ഷിംല: നേഗി മുത്തച്ഛന് രേഖപ്പെടുത്താന്‍ പോകുന്നത് 16-ാമത്തെ വോട്ട്. പതിനാറാമത്തെ പൊതു തെരഞ്ഞ്പ്പില് രാജ്യത്ത് സമ്മദിദാന അവകാശം വിനിയോഗിക്കുന്നവര്ക്ക് ഉത്തമ മാതൃകയാവുകയാണ് ഹിമാചല്‍ പ്രദേശുകാരനായ ശ്യാം സരണ്‍ നേഗി. ആരാണെന്നോ ഈ നേഗി മുത്തച്ഛന്? ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍.
വിശ്വസിക്കാന്‍ എളുപ്പമല്ല, പക്ഷേ തെരഞ്ഞെടുപ്പു കമ്മീഷന് പറയുന്ന കണക്കും നേഗി മുത്തച്ഛന് ഓര്‍മ്മയില്‍നിന്നു പറയുന്ന കാര്യങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ വിശ്വസിച്ചേ പറ്റൂ. കാരണം, സ്വതന്ത്ര ഇന്ത്യയില്‍ ജനാധിപത്യ സംവിധാന പ്രകാരം പൊതു തെരഞ്ഞെടുപ്പു നടന്നത് 1952 ഫെബ്രുവരിയില്‍ ആണ്. എന്നാല്‍ രേഖകള്‍ പറയുന്നു, നേഗി മുത്തച്ഛനും കൂട്ടരും 1951 ഒക്ടോബര്‍ 25-ന് വോട്ടു കുത്തിയെന്ന്.
ഹിമാചല്‍ പ്രദേശിലെ റിട്ടയേര്‍ഡ് സ്കൂള്‍ അധ്യാപകനായ ഈ 97 കാരനാണ് ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍ എന്നു തെരഞ്ഞെടുപ്പു കമ്മീഷനും ഏറെക്കുറേ അംഗീകരിച്ചതോടെ നേഗി മുത്തച്ഛനെക്കുറിച്ച് ഗൂഗിള്‍ ഒരു വീഡിയോ ചിത്രം ഇറക്കി. ഇതിനകം രണ്ടു മില്യണ്‍ പേരാണ് ഈ വീഡിയോ ഇന്റര്‍നെറ്റില്‍ കണ്ടത്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 1951 -52 മുതല്‍ ഇന്ത്യയില്‍ നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വോട്ടര്‍മാര്‍ക്ക് മാതൃകയാണ് നേഗിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വെളിപ്പെടുത്തിയിരുന്നു.
മുടക്കം വരുത്താതെ വോട്ടു ചെയ്യുന്ന മനുഷ്യന്റെ യഥാര്‍ത്ഥ കഥ എന്നാണ് ഗൂഗിളിലെ വീഡിയോയുടെ പേര്. മഞ്ഞുമൂടി വര്‍ണ്ണശബളമായ കിന്നൗര്‍ ജില്ലയിലെ കല്പക ഗ്രാമത്തിലെ തന്റെ വീട്ടിലിരുന്നു ചായ കുടിക്കുന്ന ദൃശ്യത്തോടെ ആരംഭിക്കുന്ന ഷോട്ട് ഫിലിമില്‍ തന്റെ കോട്ടും തൊപ്പിയും ധരിച്ച് വടിയുടെ സഹായത്തോടെ ആപ്പിള്‍തോട്ടത്തിലും പൈന്‍മരങ്ങള്‍ക്കിടയിലം കൂടി പോളിംഗ് ബൂത്തിലേക്ക് നേഗി നടന്നു നീങ്ങുന്ന ദൃശ്യമാണുള്ളത്.
നേഗി ഇന്ത്യയിലെ ആദ്യവോട്ടറാണെന്നും ആദ്യ പോളിംഗ് ബൂത്തുകളിലൊന്നായ കല്പയില് 1951 ഒക്ടോബര്‍ 25-നാണ് നേഗി വോട്ട് രേഖപ്പെടുത്തിയതെന്നും ഗൂഗിള്‍ വെളിപ്പെടുത്തുന്നു.
നേഗി മുത്തച്ഛന് ഓര്‍മ്മയില്‍നിന്ന് ആ നാളുകള്‍ ചികഞ്ഞെടുക്കുന്നു, “കൊടും ശൈത്യത്തില്‍ റോഡുകള്‍ മഞ്ഞുകൊണ്ടു മൂടും മുമ്പ്, ഞങ്ങള്‍ വോട്ടു ചെയ്യുകയായിരുന്നു. രാജ്യം വോട്ടു ചെയ്യുന്നതിനു മാസങ്ങള്‍ മുമ്പ്.”
അതിനുശേഷം രാജ്യത്ത് നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പിലും നേഗി വോട്ട് രെഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുടങ്ങാതെ വോട്ടുചെയ്യുമ്പോഴും ഏത് പാര്‍ട്ടിയിലാണ് വിശ്വസിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ ജനാധിപത്യവും നിയമവുമറിയാവുന്ന നേഗി തയ്യാറാകുന്നില്ല. പകരം മറുപടി ഇങ്ങനെ, “ആത്മാര്‍ത്ഥതയോടെ നല്ല ഭരണം കാഴ്ചവെയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാണ് എന്റെ വോട്ട്.” എന്നാല്‍, പുതിയ നോട്ട സംവിധാനത്താട് അദ്ദേഹത്തിനു താല്പര്യമില്ല. “സ്ഥാനാര്‍ത്ഥികളില്‍ ആരെയും സ്വീകരിക്കാനാവാത്ത സാഹചര്യമൊന്നും നിലനില്‍ക്കുന്നി”ല്ലെന്നാണ് താന്‍ കരുതുന്നതെന്ന് നേഗി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: