പതിനാറാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക്. ഇന്നു പ്രചാരണം അവസാനിക്കുന്ന എട്ടാം ഘട്ട പോളിംഗ് കഴിഞ്ഞാല്‍ മെയ് 12 ലെ വോട്ടിംഗ് കൂടി. അന്നു വൈകിട്ട് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വരും. പിന്നെ നാലുനാള്‍ കഴിഞ്ഞാല്‍ യഥാര്‍ത്ഥ തെരഞ്ഞെടുപ്പു ഫലം.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി ആജ് തക് ടിവിക്ക് നല്കിയ അഭിമുഖത്തില്‍നിന്ന് ചില ഭാഗങ്ങള്‍….
മൂന്നു ലക്ഷം കിലോമീറ്റര്‍ യാത്ര, 400-ല്‍ പരം യോഗങ്ങള്‍. ഒരുവര്ഷത്തിനിടെയാണിത്. താങ്കള്‍ തളര്‍ന്നോ?
ഒരു വര്‍ഷം കൊണ്ടല്ല, നാലഞ്ചു മാസം കൊണ്ട്. ഞാനൊരു തൊഴിലാളിയാണ്. ഞാന്‍ കുട്ടിക്കാലം മുതല്‍ കഠിനമായി പണിയെടുത്ത ശീലമുണ്ട്. ഞാന്‍ എന്റെ മനസും ശരീരവും അതില്‍ അര്‍പ്പിച്ചു. പാര്‍ട്ടി എനിക്കൊരു ചുമതല നല്കുമ്പോള് അതു ഞാന്‍ സമ്പൂര്‍ണ സമര്‍പ്പണത്തോടെ ചെയ്യണം. ദൈവം എനിക്കു തന്ന കഴിവ് ഞാന്‍ പരമാവധി വിനിയോഗിക്കുന്നു.
ഇതുവരെ നിശ്ചയിച്ച ഒരു പരിപാടിയും റദ്ദാക്കേണ്ടിവന്നില്ല. ദൈവത്തിനു നന്ദി പറയണം. ഒരെണ്ണം ഉപേക്ഷിക്കേണ്ടിവന്നു. എന്റെ ഹെലികോപ്ടറിനു ലാന്റിംഗ് അനുമതി നല്‍കാതെ മണിക്കൂറുകള്‍ വൈകിച്ചു.
ക്ഷീണിച്ചില്ലേ? എവിടുന്നു കിട്ടുന്നു ഈ ഊര്‍ജ്ജം?
ഒരുപക്ഷേ ജനങ്ങളുടെ അനുഗ്രഹമായിരിക്കാം.
യോഗാ, പ്രാണായാമം?
അതെല്ലാം ദിനചര്യയുടെ ഭാഗമാണ്. ഞാന്‍ കുട്ടിക്കാലത്തേ ആര്‍എസ്എസ് ശാഖയില്‍ പോകുമായിരുന്നു. അങ്ങനെ ഇതെല്ലാം ജീവിത രീതിയായി. 365 ദിവസത്തില്‍ 300 ദിവസവും ഞാന്‍ യോഗ ചെയ്യുന്നു.
താങ്കള്‍ക്കെതിരേ ഒറ്റ എഫ്ഐആര്‍ പോലുമില്ലെന്ന് അഭിമാനത്തോടെ പറയുമായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പു കേസ് എടുത്തിരിക്കുന്നു. കമ്മീഷനോട് മാപ്പപേക്ഷിക്കുമോ? അതോ കോടതിയില്‍ പോകുമോ?
ആ അവസ്ഥ വന്നിട്ടില്ലെന്നു തോന്നുന്നു. നിയമം അതിെന്‍ വഴിക്കു പോകും. ഞങ്ങളുടെ നിയമോപദേശക സംഘം അതു നോക്കിക്കൊള്ളും. ഞാന്‍ അഭിമാനത്തോടെതന്നെ പറയുന്നു, ഇക്കാലത്തിനിടെ എനിക്കെതിരേ ഒറ്റ കേസുപോലും ഉണ്ടായിട്ടില്ല, ഒരു സ്കൂട്ടര്‍ തെറ്റായി പാര്ക്കുചെയ്തതിനോ തെറ്റായ വശത്തുകൂടി വണ്ടി ഓടിച്ചതിനോ പോലും. ഈ കേസ് എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. നിയമജ്ഞര്‍ അക്കാര്യം നോക്കിക്കൊള്ളും.
ഗുറാത്ത് പോലീസ് പറയുന്നു, താങ്കള്‍ പ്രസംഗിച്ചത് നിരോധനമുള്ള 100 മീറ്റര്‍ പരിധിക്കുള്ളിലല്ല, പോളിംഗ് ബൂത്തില്‍നിന്ന് 150 മീറ്റര്‍ അകലെയായിരുന്നുവെന്ന്?
എനിക്കറിയില്ല. ഗുജറാത്ത് പോലീസിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോര്‍ട്ടു സമര്‍പ്പിക്കും. അവര്‍ മാധ്യമങ്ങളോടോ എന്നോടോ അതു പറയില്ല.
സെവന് റേസ് കോഴ്സ് റോഡ് (പ്രധാനമന്ത്രിയുടെ ഓഫീസ്) എത്ര ദുരത്താണെന്നാണ് ഏഴു ഘട്ടം തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ വിലയിരുത്തുന്നത്?
ഞാന്‍ തെരഞ്ഞെടുപ്പു സസൂക്ഷ്മം വീക്ഷിക്കുന്നു. രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി മാത്രമല്ല, ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയെന്ന നിലയ്ക്കുകൂടി. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യുദ്ധ രംഗത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടാമതായി, ഇതാദ്യമായി തെരഞ്ഞെടുപ്പിനു മുമ്പ് 25 പാര്‍ട്ടികളുടെ ഒരു സഖ്യം രൂപപ്പെട്ടു. ഇതു നല്ലൊരു തുടക്കമായിരുന്നു. മറിച്ച് കോണ്‍ഗ്രസിലാകട്ടെ, നേതാക്കള്‍ തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറി, തുടക്കം മുതലേ അവര്‍ തെരഞ്ഞെടുപ്പു നേരിടാന്‍ ധൈര്യമില്ലാത്തവരാണെന്നുള്ള സുചനകള്‍ നല്കി. അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന ധാരണ പരത്തി. ഇപ്പോള്‍ അവരുടെ ഏക ലക്ഷ്യം എങ്ങനെയും സീറ്റെണ്ണത്തില്‍ 100 അക്കം കടക്കുകയെന്നതാണ്. പക്ഷേ അവര്‍ രണ്ടക്കം കടക്കില്ല.
താങ്കള്‍ ഭാവി പ്രധാനമന്ത്രിയാണെന്നു കരുതുന്നുണ്ടോ?
നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു. ജനങ്ങള്‍ അത് അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. പക്ഷേ നിങ്ങളാഗ്രഹിക്കുന്ന മറുപടി ഞാനിപ്പോള്‍ പറയുന്നില്ല. മെയ് 16 വരെ ഞാന്‍ കാത്തിരിക്കാം. നമുക്കൊരിക്കല്‍കൂടി സംസാരിക്കാം.
രാഹുല്‍ ഗാന്ധി പറയുന്നു, താങ്കള്‍ അഴിമതിയെക്കുറിച്ചു പ്രസംഗിക്കുന്നു, പക്ഷേ പരിഹരിക്കാന്‍ പരിപാടിയില്ലെന്ന്?
അഴിമതിക്കെതിരേ പോരാണമെങ്കില് ഭരണകൂടത്തിന് ഒരു നയം വേണം. സര്‍ക്കാരാണ് സ്വന്തം നയം നിശ്ചയിക്കുന്നത്. അതിനു മികവും പോരായ്മയും ഉണ്ടാകും. പക്ഷേ അന്തിമ തീരുമാനം നയത്തിന്റെ അടിസ്ഥാനത്തിലാകണം. പക്ഷേ, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നിര്‍ഭാഗ്യകരമെന്നു പറയാം ഇപ്പോള്‍ അതത് മന്ത്രാലയങ്ങളുടെ ചുമതലയിലാണ്. അവിടെ വിവേചനങ്ങള്‍ക്കു സാധ്യത ഉണ്ടാകുന്നു. രണ്ടാമതായി യുവാക്കള്‍ക്കു ജോലി വേണം.
അഴിമതിയില്‍ പെട്ട് പാവപ്പെട്ടവര്‍ക്ക് ലക്ഷക്കണക്കിനു രൂപയാണ് നഷ്ടമാകുന്നത്. ഗുജറാത്തില്‍ ഞാന്‍ 13,000 അദ്ധ്യാപകര്‍ക്ക് ജോലി കൊടുത്തു. അതിനുള്ള അപേക്ഷ ഓണ്‍ലൈനിലുണ്ടായിരുന്നു. അവരുടെ യോഗ്യത അനുസരിച്ച് മാര്‍ക്ക് നിശ്ചയിച്ചു. കമ്പ്യൂട്ടര്‍ സോഫ്റ്റ്വേര്‍ ആണ് 13,000 പേരെ തിരഞ്ഞെടുത്തത്. ഉദ്യോഗസ്ഥ ഇടപെടലുണ്ടായില്ല. അഴിമതിയും. അഴിമതി കുറയ്ക്കുന്നതില്‍ സാങ്കേതിക വിദ്യക്ക് വലിയ പങ്കുണ്ട്.
ഗുജറാത്തിനും മഹാരാഷ്ട്രക്കുമിടയില് രണ്ടു ചെക്പോസ്റ്റുകളുണ്ട്. ഇതുവഴി പോകുകയും വരികയും ചെയ്യുന്ന ട്രക്കുകള്‍ ഒരേ നികുതിയാണ് നല്‍കുന്നത്. പക്ഷേ മഹാരാഷ്ട്രയ്ക്കു കിട്ടുന്നതിനേക്കാള്‍ 700 കോടി രൂപയാണ് ഗുജറാത്തിന് അധികം കിട്ടുന്നത്. എന്തുകൊണ്ട്. ഞങ്ങള്‍ സാങ്കേതിക സംവിധാനം വിനിയോഗിക്കുന്നു. അതിനാല്‍ അഴിമതി കുറയുന്നു.
കള്ളപ്പണക്കാര്യത്തില്‍ മൂന്നാഴ്ചക്കകം പുതിയ അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. അതിനകം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും. താങ്കളാണ് വരുന്നതെങ്കില്‍ എന്തുചെയ്യും?
ലാല്‍ കൃഷ്ണ അദ്വാനി ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടും പ്രചാരണ യാത്ര നടത്തി. ഈ പ്രായത്തില്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതു വലിയ അദ്ധ്വാനമായിരുന്നു. അതു ഞങ്ങളുടെ പ്രകടന പത്രികയിലുമുള്ള വിഷയമാണ്.
റോബര്‍ട്ട് വാദ്രയാണ് രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരന് എന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ടല്ലോ?
ഞാനങ്ങനെ പറഞ്ഞിട്ടേ ഇല്ല. മറ്റുള്ളവര്‍ പറഞ്ഞത് എന്റേതാക്കരുത്. അഴിമതി പാപമാണ്. അതിനെതിരേ നാം പോരാടണം.
എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ വാദ്രയെ ജയിലില്‍ അടയ്ക്കുമെന്ന് ഉമാഭാരതി പറഞ്ഞല്ലോ?
മറ്റുള്ളവര്‍ എന്തു പറയുന്നുവെന്നതു വിടുക. മോദിക്കെതിരേ നിയമ ലംഘകന് എന്ന എന്തെങ്കിലും ആരോപണമുണ്ടോ. എങ്കില്‍ അതും അന്വേഷിക്കണം. ആരും നിയമത്തിനു മുകളിലല്ല. പ്രധാനമന്ത്രിയാണെങ്കില്‍ പോലും.
സ്നൂപ്ഗേറ്റ് കേസില്‍ മെയ് 16-ന് മുമ്പ് ജീഡീഷ്യല്‍ അന്വേഷണം മെയ് 16-ന് മുമ്പു തീരുമാനിക്കുമെന്ന് കപില്‍ സിബാല്‍ പറഞ്ഞിട്ടുണ്ടല്ലോ?
അവര്‍ക്ക് തോന്നുന്നത് ചെയ്യട്ടെ. ഇതിനേക്കാള്‍ മികച്ചതൊന്നും ഞാന്‍ അവരില്‍നിന്നു പ്രതീക്ഷിക്കുന്നില്ല.
അദാനിക്ക് ഭൂമി കൊടുത്ത ടോഫീ മോഡലിനെതിരേ കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നല്ലോ?
നിങ്ങളുടെ ചാനല്‍ വളരെ വിപ്ലവകരമായതാണല്ലോ. ഞാന്‍ ഒരു നിര്‍ദ്ദേശം വെക്കട്ടെ. ഗുജറാത്തിലെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഒരു പവര്‍ പോയിന്റ് പ്രസന്റേഷന് ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതു തരാം. നിങ്ങള്‍ ചാനലിലൂടെ സംപ്രേഷണം ചെയ്യൂ. എല്ലാ സംശയത്തിനും മറുപടി അതിലുണ്ട്.
സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്, ഗുജറാത്തിലെ ഭൂമി ഏറ്റെടുക്കല്‍ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന്. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. ഒരാഴ്ചക്കു മുമ്പ് ടാറ്റാ നാനോ കാര്‍ പ്രോജക്ടിന് നല്കിയ അനുമതിക്ക് ഗുജറാത്ത് ഹൈക്കോടതി നൂറു ശതമാനം അംഗീകാരം നല്കി. നിങ്ങള്‍ക്കാര്‍ക്കും അതു വാര്‍ത്തയായിരുന്നില്ല.
പ്രിയങ്കാ ഗാന്ധി പ്രചാരണത്തിനിറങ്ങിയതു മുതല്‍ താങ്കള്‍ക്കെതിരേ വ്യക്തിപരമായ ആരകമണമാണല്ലോ നടക്കുന്നത്?
നിങ്ങള്‍ കുറച്ചു കാണിക്കുന്നു. 12 വര്‍ഷമായി കോണ്‍ഗ്രസ് എനിക്കെതിരേ വ്യക്തിപരമായ ആക്രമണം നടത്തുകയാണ്. അവരുടെ നിഘണ്ടുവില്‍ അധിക്ഷേപ വാക്കുകള്‍ തീര്‍ന്നു. അവര്‍ക്ക് വിമര്‍ശിക്കാന്‍ പുതിയ ആളുകള്‍ വേണമെന്ന സ്ഥിതി വന്നു.
താങ്കള്‍ സോണിയക്കും രാഹുലിനും എതിരേ കര്‍ക്കശ നിലപാടാണ്, പക്ഷേ പ്രിയങ്കയോട് അങ്ങനെയല്ലല്ലോ?
രാഷ്ട്രീയ രംഗത്തുള്ളവരേ എതിരാളികള്‍ ആകുന്നുള്ളു. കുടുംബാംഗങ്ങളെ രാഷ്ട്രീയക്കാര്യത്തില് വിമര്‍ശിക്കാന്‍ പാടില്ല. കോണ്‍ഗ്രസ് ചെയ്യുന്നതുപോലെ എനിക്കാവില്ല.
താങ്കള്‍ കുട്ടികളെ പോലെ സംസാരിക്കുന്നുവെന്നു പ്രിയങ്ക പറയുന്നല്ലോ?
ഞാന്‍ ഒന്നും പറയില്ല.
ദൂരദര്ശന് വിവാദത്തെക്കുറിച്ച്?
നിങ്ങള്‍ നിഷ്പക്ഷ മാധ്യമമാണല്ലോ. നിങ്ങളുടെ കയ്യില്‍ എഡിറ്റു ചെയ്യാത്ത അഭിമുമുണ്ടല്ലോ. സംപ്രേഷണം ചെയ്യൂ, ആളുകള്‍ കാണട്ടെ. ഞാന്‍ മറുപടി പറയുന്നില്ല.
അടുത്ത ഘട്ടം തെരഞ്ഞെടുപ്പുകളില്‍ എന്തായിരിക്കും പാര്‍ട്ടി തന്ത്രം?
നിങ്ങള്‍ വിവാദ വിഷയങ്ങളില്‍ മാത്രം അഭിപ്രായം ചോദിക്കുന്നു, മുഖ്യ വിഷയങ്ങളിലല്ല. കാരണം വിവാദം ടിആര്‍പി കൂട്ടുന്നു. ഞനേതെങ്കിലും വിഷയത്തില്‍ പറയാതിരുന്നാല്‍ നിങ്ങള്‍ പറയും മോദി ആ വിഷയത്തില്‍ തല്പരനല്ലെന്ന്.
വാരാണസിയില്‍ താങ്കള്‍ക്കു മത്സരം ഉണ്ടെന്നു കരുതുന്നുണ്ടോ?
രാഷ്ട്രീയത്തില്‍ മത്സരം വേണം. അതില്ലെങ്കില്‍ എനിക്കത് ആസ്വദിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: