ലഖ്നൗ: ഇന്ത്യ കാര്‍ഗില്‍ യുദ്ധം ജയിച്ചത് മുസ്ലിം സൈനികര്‍ നടത്തിയ യുദ്ധത്തെ തുടര്‍ന്നാണെന്ന് പ്രസ്താവിച്ച സമാജ്വാദി പാര്‍ട്ടി നേതാവ് കുഴപ്പത്തിലായി. യുപിയിലെ മന്ത്രികൂടിയായ അസം ഖാന് നിലപാട് ആവര്‍ത്തിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്തതോടെ ഖാന് പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയായിക്കഴിഞ്ഞു. ബിജെപിയുള്‍പ്പെടെയുള്ള സംഘടനകള്‍ ഖാന് എതിരെ തെരഞ്ഞെടുപ്പു ചട്ട ലംഘനത്തിനും രാജ്യത്ത് വര്‍ഗ്ഗീയ വിഭജനം ഉണ്ടാക്കാനും ശ്രമിച്ചെന്ന പേരില്‍ വിവിധ വേദികളില്‍ പരാതികൊടുത്തിട്ടുണ്ട്. അസം ഖാന് മന്ത്രിസ്ഥാനംതന്നെ നഷ്ടമായേക്കുമെന്നതാണ് സ്ഥിതി.
ഘാസിയാ ബാദില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ അസംഖാന് നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു, “ആരാണ് കാര്‍ഗില്‍ യുദ്ധം വിജയിക്കാന്‍ പോരടിച്ചത്? ഹിന്ദുക്കളല്ല. മുസ്ലിങ്ങളാണ് പാക്കിസ്ഥാനെതിരേ യുദ്ധം ജയിച്ചത്.” ഖാന് പ്രസംഗിച്ചു. കയ്യടികിട്ടിയപ്പോള് ഇതും കൂട്ടിച്ചേര്‍ത്തു, ” ഞങ്ങളെ (മുസ്ലിങ്ങളെ) സൈന്യത്തില്‍ ചേര്‍ക്കൂ. ഞങ്ങള്‍ അതിര്‍ത്തികള്‍ കാത്തുകൊള്ളാം. ഞങ്ങളെപ്പോലെ അതിര്‍ത്തികാക്കാന്‍ വേറേ ആര്‍ക്കും കഴിയില്ല,” ഖാന് പറഞ്ഞു.
സൈന്യത്തെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു വിലയിരുത്തുന്നതും ചിത്രീകരിക്കുന്നതും രാജ്യദ്രോഹമായാണ് ഭരണഘടന കണക്കാക്കുന്നത്. അതും സംസ്ഥാനത്തെ മന്ത്രികൂടിയായ ഒരാള്‍ തെരഞ്ഞെടുപ്പു നടക്കുന്ന വേളയില്‍ പൊതുവേദിയില്‍ നടത്തുന്ന പൊതു പ്രസംഗം അതിന്റെ ഗൗരവം കുട്ടുന്നു. ഇത് മാധ്യമങ്ങളിലും മറ്റും ചര്‍ച്ചാ വിഷയമായിരുന്നു.
ഖാന്റെ പ്രസംഗം വിവാദമായതോടെ സംസ്ഥാന മന്ത്രികൂടിയായ അദ്ദേഹം നിലപാടു മാറ്റുമെന്നു കരുതിയവരെ അമ്പരപ്പിച്ചുകൊണ്ട് ഖാന് നിലപാടു കൂടുതല്‍ വ്യക്തമാക്കി. “മുസ്ലിങ്ങളുടെ രാജ്യത്തിനു വേണ്ടിയുള്ള സംഭാവനയെക്കുറിച്ച് പറഞ്ഞാല്‍ എന്താണു കുഴപ്പം. എന്തുകൊണ്ട് അതെക്കുറിച്ചു സംസാരിച്ചുകൂടാ? എന്തുകൊണ്ടാണ് മുസ്ലിം സൈനികരുടെ ത്യാഗങ്ങള്‍ അവഗണിക്കുന്നത്? കാര്‍ഗില്‍ വിഷയത്തില്‍ എന്റെ പ്രസ്താവന വാസ്തവത്തില്‍ സ്വാഗതം ചെയ്യപ്പെടുകയാണു വേണ്ടത്,” ഖാന് പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പു കമ്മീഷന് ഖാനെതിരേ പരാതി കൊടുത്തുകഴിഞ്ഞു. ഖാന് തന്റെ പ്രസംഗത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി അമിത് ഷായെ ഗുണ്ടയെന്നും കൊലയാളിയെന്നും വിളിച്ചിരുന്നു. നരേന്ദ്ര മോദി മുസ്ലിങ്ങളുടെ ശത്രുവാണെന്നും ഖാന് വിവരിച്ചു.
ഘാസിയാബാദില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി മുന്‍ സൈനിക തലവന്‍ ജന. വി. കെ. സിംഗാണ്. ഇതാണ് ഖാനെ കാര്‍ഗില്‍ വിഷയം പറയാന്‍ പ്രേരിപ്പിച്ചത്. ഘാസിയാബാദില്‍ സൈനിക സേവനത്തില്‍ ഏര്‍പ്പെട്ടവരും ഏര്‍പ്പെട്ടിരിക്കുന്നവരും ഏറെയുണ്ട്. അവിടെ സൈനിക ഓഫീസുകളുമുണ്ട്. ഈ സാഹചര്യത്തില്‍ നിലവില്‍ സിംഗിന് അനുകൂലമായി നല്ല രാഷ്ട്രീയ അന്തരീക്ഷമാണുള്ളത്. ഇത് തകര്‍ക്കാനാണ് ഖാന് മുസ്ലിം സൈനികരെക്കുറിച്ചു പറഞ്ഞത്. ഖാന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞ ബിജെപി സ്ഥാനാര്‍ത്ഥി വി. കെ. സിംഗ് ഇന്ത്യന്‍ സൈന്യമാണ് കാര്‍ഗില്‍ യുദ്ധം ജയിച്ചതെന്ന് മറുപടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: