ന്യൂദല്‍ഹി: ഗുജറാത്ത് സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ചെന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ യുപിഎ ഘടകകക്ഷികളില്‍ ഭിന്നത. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ ലക്ഷ്യംവെച്ച് നടത്തുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയനീക്കത്തോട് എന്‍സിപിയും നാഷണല്‍ കോണ്‍ഫറന്‍സും പരസ്യമായ അതൃപ്തി അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചു. നരേന്ദ്രമോദിക്കെതിരായ അന്വേഷണം ആവശ്യമില്ലെന്ന് എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലും പറഞ്ഞു. ശരദ് പവാര്‍ തന്റെ അതൃപ്തി പ്രധാനമന്ത്രിയെ നേരിട്ടറിയിച്ചിട്ടുണ്ടെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഫാറുഖ് അബ്ദുള്ളയ്ക്കും സമാന നിലപാടാണുള്ളതെന്നും ഒമര്‍ വ്യക്തമാക്കി.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മണിക്കൂറുകളില്‍ ഇത്തരത്തിലുള്ള നടപടി ശരിയല്ല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കേന്ദ്രസര്ക്കാരിനുണ്ടായിരുന്നെങ്കില് കഴിഞ്ഞ ഡിസംബറിലായിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാല്‍ അഞ്ചു മാസങ്ങള്‍ക്കു ശേഷമുള്ള നടപടി ശരിയല്ല, ഒമര്‍ പറഞ്ഞു.
കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ തന്നെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയിലായിട്ടുണ്ട്. യുപിഎയിലെ പ്രധാന ഘടകകക്ഷികള്‍ ഇക്കാര്യത്തില്‍ എതിര് നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ സംജാതമാകുന്ന വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകളാണ് പ്രധാന ഘടകകക്ഷികളില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
മെയ് 16ന് വോട്ടെണ്ണിത്തുടങ്ങും മുമ്പ് ഗുജറാത്ത് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിക്കുമെന്ന കേന്ദ്രനിയമ മന്ത്രി കപില്‍ സിബലിന്റെ പ്രഖ്യാപനത്തോടെയാണ് യുപിഎയിലെ ഭിന്നതയ്ക്കും തുടക്കം. സര്‍ക്കാരിന്റെ അവസാന സമയത്ത് ഇത്തരത്തിലുള്ള പ്രതികാര നടപടികള്‍ നടത്തരുതെന്നാണ് ഘടക കക്ഷികളുടെ നിലപാട്. നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം ചട്ടവിരുദ്ധമാണെന്നും ഇവര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്നതിനിടയില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത് നിലവിലെ ചട്ടങ്ങളുടെ ലംഘനമാണ്.
ഇതിനാല്‍ത്തന്നെ വിരമിച്ച ജഡ്ജിമാര്‍ ആരുംതന്നെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറായതുമില്ല. ഇതോടെ മുന്‍നിശ്ചയിച്ച പ്രകാരം അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ കോണ്‍ഗ്രസ് നേതൃത്വം സമീപിക്കുകയായിരുന്നു. നരേന്ദ്രമോദിക്കെതിരായ അന്വേഷണം ഏറ്റെടുക്കാന്‍ ജഡ്ജി തയ്യാറായിട്ടുണ്ടെന്നാണ് അറിയുന്നത്.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കത്തിനെതിരെ പ്രധാന ഘടക കക്ഷികള്‍ രംഗത്തെത്തിയതോടെ ജുഡീഷ്യല്‍ കമ്മീഷന് നിയമനം വൈകാന്‍ സാധ്യതയുണ്ട്. അന്വേഷണ കമ്മീഷനെ നിയമിച്ചാലും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കമ്മീഷന് നിയമനം റദ്ദാക്കുമെന്ന് ബിജെപി വ്യക്തമാക്കിയതോടെ കേന്ദ്രസര്‍ക്കാര്‍ നിലപാട് തികച്ചും പ്രഹസനമായി.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: