മുംബൈ: ഒരു ലക്ഷത്തിലധികം വോട്ടര്‍മാരെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നൊഴിവാക്കപ്പെട്ട പൂനെ ലോക്സഭാ മണ്ഡലത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ബിജെപിദേശീയ സെക്രട്ടറി ജെ.പി. നന്ദ, ദേശീയ വക്താവ് നിര്മലാസീതാരാമന് എന്നിവരുടെ നേതൃത്വത്തിലുള്ളസംഘം ഇതുസംബന്ധിച്ച് ഇല്കഷന്കമ്മീഷന് ഡപ്യൂട്ടി കമ്മീഷണര്‍ സുധീര്‍ ത്രിപാഠിക്ക് പരാതി നല്കി. മൂന്നു ദിവസത്തിനകം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ഇതു സംബന്ധിച്ച് സംസ്ഥാന- ജില്ലാ ഭരണാധികാരികളില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ യൂക്തമായ നടപടികള്‍ എടുക്കുമെന്ന് കമ്മീഷന് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒരു ലക്ഷത്തിലധികം വോട്ടര്‍മാരാണ് അവസാനഘട്ടത്തില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. താമസിക്കുന്ന വീടുകളില്‍ വന്ന മാറ്റമാണ് ഇതിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. പോളിംഗ് ബൂത്തിലെത്തി വോട്ടില്ലന്നറിഞ്ഞ നിരവധി വോട്ടര്‍മാര്‍ ശക്തമായപ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. രോഷാകുലരായ വോട്ടര്‍മാര്‍ ജില്ലാ കലക്ടര്‍ സൗരവ് റാവുവിനെ ഘൊരാവോ ചെയ്യുകയും ചെയ്തിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ഷിറോളി പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാരസത്യഗ്രഹം ഇലക്ഷന് കമ്മീഷന്റെ ഉറപ്പിനെത്തുടര്‍ന്നാണ് പിന്‍വലിച്ചത്.
ഒഴിവാക്കപ്പെട്ട വോട്ടര്‍മാരില്‍ സിനിമാരംഗത്തെ അമോല്‍ പലേക്കര്‍, പോലീസ് കമ്മീഷണര്‍ സതീഷ് മിത്തല്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ ഡോ.സതീഷ് ദേശായി എന്നിവരും ഉള്‍പ്പെട്ടു. അമോല്‍ പലേക്കറും പരാതിയുമായി ഇലക്ഷന്‍കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കൊദ്രൂസ്, പ്രഭാദ് റോഡ്, ലോ കോളജ് റോഡ് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കൂട്ടമായി വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് തഴയപ്പെട്ടത്. വോട്ടര്‍മാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നടന്ന ധര്‍ണ്ണയില്‍ കോണ്‍ഗ്രസ് ഒഴികെയുള്ള സംഘടനകള്‍ പങ്കെടുത്തിരുന്നു.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: