വ്വ സൂരികളുടെ പരികല്പനകളെ യുക്തിപൂര്‍വ്വം ഖണ്ഡിച്ചുകൊണ്ടാണ് കിടാവിന്റെ മുന്നേറ്റം. ഭാഷാപഠനത്തെ സംസ്ക്കാരപഠനമാക്കി പുനഃസൃഷ്ടിക്കാനുള്ള ശ്രമമാണ് ‘പുനരവലോകവും മലയാളപരിണാമവാദ ചര്‍ച്ച’യും. കൃത്രിമത്വവും ദുര്‍ഗ്രഹതയുമില്ലാതെ ഓജസ്സുറ്റ ശൈലിയും ഭാഷയിലുമാണ് ഇതിലെ നിബന്ധങ്ങള്‍. സാഹിത്യത്തിന്റെ ഘട്ടവിഭജനവും, വിഭജനത്തിനുള്ള മാനദണ്ഡ സാമഗ്രികളും ആത്മനിഷ്ഠമായി മൂല്യനിര്‍ണ്ണയം ചെയ്യാനും ലിപി വ്യവസ്ഥയുടെ പ്രാചീനപഠനം സൂഷ്മതയോടെ നിര്‍വ്വഹിക്കാനും കിടാവിന്റെ പ്രതിഭ ഉണര്‍ന്നു നിന്നു.
സംഘകാല കൃതികളിലെ തമിഴ് സംസ്കാരം എന്ന കൃതി ഗവേഷണ രംഗത്തുണ്ടായ രാജശില്പമാണ്.
സംഘസാഹിത്യത്തിലെ ‘പതിറ്റുപ്പത്തി’നെക്കുറിച്ചുള്ള സവിശേഷമായ നിരീക്ഷണങ്ങളിലൂടെ അദ്ദേഹം ഉയര്‍ത്തിയ വാദഗതികള്‍ ഇന്നും ചിന്താവിഷയമാണ്. ഭാരതീയ പൈതൃകവും സാംസ്കാരിക പ്രത്യക്ഷങ്ങളുമാണ് ഈ ഗവേഷകനെ രൂപപ്പെടുത്തിയത്. പ്രസാദാത്മകമായ ജീവിത ദര്‍ശനവും പ്രകൃതിസ്നേഹവും അദ്ധ്വാനമഹിമയും കിടാവിന്റെ സ്വത്വത്തിന് ഊര്‍ജ്ജം പകര്‍ന്നു. അദ്ധ്യാപനത്തിലും എഴുത്തിലും നിലനിര്‍ത്തിയ ആര്‍ദ്രതയുടെയും സ്നേഹധാരയുടെയും ഒരു നീരൊഴുക്ക് കിടാവിലെ മാനവതയെ അടയാളപ്പെടുത്തുന്നു. സാഹിത്യ ലോകം, ഗ്രന്ഥലോകം, വിജ്ഞാനകൈരളി, മാതൃഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെ ഗവേഷണനിബന്ധങ്ങള്ക്ക് വേദിയായി.
കേരളസാഹിത്യ അക്കാദമിയുടെ ഐസി ചാക്കോ അവാര്‍ഡ്, ചെന്നൈ ഭാഷാചാര്യ പുരസ്കാരം, മേലൂര്‍ ദാമോദരന്‍ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാര മുദ്രകള്‍ അദ്ദേഹം സ്വന്തമാക്കി. സ്ഥാനമാനങ്ങള്‍ക്ക് പുറകെയോടിക്കിതയ്ക്കാന് ഈ പണ്ഡിതന് ഒരിക്കലും ശ്രമിച്ചിട്ടില്ല. നിത്യമധുരമായ ഒരു സാധനയായാണ് തന്റെ കര്‍മ്മരംഗത്ത് അദ്ദേഹം വിനിയോഗിച്ചത്. ഭാഷ അമ്മതന്നെയെന്ന് ഉണ്ണിക്കിടാവ് അനുഭവിച്ചറിയുന്നു.
ഗാന്ധിയന്‍ ജീവിതപ്പാതയാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. സ്വദേശമായ കൊയിലാണ്ടി മേലൂര്‍ ഗ്രാമത്തിലാണ് കിടാവിന്റെ ജനനം. അനവരതമായ അദ്ധ്വാനവും അനുശീലനവുമാണ് അദ്ദേഹത്തെ ഭാഷാപണ്ഡിതന്മാരുടെ മുന്നണിയിലെത്തിച്ചത്. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് വിരമിച്ച ശേഷവും ഏറെക്കാലം ഗവേഷണ പഠനങ്ങളിലും നിരന്തരമായ വായനാ തപസ്യയിലും മുഴുകിയിരിക്കുകയായിരുന്നു ഉണ്ണിക്കിടാവ്. സഹധര്‍മ്മിണി ഡോ. പി.പദ്മാവതി, മകള്‍ ലക്ഷ്മി, മരുമകന് മുരളീ ഭാസ്ക്കര്‍ എന്നിവരൊപ്പം കുടുംബത്തിന്റെ പ്രശാന്തതയില്‍ അദ്ദേഹം വിശ്രമജീവിതത്തിലായിരുന്നു. 94-ാം വയസ്സില്‍, 2014 സപ്തംബര്‍ 6ന് ഉത്രാടസന്ധ്യയിലാണ് ഉണ്ണിക്കിടാവ് ഓര്‍മ്മയാവുന്നത്. ആ ഗുരുശ്രേഷ്ഠന് പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: