ന്യൂദല്‍ഹി: പതിനേഴാം വയസ്സില്‍ വിവാഹം കഴിച്ചിരുന്നതായി വഡോദരയിലെ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നരേന്ദ്രമോദി വ്യക്തമാക്കി. അരനൂറ്റാണ്ട് മുമ്പത്തെ സാമൂഹ്യാചാരത്തിന്റെ ഭാഗമായി മാത്രം നടന്ന ചടങ്ങാണിതെന്നും വിവാഹശേഷം മോദി രാഷ്ട്രസേവനത്തിനായി വീടുപേക്ഷിച്ചിറങ്ങുകയായിരുന്നെന്നും സഹോദരന് സോമഭായ് പറഞ്ഞു. വിവാഹം ചെയ്തിട്ടില്ലെന്ന് നരേന്ദ്രമോദി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് മറ്റൊരു സഹോദരനായ പ്രഹ്ലാദനും പറഞ്ഞു.
ബുധനാഴ്ചയാണ് വഡോദര ജില്ലാ കളക്ടര്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിവാഹിതനാണെന്നും ഭാര്യയുടെ പേര് യശോദാ ബെന്‍ എന്നാണെന്നും മോദി അറിയിച്ചത്. എന്നാല്‍ ഇവര്‍ക്കെത്ര ആസ്തിയുണ്ട്, പാന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ അവരുടെ സ്വത്തുവിവരങ്ങളെപ്പറ്റിയുള്ള കാര്യങ്ങളൊന്നും അറിയില്ലെന്നും മോദി സത്യവാങ്മൂലത്തില്‍ പറയുന്നു. നാലുവട്ടം ഗുജറാത്തില്‍ നിന്നും മത്സരിച്ചപ്പോഴും ഭാര്യയുടെ കോളം ഒഴിച്ചിട്ടാണ് മോദി സത്യവാങ്മൂലം നല്‍കിയിരുന്നത്. സത്യവാങ്മൂലത്തില്‍ നല്കുന്ന വിവരങ്ങള്‍ തെറ്റിക്കാന്‍ പാടില്ലെന്നു മാത്രമാണ് ചട്ടം.
മോദിയുടെ ജ്യേഷ്ഠനായ സോമഭായ് പറയുന്നത് ഇങ്ങനെ: ‘ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ലായിരുന്നു. ദരിദ്ര കുടുംബവുമായിരുന്നു. എല്ലാ മക്കളേയും പോലെതന്നെ ആയിരുന്നു മാതാപിതാക്കള്‍ക്ക് നരേന്ദ്രനും. അന്നത്തെ സാമൂഹ്യരീതി അനുസരിച്ച് അവര്‍ മോദിയുടേയും യശോദയുടേയും വിവാഹം നടത്തി. പാവപ്പെട്ട യാഥാസ്ഥിതിക കുടുംബത്തിന്റെ ഒരു ആചാരം മാത്രമായി നടന്ന ചടങ്ങായിരുന്നു അത്. എന്നാല്‍ മറ്റ് അഞ്ചുപേരില്‍ നിന്നും വ്യത്യസ്തമായി ആ ആചാരം അംഗീകരിക്കാതെ രാജ്യസേവനത്തിനായി മോദി വീടുപേക്ഷിച്ചിറങ്ങി. അതിനുശേഷം മോദിക്ക് കുടുംബവുമായി യാതൊരു ബന്ധവുമില്ല’.
നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ വഡനഗറില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ബ്രഹ്മണ്വാഡയിലെ സ്കൂള്‍ ടീച്ചറായിരുന്ന യശോദാ ബെന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ഇരുവര്‍ക്കും പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പ് വീട്ടുകാര്‍ നടത്തിയ വിവാഹത്തേപ്പറ്റി യശോദാബെന്‍ കുറച്ചു നാള് മുമ്പ് നല്കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ. ‘അദ്ദേഹം എന്നോട് പറഞ്ഞു, ഞാന്‍ രാജ്യമുടനീളം സഞ്ചരിക്കാന്‍ പോകുകയാണ്. എന്റെ ഒപ്പം വന്നിട്ട് നീ എന്തു ചെയ്യാനാണ്.
ഭര്‍തൃഗൃഹത്തില്‍ ഇരിക്കേണ്ട പ്രായമല്ലിത്. പഠിക്കാനുള്ള പ്രായമാണ്. പഠനം പൂര്‍ത്തിയാക്കണം’. പിരിയാനുള്ള തീരുമാനവും എന്റേത് മാത്രമായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല, യശോദാ ബെന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: