ബംഗളൂരു: മംഗള്‍യാനിന്റെ പ്രത്യേകതകള്‍ വര്‍ണ്ണിച്ച് ചിലപ്പോള്‍ ഒരു ശാസ്ത്രജ്ഞനെപ്പോലെ, ചിലപ്പോള്‍ ഒരു തത്വചിന്തകനെപ്പോലെ.. മംഗള്യാന് വന്‍ വിജയമായ ശേഷം ഇക്കാര്യം പ്രഖ്യാപിച്ചും ശാസ്ത്രജ്ഞരെ അഭിനന്ദിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ആവേശോജ്വലമായിരുന്നു. അവസരത്തിനൊത്ത്, ഇംഗ്ലീഷിലും ഹിന്ദിയിലും മാറിമാറിയുള്ള പ്രസംഗം അല്പനേരം നീണ്ടു.
ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് എത്തിയ എല്ലാ ശാസ്ത്രജ്ഞരും ഒരോ വാക്കും അതിശയത്തോടെയാണ് കേട്ടിരുന്നത്. നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സകലരെയും എടുത്തെടുത്ത് പ്രശംസിച്ച പ്രധാനമന്ത്രി പിന്നീട് ഒരോരുത്തരെയും പരിചയപ്പെട്ട് ഹസ്തദാനം നല്കി അഭിനന്ദിച്ചു. മിക്കവരും പ്രധാനമന്ത്രിയുടെ ഒപ്പടങ്ങിയ ഓട്ടോഗ്രാഫ് വാങ്ങി. ആശംസാ വാക്കുകള്‍ കുറിക്കാന്‍ കടലാസ് കിട്ടാത്തവര്‍ മംഗള്യാനിനെപ്പറ്റി പ്രതിപാദിക്കുന്ന ലഘുലേഖകളില്‍ മോദിയുടെ ഒപ്പ് വാങ്ങി. അവിടെക്കൂടിയ സകലര്‍ക്കും ഹസ്തദാനം നല്കിയെന്നു പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയാവില്ല.
രാവിലെ ഏഴേകാലോടെ എത്തിയ പ്രധാനമന്ത്രി എല്ലാം കഴിഞ്ഞ് വിജയസന്ദേശവും ലഭിച്ച് എല്ലാവരേയും കണ്ട് അഭിനന്ദിച്ച് എട്ടേമുക്കാലോടെയാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: