ന്യൂദല്‍ഹി: എന്‍ഡിഎ സഖ്യത്തിനു മാത്രമേ ഇന്ത്യയില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിന്റെ പ്രചാരണം അവസാനിച്ച ഇന്നലെ എട്ട് മാസക്കാലം നീണ്ട തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് ബ്ലോഗിലാണ് മോദി ഇങ്ങനെ കുറിച്ചത്.
ഒരിക്കല്‍ക്കൂടി ലോകത്തിന് വഴികാട്ടാന്‍ കഴിയുന്നവിധം ശക്തവും വികസിതവും സമഗ്രവുമായ ഒരു ഭാരതത്തെ കെട്ടിപ്പടുക്കാന്‍ സഹായിക്കണമെന്ന് മോദി ജനങ്ങളെ ആഹ്വാനം ചെയ്തു. തനിക്ക് നല്കിയ പിന്തുണയ്ക്ക് ജനങ്ങളോട് നന്ദി പറഞ്ഞ മോദി ശക്തമായ ഒരു ഭാരതത്തിന് അടിത്തറയിട്ടുകൊണ്ട് ഇതിന് പ്രത്യുപകാരം ചെയ്യുമെന്ന് ഉറപ്പുനല്‍കി.
“പൊള്ളയായ വാഗ്ദാനങ്ങളും അഴിമതിയും വംശാധിപത്യ ഭരണത്തിന്റെ വീണ്‍വാക്കുകളും ജനങ്ങളെ മടുപ്പിച്ചിരിക്കുന്നു. അവര്‍ ആഗ്രഹിക്കുന്നത് നല്ലൊരു നാളെയാണ്. ഈ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന ഒരേയൊരു സഖ്യം എന്‍ഡിഎയെയാണ്,” മോദി അഭിപ്രായപ്പെട്ടു.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്റെ പ്രചാരണം വിപുലവും നവീനവും സംതൃപ്തി നല്കുന്നതുമായിരുന്നുവെന്ന് പറഞ്ഞ മോദി, പ്രചാരണത്തിലുടനീളം വികസനത്തിന്റെയും സല്‍ഭരണത്തിന്റെയും അജണ്ട ഇന്ത്യയുടെ ഓരോ കോണിലുമെത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞതായി ചൂണ്ടിക്കാട്ടി.
5,800 സ്ഥലങ്ങളിലെ ചെറുതും വലതുമായ സമ്മേളനങ്ങളിലാണ് മോദി പ്രസംഗിച്ചത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത സപ്തംബര്‍ 13 മുതല്‍ എട്ട് മാസക്കാലം കൊണ്ട് മൂന്ന് ലക്ഷം കിലോമീറ്ററാണ് മോദി സഞ്ചരിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം 440 റാലികളിലും 4000 ‘ചായ്പെ ചര്‍ച്ച’യിലും 12 വട്ടം ത്രിഡി റാലികളിലും മോദി ജനങ്ങളെ അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: