ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപ്രഖ്യാപിത പെരുമാറ്റച്ചട്ടങ്ങള്‍ രാഹുല്‍ ഗാന്ധി ലംഘിക്കുകയാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. മോദിയുടെ നിയമപരമായ ദാമ്പത്യ ബന്ധത്തെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളതുപോലെ മുതിര്‍ന്ന കോണ്‍ഗ്രസുകാരുടെ അവിഹിത ബന്ധങ്ങളുടെ കാര്യവും ജനങ്ങള്‍ക്കറിയാന്‍ അവകാശമുണ്ടന്ന് ജെയ്റ്റ്ലി പറഞ്ഞു.
ഇന്ത്യയില്‍ കുടുംബ പ്രശ്നങ്ങളെയും നേതാക്കളെ ബന്ധപ്പെടുത്തി സ്ത്രീകളെയും രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാറില്ല. രാഹുല്‍ ഈ ചട്ടം ലംഘിച്ചിരിക്കുകയാണ്. ഒരു മുന്‍ പ്രധാനമന്ത്രിയുടെ തകര്‍ന്ന ദാമ്പത്യ ജീവിതം ഒരിക്കലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയമായിട്ടില്ലെന്ന കാര്യം അദ്ദേഹം ഓര്‍മ്മിക്കണം. ഇപ്പോഴത്തെ എത്ര മുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ അവിഹിത ബന്ധങ്ങളില്‍ പെട്ടിട്ടുണ്ടെന്നും നാമനിര്‍ദ്ദേശപത്രികകള്‍ കൊടുക്കുമ്പോള്‍ ഫോട്ടോ എടുക്കുന്നതിനു മാത്രമാണ് അവര്‍ ഭാര്യമാരെ കെട്ടി എഴുന്നള്ളിക്കാറുള്ളതെന്നുമറിയാം. തീര്‍ച്ചയായും മോദിയെ സംബന്ധിച്ച നിയമപരമായ ബന്ധങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ട്. അതുപോലെ തന്നെ അവിഹിതബന്ധം സൂക്ഷിക്കുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കുറിച്ചറിയാനും ജനങ്ങള്‍ക്ക് അവകാശമുണ്ടന്ന് ജെയ്റ്റ്ലി പറഞ്ഞു.
മോദിയുടെ വിവാഹത്തിന്റെ പേരില്‍ രാഹുല്‍ അപക്വമായി ഇല്ലാത്ത രാഷ്ട്രീയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നു പറഞ്ഞ ജെയ്റ്റ്ലി, മോദിയുടെ വിവാഹബന്ധം സംബന്ധിച്ച വിവരം മറച്ചുവെച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നു വിശദീകരിച്ചു.
മോദിയുടേത് ആചാരത്തിന്റെ പേരിലുള്ള ബാല്യവിവാഹം മാത്രമായിരുന്നു. അവര്‍ ഒരുമിച്ച് ഇതുവരെ ജീവിച്ചിട്ടുമില്ല. ആത്മീതയ്ക്കും രാഷ്ട്രീയത്തിനുമായി സ്വയം സമര്‍പ്പിച്ച് മോദി മുന്നോട്ടിറങ്ങുകയായിരുന്നു. സ്കൂള്‍ ടീച്ചര്‍ ആയിരുന്ന ഭാര്യ രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മോദിയെ കുറിച്ചുള്ള അവരുടെ അഭിപ്രായം ഏറെ മഹത്വമേകുന്നതാണ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കുന്നതിനാണ് ഇത്.
യഥാര്‍ത്ഥത്തില്‍ വിവാഹകാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് സുപ്രീം കോടതി നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെങ്കിലും നരേന്ദ്രമോദി ഇതിനു മുമ്പ് നടന്ന തെരഞ്ഞടുപ്പുകളില്‍ ഭാര്യയുടെ പേരും സ്വത്തും സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ട കോളം ഒഴിച്ചിടുകയായിരുന്നു പതിവ്. 2013ല്‍ സുപ്രീം കോടതി നാമനിര്‍ദ്ദേശ പത്രിക നിര്‍ബന്ധമായും പൂര്‍ണ്ണമായും പൂരിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അത്പ്രകാരമാണ് സത്യസന്ധമായ മോദിയുടെ വെളിപ്പെടുത്തല്‍. ഇതിനെ അഭിനന്ദിക്കുകയാണു വേണ്ടതെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: