ന്യൂദല്‍ഹി: നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് 22,000 പേര് കൂട്ടക്കൊലയ്ക്കിരയാകുമെന്ന അത്യന്തം പ്രകോപനകരമായ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ളതും ഹീനകരവുമായ പ്രസ്താവനകള്‍ നിരന്തരം നടത്തുന്ന രാഹുലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അനന്തകുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്തിനോട് ആവശ്യപ്പെട്ടു. പരാതിയിന്മേല് പരിശോധന നടത്തി നടപടി സ്വീകരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഹിമാചല്‍ പ്രദേശിലെ സോളനില്‍ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് വലിയ കൂട്ടക്കൊല ഉണ്ടാകുമെന്ന് രാഹുല്‍ഗാന്ധി പ്രസംഗിച്ചത്. മോദി അധികാരത്തിലെത്തിയാല്‍ 22,000 പേര് കൊല്ലപ്പെടുമെന്ന രാഹുലിന്റെ പ്രസ്താവന അത്യന്തം പ്രകോപനപരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയ ശേഷം മാധ്യമങ്ങളോട് ബിജെപി നേതൃത്വം വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് രാഹുല്‍ഗാന്ധി നടത്തിയിരിക്കുന്നതെന്നും രാഹുല്‍ നിരന്തരമായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും അനന്ത് കുമാര്‍ പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതു മുതല്‍ നരേന്ദ്രമോദിക്കെതിരെ രാഹുല്‍ഗാന്ധി നിരന്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും ബിജെപി നേതൃത്വം പറഞ്ഞു.
ഇനിയും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ രാഹുല്‍ഗാന്ധി നടത്തുന്നത് തടയണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 30ന് തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ ബൂത്തുകളില്‍ വന്‍തോതില്‍ വോട്ടിംഗ് ക്രമക്കേട് നടന്നിട്ടുണ്ടെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞിട്ടുണ്ട്. പ്രശ്ന ബാധിത ബൂത്തുകളില്‍ സിസിടിവി ക്യാമറകളും കേന്ദ്രസേനയും ഇല്ലായിരുന്നു. ഏപ്രില്‍ 30ന് നടന്ന ബൂത്തുപിടുത്തത്തിന്റേയും കള്ളവോട്ടിന്റേയും തെളിവുകള്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. കൃത്രിമം നടന്ന ആയിരം ബൂത്തുകളില്‍ റിപോളിംഗ് നടത്തണം. മെയ് 7, 12 തീയതികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സിസിടിവികളും കേന്ദ്രസേനയേയും ബംഗാളില്‍ വിനിയോഗിക്കണം എന്നീ ആവശ്യങ്ങളും ബിജെപി ഉന്നയിച്ചു. ദേശീയ വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്വി, ചന്ദന്‍ മിത്ര എന്നിവരും ബിജെപി പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: