ഞാന്‍ ആരാണെന്ന് പരിചയപ്പെടുത്താന്‍ എനിക്ക് തന്നെ അറിയില്ല. ചിത്രകാരനാണോ ശില്പ്പിയാണോ സ്വര്ണ്ണപ്പണിക്കാരനാണോ…. ആരാണ് ഞാന്‍.”
കോഴിക്കോട് നഗരത്തിരക്കിന്റെ ഓരത്തുള്ള ഒറ്റനില വീട്ടിലിരുന്ന് എം.പി. ചന്ദ്രദാസ് സ്വയം ചോദിക്കുന്നു. ഐ.വി. ശശിയുടെ കൂടെ യൂണിവേഴ്സല്‍ ആര്‍ട്സില്‍ ചിത്രകല പഠിക്കുകയും പോള്‍ കല്ലാനോടിനെപ്പോലെ അനുഗൃഹീത ചിത്രകാരന്മാര്ക്ക് വരയുടെ പാഠം പറഞ്ഞു കൊടുക്കുകയും ചെയ്ത കലാകാരന്. കുറച്ചു പണവും അല്പം സൗകര്യവുമുണ്ടായിരുന്നെങ്കില് ബോംബെ ജെജെ സ്കൂളില്‍ ചിത്രകല പഠിക്കാന്‍ പോകണമെന്നാഗ്രഹിച്ച ചന്ദ്രദാസ് തന്റെ 67-ാം വയസ്സില്‍ തിരിഞ്ഞുനോക്കുമ്പോള്‍ സ്വയം കുറ്റപ്പെടുത്തുന്നില്ല. ”എല്ലാം എനിക്കോര്‍മ്മയുണ്ട്. എന്നാല്‍ അതെല്ലാം മറ്റുള്ളവര്‍ അതേപോലെ ഓര്‍മ്മിച്ചു വെക്കണമെന്ന് എനിക്ക് നിര്‍ബന്ധം പിടിക്കാനവകാശമില്ലല്ലോ” ചന്ദ്രദാസ് പറയുന്നു.
ചിത്രകാരന്മാരുടെ കൂട്ടത്തില്‍ നടക്കാന്‍ ചന്ദ്രദാസിന് സമയമുണ്ടായിരുന്നില്ല. തലമുറകള്‍ പിന്നിടുമ്പോള്‍ തന്നെ ആരെങ്കിലും ഓര്‍ക്കണമെന്നുണ്ടെങ്കില്‍ അത്തരമൊരിടപെടല്‍ കാത്തുസൂക്ഷിക്കണമായിരുന്നുവെന്നും ചന്ദ്രദാസനറിയാം. എന്നാല്‍ അച്ഛന് പകര്‍ന്നു തന്ന ചിത്രകല തുടരാനായിരുന്നില്ല അച്ഛന് പഠിപ്പിച്ച കുലത്തൊഴില്‍ തുടരണമെന്ന നിശ്ചയത്തിന് മുമ്പിലാണ് ചന്ദ്രദാസന്‍ തലകുനിച്ചത്. രാത്രികാലങ്ങളില്‍ ഒഴിഞ്ഞുകിട്ടുന്ന ഇടവേളകളില്‍ ചന്ദ്രദാസനിലെ ചിത്രകാരന് വരച്ചുകൊണ്ടേയിരുന്നു. നഗരത്തില്‍ ഒരിക്കല്‍ സജീവമായിരുന്ന ആര്‍ട്ടിസ്റ്റ് ഫോറത്തിലും യൂണിവേഴ്സല്‍ ആര്‍ട്സ് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനങ്ങളിലും പങ്കാളിയായി. ജീവോല്പ്പത്തി, പുരുഷോല്പ്പത്തി തുടങ്ങിയ ചിത്രപരമ്പരകള്‍ ഉടലെടുത്തത് അക്കാലത്താണ്. പാരമ്പര്യ വഴികള്‍ മറക്കാതെ ആധുനിക ചിത്രരചനാസങ്കേതങ്ങള്‍ ലയിപ്പിച്ചു വരച്ചു തീര്‍ത്ത അത്തരം ചിത്രസമാഹാരങ്ങള്‍ അക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൃഷ്ടി, സ്ഥിതി, സംഹാരം എന്ന ശില്‍പ്പങ്ങളും രൂപപ്പെടുത്തിയത് അക്കാലത്തായിരുന്നു.
വളരെ ചെറുപ്പത്തില്‍ത്തന്നെ ചിത്രം വരയില്‍ കമ്പമുണ്ടായിരുന്നു. അച്ഛന് രാമനാണ് ചിത്രംവരയിലും ഗുരു. ഡ്രോയിംഗില്‍ സര്‍ക്കാരിന്റെ ഡിപ്ലോമ നേടി. 70 ല്‍ അച്ഛന് മരിച്ചതിനു ശേഷം കുലത്തൊഴില്‍ തന്നെ തുടര്‍ന്നു. 2 കൊല്ലം തൃശൂരിലെ ഫൈന്‍ ആര്‍ട്സ് കോളജില്‍ ഇന്‍സ്ട്രക്ടറായും ജോലി ചെയ്തിരുന്നു. ആന്റണിമാഷുടെ കാലത്ത് യൂണിവേഴ്സല്‍ ആര്‍ട്സിലും ചിത്രകലാ അദ്ധ്യാപകനായിരുന്നു. അക്കാലത്ത് നടത്തിയ ചിത്ര ശില്‍പ്പ പ്രദര്‍ശനം വലിയ തിരിച്ചടിയാണ് നല്‍കിയത്. ചിത്രകാരന് എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഏതാണ്ട് 12,000 രൂപയോളം അതിന് ചെലവായത് അന്നത്തെ സാമ്പത്തിക സ്ഥിതിയില്‍ താങ്ങാന്‍ കഴിയുന്നതായിരുന്നില്ല.
പുരസ്കാരങ്ങളുടെയും പ്രശസ്തി പത്രങ്ങളുടെയും വലിയ ശേഖരമില്ലാത്തത് ഈ ചിത്രകാരന് ഒരു കുറവായി കാണുന്നില്ല. അത് നേടാനുള്ള മെയ് വഴക്കവും അഭ്യാസവും പരിചിതമില്ലാത്ത ഈ പച്ച മനുഷ്യന് പൊന്നുപോലെ സൂക്ഷിച്ചു വെക്കുന്നത് തപസ്യയുടെ സാംസ്കാരിക യാത്രയോടനുബന്ധിച്ച് ലഭിച്ച പുരസ്കാരമാണ്. 1992 ല്‍ അന്നത്തെ ജില്ലാ കളക്ടര്‍ അമിതാബ് കാന്ത് നല്കിയ പ്രശസ്തി പത്രവും ഇതിനോടൊപ്പമുണ്ട്.
തപസ്യയുമായുള്ള ബന്ധം ഏറെ ദൃഢമായിരുന്നു. അതിന് കാരണക്കാരനായത് എംഎ സാറുമായുള്ള അടുത്ത ബന്ധവും.’എംഎ സാര്‍ ഈ വീട്ടുകാരിലൊരാളായിരുന്നു’ വെന്ന് ചന്ദ്രദാസിന്റെ ഭാര്യ ഗിരിജ കൂട്ടിച്ചേര്‍ക്കുന്നു. ചന്ദ്രദാസന്റെ സഹോദരി രമണിയെ വിവാഹം കഴിച്ച തൃശൂരിലെ സി.പി. സുബ്രഹ്മണ്യന് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. ആ ബന്ധമാണ് സംഘ പ്രസ്ഥാനങ്ങളുമായി അടുപ്പിച്ചത്. കേസരി മാനേജരായിരുന്ന എം. രാഘവനാണ് ആദ്യമായി വീട്ടിലെത്തുന്നത്. പിന്നീട് എന്‍.എസ്. രാംമോഹനും എംഎ സാറും. ആ ബന്ധമാണ് തപസ്യയുടെയും ബാലഗോകുലത്തിന്റെയും പ്രവര്‍ത്തനങ്ങളുമായി അടുക്കാനിടയായത്. അടിയന്തരാവസ്ഥക്കാലത്ത് തന്നെ വി.എം. കൊറാത്തും എംഎ സാറും മാധവ്ജിയുമൊക്കെ ഒരുമിച്ചു കൂടി തപസ്യക്ക് ബീജാവാപം ചെയ്തിരുന്നു.
”അടിയന്തരാവസ്ഥക്ക് ശേഷം തപസ്യ സജീവമായി. സാഹിത്യ സാംസ്കാരിക നായകന്മാരുടെ സര്‍ഗ്ഗവേദിയായി അതുമാറി. അതിന് ഒരു ലോഗോ വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അക്കാര്യം എംഎ സാര്‍ എന്നെ ഏല്‍പ്പിക്കുകയായിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലോഗോ തയാറായത്. തപസ്യയുടെ വിവിധ വേദികളില്‍ അതുയര്‍ന്നു കണ്ടതിന്റെ സ്മരണകള്‍ വാക്കുകളില്‍ ഒതുങ്ങാത്ത ആഹ്ലാദമാണ് ചന്ദ്രദാസനില്‍ നിറക്കുന്നത്. മയില്‍പ്പീലിയും മുരളിയുമായി ബാലഗോകുലത്തിന്റെ മനോഹരമായ ലോഗോയും തയാറാക്കിയത് എംഎ സാറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു.
കുഞ്ഞുണ്ണിമാഷ് കോഴിക്കോട്ടുണ്ടായിരുന്ന കാലത്ത് അടുത്ത ബന്ധമായിരുന്നു. കുഞ്ഞുണ്ണിക്കവിതകളുടെ കവര്‍ വരക്കാനിടയായത് ആ അടുപ്പത്തിന്റെ ഫലമായിരുന്നു. 1970 ല്‍ യുറീക്കയുടെ മുഖചിത്രം തയാറാക്കാന്‍ ടി. ആര്. ശങ്കുണ്ണി കണ്ടെത്തിയത് ചന്ദ്രദാസനെയായിരുന്നു. തപസ്യയുടെ വാര്‍ഷികസ്മരണികകള്‍ എബിവിപിയുടെ വാര്‍ഷിക സ്മരണികയായ സ്മൃതിമഞ്ജുഷ, കേസരി വാരികയുടെ ഓണപ്പതിപ്പുകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങള്‍ വരച്ച ചന്ദ്രദാസന്‍ അതൊന്നും സൂക്ഷിച്ചുവെക്കാന്‍ കഴിയാത്തതിലുള്ള ദുഃഖം മറച്ചുവെക്കുന്നില്ല. നിരവധി ക്ഷേത്രങ്ങളുടെ ശില്‍പ്പ മാതൃകകള്‍ ആദ്യമായി രൂപംകൊണ്ടത് ചന്ദ്രദാസന്റെ കരങ്ങളിലൂടെയാണ്.
ശ്രീകോവിലുകളില്‍ പ്രതിഷ്ഠിക്കപ്പെടുന്ന വിഗ്രഹങ്ങളും സൂക്ഷ്മതയോടെ സൗന്ദര്യത്തികവില്‍ ചന്ദ്രദാസന്‍ തയാറാക്കിയെടുക്കുന്നു. ഓമശ്ശേരി അന്ധനാര്കാവിലേക്കുളള തിരുവാഭരണപ്പെട്ടി ചന്ദ്രദാസന്റെ പണിപ്പുരയില്‍ അവസാന മിനുക്കുപണിയിലാണ്. പാലാഴ ചിറക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ, പുതിയകടവ് ശ്രീമഹാഗണപതി ക്ഷേത്രത്തിന്റെയും രൂപകല്‍പ്പന, ഉള്ളാട്ടില്‍ ശ്രീഭഗവതി ക്ഷേത്രത്തിന്റെയും രൂപകല്‍പ്പന, മഞ്ചേരി അരുകിഴായ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠക്കുള്ള അലങ്കാരങ്ങള്‍, ഇങ്ങനെ നിരവധി ക്ഷേത്രങ്ങളില്‍ ചന്ദ്രദാസന്റെ കലാവിരുത് പ്രകടമായിട്ടുണ്ട്.
കേരളീയ പരമ്പരാഗത ആഭരണശൈലിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടാക്കുന്നതിലുമുള്ള മികവിലും ചന്ദ്രദാസന്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. എന്നാല്‍ വീടിനു ചുറ്റും ആകാശംമുട്ടെ ഉയര്‍ന്നു വരുന്ന ജ്വല്ലറികള്‍ക്ക് മുമ്പില്‍ ഏതൊരു സ്വര്പ്പണിക്കാരനെയും പോലെ ചന്ദ്രദാസനിലെ സ്വര്‍ണ്ണപ്പണിക്കാരനും തളരുകയാണ്. പോള്‍ കല്ലാനോട്, കെ.ആര്.സി. മോഹന്‍ദാസ്, വേണു മേലൂര്‍, മാത്യുസ് ജോര്‍ജ് എന്നിവരൊക്കെ ചന്ദ്രദാസനില്‍ നിന്നും ചിത്രകല പഠിച്ചിട്ടുണ്ട്. ചിത്രകലയിലെ നൂതന പ്രവണതകളെ സൂക്ഷ്മമായി തിരിച്ചറിയുന്ന ചന്ദ്രദാസന്റെ മനസ്സില്‍ ഒരു സ്വപ്നം കെടാതെ കിടക്കുന്നുണ്ട്. ”ഒരു ആര്‍ട്സ് സ്കൂള്‍ ആരംഭിക്കുക എന്നതാണത്. എന്നെങ്കിലും അത് സാക്ഷാത്ക്കരിക്കണം.” ഏറിവരുന്ന നഗരത്തിരക്കിലേക്ക് കണ്ണോടിച്ചുകൊണ്ട് ചന്ദ്രദാസന്‍ പറയുന്നു.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: