ആലപ്പുഴ: അടിച്ചേല്‍പ്പിക്കപ്പെടുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയല്ല തിരിച്ചറിവുകളിലൂടെയാണ് കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതെന്ന് ജില്ലാ സെഷന്‍സ് ജഡ്ജി മേരി ജോസഫ് പറഞ്ഞു. കുട്ടികളുടെ അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നിവ സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് സംഘടിപ്പിച്ച കുട്ടികളുടെ സംവാദം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കുട്ടികള്‍ക്കാണ് നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുക. അവകാശങ്ങള്‍ സ്വയം അറിയണം. ഇവയെക്കുറിച്ച് ചിന്തിക്കണം. നല്ലത് എന്തെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. അവകാശങ്ങള്‍ക്കായി സ്വയം പൊരുതണം. വിവര-സാങ്കേതിക വിദ്യയെ നല്ലരീതിയിലും ചീത്തയായും ഉപയോഗിക്കാം. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമൊക്കെ നല്ലരീതിയില്‍ ഉപയോഗിക്കാമെന്ന തിരിച്ചറിവ് വേണം. സമൂഹം മൂല്യച്യുതിയിലേക്ക് നീങ്ങുന്നതുകൊണ്ടാണ് കൂടുതല്‍ നിയമങ്ങള്‍ ആവശ്യമായി വരുന്നതെന്നും ജില്ലാ ജഡ്ജി പറഞ്ഞു. കമ്മിഷന് അംഗം ജെ. സന്ധ്യ അദ്ധ്യക്ഷത വഹിച്ചു.
കുട്ടികളുടെ അവകാശത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.പി. സുബൈര്‍, യൂണിസെഫ് കണ്‍സള്‍ട്ടന്റ് ഷെറിന് ഷാരീര് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. തുടര്‍ന്ന് കുട്ടികള്‍ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും കമ്മിഷനുമായി പങ്കുവച്ചു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 70 കുട്ടികളും 35 അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു. ബാലാവകാശ സംരക്ഷണമേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് കുട്ടികളുടെ അഭിപ്രായം തേടുകയാണ് പരിപാടിയുടെ ലക്ഷ്യം. സംസ്ഥാന വിദ്യാഭ്യാസവകുപ്പ്, യൂനിസെഫ് എന്നിവയുടെ സഹകരണത്തോടെയാണ് സംവാദം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: