ന്യൂദല്‍ഹി: ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി വമ്പന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണ് ഇത്തവണ പ്രമുഖ പാര്‍ട്ടികള്‍ സംഘടിപ്പിച്ചത്. ഫ്ലക്സുകളും, പരസ്യങ്ങളും, നോട്ടീസുകളുമൊക്കെയായി നടത്തിയിരുന്ന പ്രചാരണം ഇന്ന് ആധുനിക സാങ്കേതിക വിദ്യ കൊണ്ടു സമ്പന്നമായിരിക്കുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ മാധ്യമങ്ങളിലൂടെയും ഇത്തവണ പ്രചാരണം കൊഴുത്തു. ഇത്തരം പ്രചാരണരീതികളില്‍ നിന്നും വ്യത്യസ്തമായി പുത്തന്‍ പരീക്ഷണവുമായാണ് പ്രമുഖ ഓണ്‍ലൈന്‍ സേവന ദാതാക്കളായ സ്നാപ്പ്ഡീല്‍ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പു ചൂടിനിടയില്‍ വാണിജ്യ തന്ത്രം മെനയുകയായിരുന്നു സ്നാപ്പ്ഡീല്‍.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന എന്നാല്‍ നിത്യേന ഉപയോഗപ്രദവുമായ മൊബെയില്‍ഫോണ്‍ കവറുകള്‍ രംഗത്തിറക്കിയായിരുന്നു അവരുടെ ചുവടുമാറ്റം. പിന്നീട് പല പ്രമുഖ വെബ്സൈറ്റുകളും ആ ചുവടുമാറ്റത്തെ പിന്തുടര്ന്നു.
ബിജെപിയുടെ ചിഹ്നമായ താമരയുടേയും, കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയും, ആം ആദ്മിയുടെ ചൂലുമൊക്കെ പതിപ്പിച്ച മൊബെയില്‍ കവറുകള്‍ വിപണിയിലിറക്കിയാണ് സ്നാപ്പ്ഡീല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ വ്യത്യസ്തമാക്കിയത്. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്ത കവറുകള്ക്കായിരുന്നു വന്‍ ഡിമാന്റ്. മൊബെയില്‍ കവറുകള്‍ തേടി കടകള്‍ കയറിയിറങ്ങേണ്ട എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. വിരല്‍ത്തുമ്പ് ഒന്നമര്‍ത്തുമ്പോള്‍ നമുക്കിഷ്ട്ടപ്പെട്ട കവറുകള്‍ വീട്ടിലെത്തും-ഓണ്‍ലൈന്‍ ഷോപ്പിംഗ്.
പ്രമുഖ മൊബെയില്‍, സ്മാര്‍ട്ട് ഫോണ്‍ കവര്‍ നിര്‍മ്മാതക്കളായ റിബെല്‍ ആണ് വിവിധ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഉപയോഗിക്കാവുന്ന കവറുകള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിച്ചത്. ഐഫോണുകള്‍ക്കുള്ള കവറുകളും ഇവയ്ക്കൊപ്പം വിപണിയിറങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് പ്രമാണിച്ച് വമ്പന്‍ ഓഫറുകളും വെബ്സൈറ്റുകള്‍ നല്‍കിയിരുന്നു.
താമരയ്ക്കും, നരേന്ദ്ര മോദിയുടെ മുഖം ആലേഖനം ചെയ്തിരിക്കുന്ന കവറിനുമായിരുന്നു ഡിമാന്റും വിലയും കൂടുതല്‍. 699 രൂപയാണ് വില. കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി ആലേഖനം ചെയ്ത കവറുകള്‍ക്കാണ് വിലക്കുറവ്. 399 രൂപ. ആവശ്യപ്പെട്ടാല്‍ നാല് ദിവസത്തിനുള്ളില്‍ വീട്ടിലെത്തിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് വെബ്സൈറ്റുകള്‍ പരസ്യം നല്‍കിയിരിക്കുന്നത്. ഒപ്പം കവറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ മടക്കി വാങ്ങാമെന്ന വാഗ്ദാനവുമുണ്ടായിരുന്നു. വില കൂടുതലാണെങ്കിലും കവറുകള്‍ക്കും വന്‍ ഡിമാന്‍ഡാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ലഭിച്ചത്. ജനങ്ങള്‍ക്കിടയിലേക്ക് പരമാവധി പ്രചാരണം നടത്താന്‍ ശ്രമിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൊബെയില്‍ കവറുകള്‍ കൂടുതല്‍ പ്രയോജനകരമാവുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: