ഗാന്ധിജിയുടെ നേതൃത്വത്തില്‍ ചമ്പാരന്‍ സമരവും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭവും പിന്നീട് അടിയന്തരാവസ്ഥക്കെതിരായ സമരവും നടന്ന മണ്ണാണ് ബീഹാര്‍. ബുദ്ധ, ജൈനമതങ്ങള്‍ പിറവിയെടുത്ത ഭൂമി. മൗര്യന്മാരും ഗുപ്തന്മാരും ഭരിച്ച പഴയ പാടലീപുത്രത്തിന്റെ ഇന്നത്തെ പേര് പാട്ന.
സ്വാതന്ത്ര്യശേഷം കോണ്‍ഗ്രസും പിന്നീട് ജനതാദളും സംസ്ഥാനം ഭരിച്ചെങ്കിലും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും അല്‍പ്പമെങ്കിലും ബീഹാറിന് മോചനം ലഭിച്ചത് ബിജെപി-ജെഡിയു സഖ്യം ഭരിച്ചപ്പോള്‍ മാത്രം. ഒരുകാലത്ത് ലാലുരാജിന്റെ പേരില്‍ കുപ്രസിദ്ധമായ സംസ്ഥാനമാണ് ബീഹാര്‍.
രാംമനോഹര്‍ ലോഹ്യയിലൂടെ ഉടലെടുത്ത സോഷ്യലിസ്റ്റ് പാരമ്പര്യത്തിന്റെ പിന്മുറക്കാര് ജനതാദളിന്റെ പല രൂപങ്ങളില്‍ ബീഹാര്‍ ഭരിച്ചു. രാജ്യത്തിനായി അഭിമാനത്തോടെ ലോഹ്യ നല്കിയ രണ്ടു സോഷ്യലിസ്റ്റ് നേതാക്കളായിരുന്നു മുലായം സിങ് യാദവും ലാലുപ്രസാദ് യാദവും. എന്നാല്‍ ഇരുവരുടേയും ഭരണത്തില്‍ രണ്ടു സംസ്ഥാനങ്ങള്‍(യുപിയും ബീഹാറും) ചെന്നെത്തിയ ഭീകരമായ അവസ്ഥ സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളെത്തന്നെ ജനങ്ങളില്‍ നിന്നും അകറ്റി. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷവും ലാലുപ്രസാദ് സംസ്ഥാനം ഭരിച്ച 1990-2004 കാലഘട്ടത്തെ ബീഹാര്‍ ഭീതിയോടെ മാത്രമാണ് ഓര്‍ക്കുന്നത്.
സ്വാതന്ത്യാനന്തര ബീഹാറില്‍ ആദ്യ മൂന്ന് ടേമുകളും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഭരണം നയിച്ചത്. എന്നാല്‍ 1967ലെ തെരഞ്ഞെടുപ്പു മുതല്‍ സോഷ്യലിസ്റ്റുകള്‍ക്ക് ഭരണത്തില്‍ പങ്കാളിത്തമുണ്ടായി. 1977ല്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷം ജനതാപാര്‍ട്ടി ബീഹാറില്‍ സര്‍ക്കാരുണ്ടാക്കി. എന്നാല്‍ 1980ലും 1985ലും ജഗന്നാഥമിശ്രയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസിനായി.
1990ലാണ് ബീഹാര്‍ ജനതയുടെ ദുര്‍വിധിയായി മാറിയ ലാലുരാജ് ആരംഭിക്കുന്നത്. 1990ലെ തെരഞ്ഞെടുപ്പില്‍ 324 അംഗ അസംബ്ലിയിലെ 122 സീറ്റുകള്‍ നേടിയ ലാലു മുഖ്യമന്ത്രിപദത്തിലെത്തി. അദ്വാനിയുടെ രാമജന്മഭൂമി രഥയാത്ര തടഞ്ഞതിന്റെ മേന്മപറഞ്ഞ് മുസ്ലിം വോട്ടുകള്‍ കൂട്ടത്തോട വാങ്ങി 1995ല്‍ സീറ്റുകളുടെ എണ്ണം 167 ആക്കി ഉയര്‍ത്തി. കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലഴിക്കുള്ളിലായപ്പോള്‍ ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കി ജനാധിപത്യത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു. 2000ല്‍ സീറ്റുകളുടെ എണ്ണം 103 ആയി കുറഞ്ഞെങ്കിലും അഴിമതി നിറഞ്ഞ റാബ്രിഭരണത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായതോടെ വീണ്ടും ലാലു ഭരണം. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി ലാലുവിന്റെ ഗുണ്ടാരാജില്‍ നിന്നും ബീഹാറിനെ രക്ഷിക്കാന്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് സോണിയാഗാന്ധിയും സംഘവും ലാലുവിന്റെ രക്ഷകരായി.
ഒടുവില്‍ 14 വര്‍ഷത്തെ ലാലുഭരണത്തില്‍ സര്‍വ്വ മേഖലകളും തകര്‍ന്ന ബീഹാറില്‍ ഭരണമാറ്റമുണ്ടാകുന്നത് 2005ലാണ്. എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ജനതാദള്‍ യുണൈറ്റഡിന്റെ നേതാവ് നിതീഷ് കുമാര്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി പദത്തിലെത്തി. ജെഡിയുവിന് 88ഉം ബിജെപിക്ക് 55ഉം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ബിജെപിയുടെ സുശീല്‍കുമാര്‍ മോദിയെന്ന മികച്ച ഭരണാധികാരി ഉപമുഖ്യമന്ത്രിപദത്തില്‍ എത്തിയതോടെ ബീഹാറിന്റെ ശനിദശ മാറിത്തുടങ്ങി.
ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച ബിജെപി-ജെഡിയു സഖ്യസര്‍ക്കാര്‍ ബീഹാറികളുടെ ജനജീവിതം മെച്ചപ്പെടുത്തി. ഇതിന്റെ നന്ദി ജനങ്ങള്‍ തിരിച്ചു നല്‍കിയത് 2010ലെ മൃഗീയഭൂരിപക്ഷത്തിന്റെ രൂപത്തിലായിരുന്നു. 243 അംഗ നിയമസഭയില്‍ സഖ്യം 206 സീറ്റുകള്‍ നേടിയപ്പോള്‍ ലാലുവിന്റെ ആര്‍ജെഡിക്ക് 22 സീറ്റുകളിലും രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്ക് 3 സീറ്റുകളിലും കോണ്‍ഗ്രസിന് 4 സീറ്റുകളിലും ഒതുങ്ങേണ്ടിവന്നു.
എന്നാല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പേരുപറഞ്ഞ് ബിജെപി സഖ്യമുപേക്ഷിച്ച നിതീഷ്കുമാര്‍ മൂന്നാംമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സഖ്യം പ്രഖ്യാപിച്ചു മുന്നോട്ടുപോയതോടെ ബീഹാര്‍ ഭരണം വീണ്ടും പ്രതിസന്ധിയിലായി. സഖ്യം തകര്‍ന്ന് ചുരുങ്ങിയ നാളുകള്‍ക്കകം ബീഹാറില്‍ പഴയ ലാലുരാജിന്റെ ലക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. വൈകുന്നേരം 4 മണി കഴിഞ്ഞാല്‍ പാട്ന നഗരത്തില്‍ പോലും ആളുകള്‍ പുറത്തിറങ്ങില്ലാതിരുന്ന പഴയ രീതിയിലേക്ക് ബീഹാര്‍ പോകുകയാണോ എന്ന സംശയം വര്‍ഷങ്ങളായി ബീഹാറില്‍ താമസിക്കുന്ന മലയാളികള്‍ ജന്മഭൂമിയോട് പങ്കുവെച്ചു.
ക്രമസമാധാന മേഖലയില്‍ സംഭവിച്ച തകര്‍ച്ച ബിജെപി ഇത്തവണ പ്രചാരണായുധമാക്കുന്നുണ്ട്. സുശീല്‍കുമാര്‍ മോദിയെന്ന രാജ്യത്തെ തന്നെ മികച്ച ധനകാര്യമന്ത്രിമാരിലൊരാളുടെ കീഴില്‍ സംസ്ഥാനം നേടിയ വളര്‍ച്ചാ നിരക്കില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇടിവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ജെഡിയു ബിജെപി സഖ്യമുപേക്ഷിച്ചത് മുസ്ലിംവോട്ടുകള് നേടി ബീഹാറിലെ നിര്‍ണ്ണായക ശക്തിയായി മാറുന്നതിനുള്ള നീക്കമായിരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ സഖ്യം തകര്‍ന്നത് ജെഡിയുവിനെ സംസ്ഥാനത്ത് ഇല്ലാതാക്കിയെന്ന് പാട്നയിലെ വീര്ചന്ദ്മാര്ഗ്ഗിലെ ജെഡിയു ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ജെഡിയു സംസ്ഥാന നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
ആര്‍ജെഡിയാകട്ടെ പുതിയ ഉണര്‍വിലാണ്. അശേഷം തകര്‍ന്ന് സംസ്ഥാനത്ത് അപ്രസക്തമായി മാറിയിരുന്ന ആര്‍ജെഡിക്ക് ജെഡിയുവിന്റെ ഇന്നത്തെ അവസ്ഥ പ്രയോജനകരമായി മാറിയിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് അവര്‍ കരുതുന്നു. എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാനും ഇത്തവണ നേട്ടമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിജെപിയുമായി സംഖ്യമുണ്ടാക്കിയതോടെ അവര്‍ നല്കിയ 12 സീറ്റുകളില്‍ പകുതിയിലെങ്കിലും ജയിക്കാനാകുമെന്നാണ് എല്‍ജെപിയുടെ കണക്കുകൂട്ടല്‍.
ബീഹാറിലെ 40 സീറ്റുകളില്‍ 25 ന് മുകളില്‍ ബിജെപി കരസ്ഥമാക്കുമെന്നാണ് എല്ലാ അഭിപ്രായ സര്‍വ്വേകളും പ്രവചിച്ചിരിക്കുന്നത്. സുശീല്‍കുമാര്‍ മോദിയെന്ന നേതാവിന്റെ നേതൃത്വത്തിലാണ് ബീഹാറിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. കൂടാതെ നരേന്ദ്രമോദി ഏറ്റവുമധികം പങ്കെടുത്ത റാലികള്‍ ബീഹാറിലാണെന്നതും ബിജെപി ബീഹാര്‍ ഘടകത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. പാട്നയില്‍ മോദി പങ്കെടുത്ത മഹാറാലിയില്‍ ജനലക്ഷങ്ങള്‍ അണിനിരന്നതും സംസ്ഥാനത്തെ ബിജെപി തംരംഗത്തിന്റെ തെളിവാണ്. പാതിവഴിയില്‍ വിശ്വാസവഞ്ചന കാണിച്ച് സഖ്യമുപേക്ഷിച്ച ജെഡിയുവിനോട് ജനാധിപത്യപരമായ രീതിയില്‍ പകരം വീട്ടാനാകുമെന്ന ഉറപ്പിലാണ് ബിജെപി.
പാട്നയില്‍ നിന്നും എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: