വഡോദര: വാരാണസിക്കു പുറമെ വഡോദരയിലും നരേന്ദ്രമോദി മത്സരിക്കണമെന്ന് നിര്ദ്ദ്ച്ചത് ആരെന്ന് സംശയം ഉണ്ടാകാം. പാര്‍ട്ടിയുടെ നിര്‍ദ്ദേശമോ മോദിയുടെ സ്വന്തം തീരുമാനമോ. ബിജെപി കേന്ദ്ര നേതൃത്വം പറഞ്ഞിട്ടോ അതോ ഗുജറാത്ത് ഘടകം ആവശ്യപ്പെട്ടിട്ടോ? ഇതെല്ലാം ഘടകമായിരിക്കാം. എന്നാല്‍ അത് നിര്‍ണായക പങ്ക് ഒരു മലയാളിക്കാണെന്നു പറഞ്ഞാല്‍ തര്‍ക്കമുണ്ടാകില്ല. വിനോദ് റാവു എന്ന ചേര്ത്തലക്കാരനാകും.
ഗുജറാത്തിന്റെ സ്വന്തം മലയാളി കളക്ടര്‍ വിനോദ് ആര് റാവു ആണ് വഡോദരയിലെ മുഖ്യ വരണാധികാരി. മോദി നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് വിനോദിനാണ്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പത്രിക അംഗീകരിച്ചതും വിനോദ് റാവു തന്നെ.
മോദി വഡോദരയില്‍ പ്രചാരണത്തിനെത്തുന്ന ദിവസമായിരുന്നു ജില്ലാ കളക്ടറെ കാണാന്‍ ചെന്നത്. അഹമ്മദാബാദില്‍ നിന്ന് ഹരി പി. നായരും ഹരി ഉണ്ണിത്താനും ഒപ്പമുണ്ടായിരുന്നു.മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. രാത്രി എട്ടുമണിക്കാണ് മോദി വരുന്നത്. ഞങ്ങള്‍ നാലുമണിക്കേ എത്തി. നഗരത്തില്‍ മോദി എത്തുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. പോസ്റ്ററില്ല, സ്വാഗത കമാനങ്ങളില്ല, ബാരിക്കേഡ് തടസ്സങ്ങളില്ല. പരിപാടി നടക്കുന്ന മൈതാനത്തിനു ചുറ്റും കുറെ പോലീസുകാരുണ്ട്. അതുമാത്രമാണ് അധികക്കാഴ്ച.
തിരക്കുള്ള ദിവസമായതിനാല്‍ കാണുമെന്ന പ്രതീക്ഷയോടെയല്ല കളക്ട്രേറ്റിലെത്തിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ചില ഉദ്യോഗസ്ഥര്‍ കളക്ടറെ കാണാനായി ഇരിക്കുന്നുണ്ട്. വിസിറ്റിംഗ് കാര്‍ഡ് കൊടുത്തപ്പോള്‍ കാത്തിരിക്കാന്‍ പിഎയുടെ അഭ്യര്‍ത്ഥന. ആദ്യം തണുത്തവെള്ളം. പിന്നീട് നല്ല ചൂട് ചായ.കുടിച്ചുകഴിഞ്ഞപ്പോഴേക്കും അകത്തേക്ക് വിളിച്ചു.
മോദിയുടെ കീഴില്‍ ജോലിചെയ്യുന്നതിന്റെ അനുഭവങ്ങള്‍ പറയാനാണേല്‍ ഒത്തിരിയുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഉള്ളതിനാല്‍ പറയാനാകില്ല. ബറോഡപോലൊരു ജില്ലയുടെ കളക്ടറായി തുടര്‍ച്ചയായി മൂന്നു വര്‍ഷമായി ഇരിക്കുന്നു എന്നതു തന്നെ വലിയ അംഗീകാര്യമല്ലേ. സര്‍ക്കാരിന്റെ മികവ് എണ്ണിയെണ്ണി പറയാനുള്ള വെമ്പല്‍ വിനോദ് റാവുവിന്റെ മുഖത്തുണ്ട്.
എന്തെങ്കിലും പറഞ്ഞാല്‍ വിവാദമാക്കാന്‍ നോക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിസ്ട്രി. തലേന്ന് കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മിസ്ട്രി കളക്ട്രറ്റിനു മുമ്പില്‍ സത്യഗ്രഹമിരുന്നിരുന്നു. പെരുമാറ്റചട്ടം ലംഘിച്ചതിന് മിസ്ട്രിക്ക് രണ്ടു തവണ വിനോദ് റാവു വിശദീകരണ നോട്ടീസ് നല്കി. അതിന്റെ ദേഷ്യം തീര്‍ക്കാനായിരുന്നു സത്യഗ്രഹം.ഭീഷണിക്കൊന്നും ഞാന്‍ പേടിക്കുകയില്ല. സുഷമ സ്വരാജിനെ മോശമായി പറഞ്ഞതിന് മിസ്ട്രിക്ക് ഒരു നോട്ടീസുകൂടി നല്‍കുകയാണ്. വിനോദ് റാവു പറഞ്ഞു.
ചേര്‍ത്തല പട്ടണക്കാട് ടിഡി ക്ഷേത്രത്തിനു സമീപം കാനറാബാങ്ക് ഉദ്യോഗസ്ഥനായ രാമചന്ദ്ര റാവുവിന്റെയും ശ്രീദേവിയുടേയും മകനായ വിനോദ് റാവു 2000 ബാച്ചിലെ ഐഎഎസ് ഓഫീസറാണ്. പട്ടണക്കാട്ടെ സ്കൂള്‍, എറണാകുളം മഹാരാജാസ്, തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ നിമിഷ, മക്കളായ സത്യജിത്ത്, സുന്ദര്‍ദാസ് എന്നിവര്‍ക്കൊപ്പം വഡോദരയില്‍ തന്നെയാണ് താമസം
2002 ല്‍ സുരേന്ദ്ര നഗര്‍ ജില്ലാ വികസന ഓഫീസറായിട്ടായിരുന്നു ആദ്യ നിയമനം. പാട്ടണ് കലക്ടറായി പിന്നീട്. ഇടയ്ക്ക് അഡീഷണല്‍ റൂറല്‍ ഡവലപ്പ്മെന്റ് കമ്മീഷണറായി.2011 മുതല്‍ വഡോദര കളക്ടര്‍.ദേശീയ മാധ്യമങ്ങളില്‍ ബാങ്കിംഗ് മേഖലയെക്കുറിച്ചൊക്കെ ആധികാരിക ലേഖനങ്ങള്‍ എഴുതുന്ന വിനോദ് റാവു വിന് മുരളി പാറപ്പുറം എഴുതിയ നരേന്ദ്ര മോദി -നവഭാരതത്തിന്റെ നായകന് എന്ന പുസ്തകം സമ്മാനിച്ചാണ് മടങ്ങിയത്.
ഇറങ്ങും മുന്‍പ് വീണ്ടും കളക്ടര്‍ പറഞ്ഞു. ഒത്തിരിക്കാര്യങ്ങള്‍ പറയാനുണ്ട്. മെയ് 16 കഴിയട്ടെ. വരാന്‍ പറ്റിയില്ലേല്‍ വിളിച്ചാലും മതി. വിസിറ്റിംഗ് കാര്‍ഡ് നല്കി എഴുന്നേറ്റുവന്ന് യാത്രയാക്കിക്കൊണ്ട് വിനോദ് റാവു പറഞ്ഞു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: