“മതങ്ങളുടെ മാതാവാണ് ഹിന്ദുമതമെന്നു ലോകത്തോട് വിളിച്ചുപറഞ്ഞത് സ്വാമി വിവേകാനന്ദനാണ്. ഹിന്ദുക്കളുടെ പുണ്യസ്ഥലമായ വാരാണസിയെ ലോകത്തിന്റെ ആത്മീയ കേന്ദ്രമാക്കിമാറ്റുമെന്ന് മറ്റൊരു നരേന്ദ്രന് ഇതാ പ്രഖ്യാപിച്ചിരിക്കുന്നു. ആ വാക്കുകളെ അവിശ്വസിക്കുവാന്‍ ഞങ്ങള്‍ക്കാകില്ല.” വാരാണസിയിലെ ഒരാഴ്ചത്തെ താമസത്തിനിടെ പരിചയപ്പെട്ട പി.സി. ഉപാധ്യായയെന്ന എഴുപതുവയസ്സുകാരന്‍ നരേന്ദ്ര മോദിയുടെ റോഡ്ഷോയ്ക്കു ശേഷം പറഞ്ഞ വാക്കുകളാണിത്. വാരാണസിക്കാരുടെ പ്രിയപ്പെട്ട കാശി മഹാരാജാവ് മരിച്ചപ്പോള്‍ മാത്രമാണ് ഇതിനു മുമ്പ് ഇത്തരത്തില്‍ ജനങ്ങളൊന്നടങ്കം തെരുവിലിറങ്ങിയിട്ടുള്ളതെന്നും എന്നാല്‍ അതിലും എത്രയോ അധികം പേരാണ് മോദിക്കൊപ്പം കളക്ട്രേറ്റിലേക്ക് ഒഴുകിയതെന്നും പി.സി. ഉപാധ്യായ ഓര്‍മ്മിക്കുന്നു.
വാരാണസിയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ സന്ദര്‍ശനത്തിന് ശേഷം ദിവസം രണ്ടു കഴിഞ്ഞിട്ടും നഗരത്തില്‍ ചര്‍ച്ചകള്‍ക്ക് അവസാനമില്ല. ദല്‍ഹിയില്‍ നിന്നും ഗുജറാത്തില്‍ നിന്നും ആളെയിറക്കി നടത്തിയ പ്രകടനമായിരുന്നു മോദി നടത്തിയതെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്ന് വാരാണസിക്കാര്‍ ഒന്നടങ്കം പറയുന്നു. റോഡ്ഷോയിലെ മുസ്ലീംപങ്കാളിത്തവും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ വാരാണസിയുടെ വികസനത്തേപ്പറ്റി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടാണ് ഏറ്റവുമധികം ചര്‍ച്ചകള്‍ തുടരുന്നത്.
ഹിന്ദുമതവിശ്വാസികള്‍ക്കും ഇന്ത്യയുടെ സംസ്ക്കാരത്തേപ്പറ്റി അറിയാനെത്തുന്നവര്ക്കുമുള്ള ആദ്ധ്യാത്മിക കേന്ദ്രമാക്കി വാരാണസിയെ മാറ്റിയെടുക്കുമെന്ന നരേന്ദ്രമോദിയുടെ ബ്ലോഗിലെ സന്ദേശം പരിപൂര്‍ണ്ണ വിശ്വാസത്തിലെടുക്കാനാണ് വാരാണസിക്കാര്ക്കിഷ്ടമെന്ന് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ അധ്യാപകരുമായി നടത്തിയ സംഭാഷണത്തില്‍ മനസ്സിലായി. കലയുടേയും വിനോദസഞ്ചാരത്തിന്റേയും അടിസ്ഥാന സൗകര്യങ്ങളുടേയും മികച്ച ഉദാഹരണമാക്കി വാരാണസി മാറണമെന്ന ആഗ്രഹമാണ് മോദി ബ്ലോഗിലൂടെ മുന്നോട്ടുവയ്ക്കുന്നത്. വിനോദസഞ്ചാര മേഖലയിലെ പുരോഗതി വാരാണസിയിലെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ പ്രദാനം ചെയ്യുന്നതിന് സഹായിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്കും സ്നാന് ഘട്ടുകളില്‍ ജീവിക്കുന്നവര്‍ക്കും ഗംഗയിലെ തോണിക്കാര്‍ക്കും വിനോദസഞ്ചാരകേന്ദ്രമായി നഗരം മാറുന്നതോടെ കൂടുതല്‍ വരുമാനം ലഭിക്കും.
ഗംഗാനദിയെ ശുചീകരിക്കുന്നതിനുള്ള പദ്ധതികളിലെ പരാജയം ഒഴിവാക്കി ഗംഗാ ആക്ഷന്‍ പ്ലാന്‍ വിജയകരമായി നടപ്പാക്കുന്നതിനുള്ള ദൗത്യം ഉടന്‍തന്നെ ഏറ്റെടുക്കുമെന്ന് നരേന്ദ്രമോദി തന്റെ ബ്ലോഗില്‍ വ്യക്തമാക്കുന്നുണ്ട്. 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമ്പോള്‍ സബര്‍മതി നദിയുടെ അവസ്ഥയും ഗംഗയ്ക്ക് സമാനമായിരുന്നു. എന്നാല്‍ നര്‍മ്മദയില്‍ നിന്ന് ജലമെത്തിച്ച് സബര്‍മതിയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സാധിച്ചു. ഗംഗയുടെ കാര്യത്തിലും വളരെവേഗത്തിലുള്ള ശുചീകരണ പദ്ധതികള്‍ ആവിഷ്ക്കരിക്കും. അധികൃതരുടെ അനാസ്ഥയാണ് ഗംഗയുടെ നിലവിലെ ദുരവസ്ഥയ്ക്ക് കാരണം. വാരാണസിയെ ശുചിത്വപൂര്‍ണ്ണവും ഹരിതാഭവുമായ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. മാലിന്യ സംസ്ക്കരണത്തിനായി പദ്ധതി നടപ്പാക്കും.
വാരാണസിയുടെ മുഖമുദ്രയായ പരമ്പരാഗത നെയ്ത്തുകാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇവര്‍ക്കായി യാതൊന്നും ചെയ്തില്ല. നവീന സാങ്കേതിക വിദ്യകളും മൂല്യാധിഷ്ഠിത രീതികളും ഈ മേഖലയില്‍ നടപ്പാക്കും. മികച്ച അസംസ്കൃത വസ്തുക്കള്‍ നെയ്ത്തുകാര്‍ക്ക് ലഭ്യമാക്കും. സ്വന്തം കാലില്‍ നില്‍ക്കാനും വരുംതലമുറയ്ക്ക് ശോഭനമായ ഭാവി നല്‍കാനും നെയ്ത്തുകാര്‍ക്ക് സാധിക്കും.
ആരോഗ്യരംഗത്തുള്‍പ്പെടെ മികച്ച പദ്ധതികള്‍ ഉടനടി നടപ്പാക്കുമെന്നും നരേന്ദ്രമോദി ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. വാരണാസിയുടെ സമഗ്ര മേഖലയേയും വളരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന വികസന കാഴ്ച്ചപ്പാടാണ് മോദി മുന്നോട്ടുവയ്ക്കുന്നതെന്നാണ് വാരണാസിക്കാര്‍ പറയുന്നത്. വാരാണസിയുടെ മുഖഛായ മാറ്റിയെഴുതപ്പെടുമെന്ന സൂചനകള്‍ നരേന്ദ്രമോദി നല്കുമ്പോള് മാറ്റത്തിന് കൊതിക്കുകയാണ് വാരാണസിയെന്ന് വ്യക്തം.
വാരണാസിയില്‍ നിന്നും എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: