നരേന്ദ്രമോദി മാലചാര്‍ത്തിയ മദനമോഹന മാളവ്യയുടെ പ്രതിമ കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗംഗാജലം കൊണ്ട് കഴുകിയ വിവാദം വാരാണസിയില്‍ വളരുകയാണ്. മാളവ്യയെ മോദി തൊട്ടശുദ്ധനാക്കിയെന്നാണ് സമാജ് വാദിപാര്‍ട്ടിയുടെ പക്ഷം. സര്‍ദാര്‍ പട്ടേലിനു പിന്നാലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്ന മാളവ്യയേയും നരേന്ദ്രമോദി സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ മഹത്വവല്ക്കരിക്കാനായി നെഹ്റു കുടുംബം മനപ്പൂര്‍വ്വം വിസ്മരിച്ചുകളഞ്ഞ യഥാര്‍ത്ഥ ദേശീയവാദികളായ സ്വാതന്ത്ര്യസമര നേതാക്കള്‍ വീണ്ടും ദേശീയ രാഷ്ടീയത്തില്‍ പ്രസക്തമാകുന്നതിലുള്ള ഭയമാണ് യഥാര്‍ത്ഥ പ്രശ്നം. മദനമോഹന മാളവ്യയും രാഷ്ട്രീയ സ്വയംസേവക സംഘവും തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധത്തേപ്പറ്റിയുള്ള അറിവില്ലായ്മയും ഇത്തരം പ്രവൃത്തികള്‍ക്ക് കാരണമാകുന്നുണ്ട്.
നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന പ്രത്യയ ശാസ്ത്രവുമായി മാളവ്യയ്ക്ക് ഉണ്ടായിരുന്ന ബന്ധത്തിന്റെ വലിയ തെളിവായിരുന്നു ബനാറസ് ഹിന്ദുയൂണിവേഴ്സിറ്റി ക്യാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍എസ്എസ് കാര്യാലയം. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍, പിന്നീട് ഗുരുജി ഗോള്‍വള്‍ക്കര്‍, ഭയ്യാജി ദാണി എന്നിവരുമായി മാളവ്യയുടെ ബന്ധം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനകരമായിരുന്നു.
ആര്‍എസ്എസുമായുള്ള മാളവ്യയുടെ ബന്ധത്തിന്റെ വിശദ വിവരങ്ങള്‍ക്കായി ആര്‍എസ്എസ് പ്രചാര്‍ വിഭാഗുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ അയച്ചുതന്ന വിവരങ്ങളുടെ കൂടെ യൂണിവേഴ്സിറ്റിയുടെ അകത്ത് പ്രവര്‍ത്തിച്ചിരുന്ന പഴയ കാര്യാലയത്തിന്റെ ഫോട്ടോയും ഉണ്ടായിരുന്നു. ലഭിച്ച വിവരങ്ങള്‍ മാളവ്യയുടെ ഹിന്ദുസംഘടനകളോടുള്ള അഭിവാഞ്ഛയെ വ്യക്തമാക്കുന്നതാണ്.
നാലുവട്ടം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദവിയിലിരുന്ന മാളവ്യയാണ് ഹിന്ദുമഹാസഭയുടെ രൂപീകരണത്തിനും നേതൃത്വം വഹിച്ചത്. സ്വാതന്ത്ര്യസമര പ്രക്ഷോഭകാലത്ത് രാജ്യത്തുള്ള ഹൈന്ദവ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ധനസമാഹരണ ദൗത്യം മാളവ്യ സ്വന്തം കടമയായി കരുതിയിരുന്നു. മദന മോഹന മാളവ്യയെ അക്കാലത്ത് ആളുകള്‍ വിളച്ചിരുന്നതു പോലും അദ്ദേഹത്തിന്റെ പേരിന്റെ ചുരുക്കമായ എംഎംഎം എന്നതിനെ മണി മേക്കിംഗ് മെഷീന് എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു. ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ നാഗ്പൂരില്‍ ആര്‍എസ്എസ് എന്ന പ്രസ്ഥാനം ആരംഭിച്ചതറിഞ്ഞ മാളവ്യ മോഹിതേവാഡെ സംഘസ്ഥാനില്‍ പോയി ഡോക്ടര്‍ജിക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്രേ. എന്നാല്‍ പണം വാങ്ങാതെ, അങ്ങയെ ആണ് ഞങ്ങള്‍ക്ക് വേണ്ടത് എന്നു പറഞ്ഞ് മാളവ്യയെത്തന്നെ ഡോക്ടര്‍ജി സംഘപക്ഷത്താക്കിയത് ചരിത്രം. പിന്നീട് വിദ്യാര്‍ത്ഥികളായ ഗോള്വള്ക്കറിനേയും ഭയ്യാജി ദാണിയേയും കാശി വിശ്വവിദ്യാലയത്തിലേക്കയച്ചതും മാളവ്യയുടെ അനുഗ്രഹത്തോടെ കാശിയില്‍ സംഘപ്രവര്‍ത്തനം വ്യാപിച്ചതുമെല്ലാം വാരണാസിയിലെ പഴയ തലമുറയ്ക്കറിയാം. ബിഎച്ച്യുവില് സംഘശാഖ ആരംഭിച്ചതും കാര്യാലയം നിര്‍മ്മിക്കാന്‍ മുന്കയ്യെടുത്തതുമെല്ലാം മാളവ്യ തന്നെയായിരുന്നു. പിന്നീട് അടിയന്തരാവസ്ഥയുടെ മറവില്‍ 1976 ഏപ്രില്‍ 26ന് രാത്രിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത ക്യാമ്പസിലെ ആര്‍എസ്എസ് കാര്യാലയത്തിലുണ്ടായിരുന്ന മാളവ്യയുടെ പ്രതിമയും കോണ്‍ഗ്രസുകാര്‍ നശിപ്പിരുന്നു. മാളവ്യയുടെ അനുഗ്രഹാശിര്‍വാദങ്ങളോടെ വാരാണസിയില്‍ വളര്‍ന്ന ആര്‍എസ്എസ് എന്ന സംഘടനയുടെ ഭാഗമായി പൊതുപ്രവര്‍ത്തനം ആരംഭിച്ച നരേന്ദ്രമോദി മാളവ്യയെ മാലയിട്ടപ്പോള്‍ ഗംഗാജലമൊഴിച്ച് പ്രതിമ ശുദ്ധീകരിക്കാനിറങ്ങിയ കോണ്‍ഗ്രസിന്റെ പിന്തലമുറയ്ക്കറിയാത്ത കാര്യങ്ങളാണിതെന്ന് ആര്‍എസ്എസ് കാശി പ്രചാര്‍ വിഭാഗം പറയുന്നു. ക്യാമ്പസില്‍ ഇന്നും ആര്‍എസ്എസിന്റെ ശാഖ മുടക്കം കൂടാതെ നടക്കുന്നുമുണ്ട്.
1916ല്‍ മാളവ്യ സ്ഥാപിച്ച ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ ഏകദേശം മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളുണ്ട്. രണ്ടുവര്‍ഷത്തിനകം ശതാബ്ദി ആഘോഷിക്കുന്ന ബനാറസ് യൂണിവേഴ്സിറ്റിയെ ചുരുങ്ങിയ കാലം കൊണ്ട് ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് നരേന്ദ്രമോദി പറയുന്നു. ഈ ദൗത്യവുമായി മുന്നോട്ടുപോകുന്ന നരേന്ദ്രമോദിയുടെ പിന്നില്‍ വാരാണസി മുഴുവനുമുണ്ടെന്ന് മാളവ്യയുടെ കുടുംബം തന്നെ പറയുന്നു. മോദിയുടെ നാമനിര്‍ദ്ദേശ പത്രിയയെ പിന്തുണച്ച് മാളവ്യയുടെ കൊച്ചുമകനും ജഡ്ജിയുമായിരുന്ന ഗിരിധര്‍ മാളവ്യവും രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിന്റെ മാത്രമല്ല ഹിന്ദി ഹൃദയഭൂമിയിലാകമാനം സവിശേഷ സ്വാധീനമുള്ള മദനമോഹന മാളവ്യാജിയുടെ വിസ്മരിക്കപ്പെട്ട ജീവിതത്തെ ദേശീയ ശ്രദ്ധയിലേക്കെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. അതു തന്നെയാണ് കോണ്‍ഗ്രസിന്റെ പേടിയുടെ യഥാര്‍ത്ഥ കാരണവും.
വാരാണസിയില്‍ നിന്നും എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: