ഹിമവാന്റെ മടിത്തട്ടും കിന്നരഭൂമിയും ആപ്പിള്‍ കൃഷിയുടെ നാടുമായ ഹിമാചല്‍പ്രദേശില്‍ ഇക്കുറി ഏകപക്ഷീയ വിജയം ബിജെപി ലക്ഷ്യം. ആകെയുള്ള നാല് ലോക്സഭാ മണ്ഡലങ്ങളില്‍ മൂന്ന് സീറ്റ് ബിജെപിക്കും ഒന്ന് കോണ്‍ഗ്രസ്സിനുമായിരുന്നു 2009-ല്‍. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനഭരണം ചെറിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ്സിന് ലഭിച്ചു. എന്നാല്‍ വീരഭദ്രസിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണവിരുദ്ധ വികാരവും ആഞ്ഞുവീശുന്ന മോദി തരംഗവും ഇക്കുറി സംസ്ഥാനത്തെ നാല് മണ്ഡലങ്ങളും തങ്ങള്‍ക്കൊപ്പം നില്ക്കുന്നമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്‍മുഖ്യമന്ത്രികൂടിയായ പ്രേംകുമാര്‍ ധുമലിന്റെ നേതൃത്വത്തിലുള്ള ബിജെപി.
മെയ് ഏഴിന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും ആശങ്കയിലാക്കുന്നത് ഹിമാലയത്തിന്റെ പാര്ശ്വഭൂമിയായ സംസ്ഥാനത്തിലെ കാലാവസ്ഥാ വ്യതിയാനമാണ്. സംസ്ഥാനത്തെ ഉയര്‍ന്ന പ്രദേശങ്ങളിലെ കനത്ത മഞ്ഞുവീഴ്ചമൂലം ജനങ്ങള്‍ക്ക് പല ദിവസങ്ങളിലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ പല പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണവും തണുത്ത മട്ടിലാണ്. എന്നാല്‍ 1977-ലെ പോലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ബിജെപിയും ഓരോ വോട്ടറെയും നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ്.
കോണ്‍ഗ്രസ്സിലാകട്ടെ പാളത്തില്‍ തന്നെ പടയാണ്. തന്റെ ഭാര്യ പ്രതിഭാസസിംഗിനും സ്വന്തം ആജ്ഞാനുവര്‍ത്തികള്‍ക്കും മാത്രം സീറ്റ് നല്കിയ വീരഭദ്രസിംഗ്, സീറ്റ് നല്കുന്നതില് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ താത്പര്യങ്ങള്‍ പോലും പരിഗണിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്. അതുകൊണ്ടുതന്നെ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ നിഷ്ക്രിയരാണ്.
തലസ്ഥാനവും സംവരണ മണ്ഡലവുമായ ഷിംലയില്‍ ബിജെപിയുടെ വീരേണ്ടര്‍ കശ്യപും കോണ്‍ഗ്രസ്സിന്റെ മോഹന്‍ലാല്‍ ഭക്ത്രയും തമ്മിലാണ് പ്രധാന മത്സരം. സിഐടിയു നേതാവായ ജഗത്റാമും ഒട്ടും പ്രതീക്ഷയില്ലെങ്കിലും മത്സര രംഗത്തുണ്ട്.
മാണ്ഡി മണ്ഡലത്തില്‍ ബിജെപിയിലെ രാം സ്വരൂപ് ശര്‍മയും മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ ഭാര്യ പ്രതിഭാസിംഗും തമ്മിലാണ് മത്സരം. സിപിഎമ്മിലെ കുശാല്‍ ഭരദ്വാജും മത്സരരംഗത്തുണ്ട്.
ഹമീര്‍പൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ യുവ നേതാവും മുന്‍മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിന്റെ മകനുമായ അനുരാഗ് കശ്യപും കോണ്‍ഗ്രസ്സിലെ രജീന്ദര്റാണയും തമ്മിലാണ് പോരാട്ടം. വിജയം ഏകപക്ഷീയമാക്കാനുള്ള പടയോട്ടത്തിലാണ് ബിജെപി.
വിജയം സുനിശ്ചിതമായ പാര്‍ട്ടിയുടെ കുത്തക മണ്ഡലമായ കാംഗ്രയില്‍ ബിജെപിക്ക് വേണ്ടി പോരിനിറങ്ങിയിരിക്കുന്നത് മുന്‍ മുഖ്യമന്ത്രിയും വാജ്പേയി മന്ത്രിസഭയില്‍ അംഗവുമായിരുന്ന പ്രശസ്തനായ ശാന്തകുമാറാണ്. മണ്ഡലത്തിലെ തന്റെ വിജയത്തില്‍ ഒരാശങ്കയുമില്ലാത്ത ശാന്തകുമാര്‍ സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളോടൊപ്പം സമീപ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് വേണ്ടി ശക്തമായ പ്രചരണത്തിലാണ്. കോണ്‍ഗ്രസ്സിലെ ചന്ദര്കുമാറും എഎപിയിലെ സുശാന്ത് കാംഗ്രയും ശക്തി തെളിയിക്കാന്‍ മത്സരരംഗത്തുണ്ട്.
മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ ഹിമാചലിലും ഒരു പരിധിവരെ വിധി നിര്‍ണയിക്കുന്നത് ജാതി സമവാക്യങ്ങള്‍ തന്നെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനിടയിലുണ്ടായ ചില അസ്വാരസ്യങ്ങളാണ് സംസ്ഥാന ഭരണം നഷ്ടപ്പെടാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. ആ അസ്വാരസ്യം മുതലെടുത്ത് അധികാരത്തില്‍ വന്ന വീരഭദ്രസിംഗ് സര്‍ക്കാറിന് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കഴിയാതിരുന്നത് ആ സര്‍ക്കാറിനെതിരെ ശക്തമായ ജനവികാരത്തിന് കാരണമായിട്ടുണ്ട്.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: