ചെന്നൈ: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയും പ്രശസ്ത തമിഴ് സിനിമാതാരം സ്റ്റെയില്‍ മന്നന് രജനികാന്തും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച തമിഴ്നാട് രാഷ്ട്രീയത്തില്‍ വഴിത്തിരിവായേക്കും. ഇതിന് തെളിവാണ് അന്നുതന്നെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ഇതുവരെ എന്‍ഡിഎ സഖ്യത്തിനെതിരെ ജയലളിത യാതൊരു പരാമര്‍ശവും നടത്താതിരുന്നത് പല അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
1967 ല്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ ഏകക്ഷി ഭരണം അവസാനിച്ചതിനുശേഷം ഡിഎംകെ-എഐഎഡിഎംകെ പാര്‍ട്ടികളാണ് മാറി മാറി ഭരിച്ചിരുന്നത്. ദേശീയകക്ഷികള്‍ ഇവയ്ക്കൊപ്പവുമായി. ഈ പാര്‍ട്ടികളെ ആശ്രയിക്കാതെ കോണ്‍ഗ്രസിനോ മറ്റ് ദേശീയ പാര്‍ട്ടികള്‍ക്കോ മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയിലാദ്യമായി എംപിയെ സംഭാവന ചെയ്ത തമിഴ്നാട്ടില്‍ ഇന്നവര്‍ക്ക് എംപി സീറ്റില്‍ വിജയിക്കണമെങ്കില്‍ ഡിഎംകെയുടെയോ എഐഎഡിഎംകെയുടെയോ മുന്നണിയില്‍ നില്‍ക്കേണ്ട ഗതികേടിലാണ്.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുകക്ഷികള്‍ എഐഎഡിഎംകെയുമായി ചേര്‍ന്ന് മുന്നോട്ടുപോകുന്ന രീതിയിലായിരുന്നു തുടക്കം. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദനും ജയലളിതയുമായി കൂടിക്കാഴ്ച നടത്തുകയും സീറ്റ് നിര്‍ണയം വരെയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതുമാണ്. എന്നാല്‍ അതെല്ലാം ദിവസങ്ങള്‍ക്കകം തെന്നിമാറി. ഇടതുകക്ഷികള്‍ക്ക് മാറ്റിവെച്ചിരുന്ന സീറ്റുകളില്‍ എഐഎഡിഎംകെ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ഇടതരുടെ സ്വപ്നം പൊലിഞ്ഞു.
എന്നാല്‍ ബിജെപയാകട്ടെ കാര്യങ്ങള്‍ കാത്തിരുന്ന് കാണുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് യാതൊരു സഖ്യകക്ഷിയും ഇല്ലാത്ത സ്ഥിതിവിശേഷമായിരുന്നു. ആന്ധ്രയില്‍ 40 ഉം തമിഴ്നാട്ടില്‍ പോണ്ടിച്ചേരിയടക്കം 40 ഉം സീറ്റുകളുണ്ട്. ഇവിടെ ഒറ്റയ്ക്കുനിന്ന് മത്സരിക്കുകയെന്നത് ആത്മഹത്യാപരമായ തീരുമാനമാണ്. അതിനാല്‍ ദേശീയ പ്രസിഡന്റ് രാജ്നാഥ് സിംഗ്, മുന്‍ പ്രസിഡന്റ് എം.വെങ്കയ്യ നായിഡു എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന രാഷ്ട്രീയം കലങ്ങിത്തെളിയുന്നതിന് കാത്തിരിക്കുകയായിരുന്നു. അനുകൂല സമയമായപ്പോള്‍ പിഎംകെ, വൈക്കോ നയിക്കുന്ന എംഡിഎംകെ, വിജയകാന്തിന്റെ ഡിഎംഡിയ്ക്ക് തുടങ്ങിയ ഏഴു പാര്‍ട്ടികളുമായി കൈകോര്‍ത്ത് രംഗത്തുവന്നതോടെ ഡിഎംകെയും എഐഎഡിഎംകെയും അങ്കലാപ്പിലായി.
തമിഴ്നാട് രാഷ്ട്രീയത്തില്‍ സിനിമയ്ക്കും സിനിമാ നടന്മാര്ക്കും ശക്തമായ സ്വാധീനമാണുളളത്. മിക്ക നടീനടന്മാരും രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും രജനീകാന്ത് ഇതുവരെ അതിന് തയ്യാറായിട്ടില്ല. തികഞ്ഞ സംയമനമാണ് അദ്ദേഹം പാലിക്കുന്നത്. സാധാരണ തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തമായ അഭിപ്രായ പ്രകടനം പോലും കാണിക്കാറില്ല. 2004 ലെ തെരഞ്ഞെടുപ്പിലാണ് താന്‍ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. രജനീകാന്തിന്റെ വാക്കുകള്‍ക്ക് തമിഴ്നാട്ടുകാര്‍ വളരെയേറെ പ്രാധാന്യം കാണിക്കാറുണ്ട്.
മോദി കഴിഞ്ഞ ദിവസം രജനീകാന്തിനെ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍തന്നെ അത് വ്യക്തമായി തെളിഞ്ഞിരുന്നു. ഇതൊരു സൗഹൃദസന്ദര്‍ശനം മാത്രമാണെന്ന് രജനീകാന്തും നരേന്ദ്രമോദിയും വിശേഷിപ്പിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. മോദിയുടെ നേതൃത്വത്തില്‍ രാജ്യമെങ്ങും ഉയരുന്ന അലയൊലിയില്‍ തമിഴ്നാടിനും ഭാഗഭാക്കായേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: