ന്യൂദല്‍ഹി: അടുത്ത സര്‍ക്കാര്‍ ഞങ്ങളുടേതാണെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. പക്ഷേ, സീറ്റെണ്ണത്തിന്റെ കാര്യം പറയാനില്ല. കാരണം എണ്ണം എപ്പോഴും എണ്ണംതന്നെയാണ്. ഞങ്ങളും ആ കണക്കു നോക്കിയിരിക്കുകയാണ്. മെയ് 16-ന് ഒരു മണിക്കു മുമ്പ് അതറിയാം, ബിജെപി ദേശീയാദ്ധ്യക്ഷന് പ്രൊഫ. രാജ്നാഥ് സിംഗ് വിശദീകരിച്ചു.
ബിജെപി നേതാവ് രാജ്നാഥ് സിംഗ് ആര്‍എസ്എസ് ന്യൂദല്‍ഹി ആസ്ഥാനത്ത് മുതിര്‍ന്ന സംഘാധികാരികളെ കണ്ടു ചര്‍ച്ച നടത്തിയതിനെക്കുറിച്ചുവന്ന വിവിധ രാഷ്ട്രീയ വ്യാഖ്യാനങ്ങളുടെ സാഹചര്യത്തിലാണ് ചോദ്യത്തിനു മറുപടിയായി രാജ്നാഥ് സിംഗ് ഇങ്ങനെ വിശദീകരിച്ചത്. ബിജെപിക്ക് ഭൂരിപക്ഷം കിട്ടാതെ വരുന്ന സാഹചര്യത്തില്‍ ആരൊക്കെ ഏതൊക്കെയാവാം പാര്‍ട്ടിയുടെ സഖ്യകക്ഷികള്‍ എന്നു ചര്‍ച്ചചെയ്യാനാണ് രാജ്നാഥ് സിംഗ് ദല്‍ഹിയിലെ ആര്‍എസ്എസ് ആസ്ഥാനമായ കേശവ് കുഞ്ജില്‍ പോയതെന്ന വാര്‍ത്തകള്‍ക്കിടയിലാണ് രാജ്നാഥിന്റെ പ്രതികരണം വന്നത്.
തെരഞ്ഞെടുപ്പിലെ സാധ്യതയെക്കുറിച്ച് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ രാജ്നാഥ് സിംഗ് പറഞ്ഞു, “ഞ്ഞങ്ങള്‍ക്ക് 275 മുതല്‍ 300 സീറ്റുവരെ സീറ്റു കിട്ടും. ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള മാന്ത്രിക സംഖ്യയായ 272 കടക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.”
ബിഎസ്പി നേതാവ് മായാവതിയും മമതാ ബാനര്‍ജിയും മറ്റും മോദിയോട് എതിര്‍ക്കുന്നെങ്കിലും രാജ്നാഥിനോട് അനുഭാവം കാണിക്കുന്നല്ലോ എന്നും എന്‍ഡിഎക്കു കൂടുതല്‍ പേരുടെ പിന്തുണ വേണ്ടിവരുമോ എന്നുമുള്ള ചോദ്യത്തിന് “തുറന്നു പറയാമല്ലോ, ഞങ്ങള്‍ മറ്റു സഖ്യത്തെക്കുറിച്ചൊന്നും ഇതുവരെ ആലോചിച്ചിട്ടേ ഇല്ല. പക്ഷേ ദേശീയ താല്പര്യം മുന്‍ നിര്‍ത്തി എന്‍ഡിഎ ശക്തിപ്പെടുത്താന്‍ ആര്‍ക്കെല്ലാം താല്പര്യമുണ്ടോ അവര്‍ക്കു വേണ്ടി വാതിലുകള്‍ തുറന്നുതന്നെ കിടക്കും.”
സര്‍സംഘചാലകുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ചു വന്ന എല്ലാ കിംവദന്തികളേയും സിംഗ് നിരസിച്ചു. “ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി ആര്‍എസ്എസ് നല്കിയ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി പറയാന്‍ വേണ്ടിയാണ് ഞാന്‍ അവിടെ പോയത്. ഇതാദ്യമായാണ് ആര്‍എസ്എസ് പരസ്യമായി രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തുവന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും ബിജെപിയെ സഹായിച്ചത്. അതിനു നന്ദി പ്രകടിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ അവിടെ പോയത്. അതിനപ്പുറം ആ കൂടിക്കാഴ്ചയെക്കുറിച്ച് ഒന്നും വ്യാഖ്യാനിക്കേണ്ടതില്ല.”
മോദി അടുത്ത പ്രധാനമന്ത്രിയാണെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ടെന്നു പറഞ്ഞ രാജ്നാഥ് സിംഗ്, “അടുത്ത പ്രധാനമന്ത്രിയാരെന്ന കാര്യത്തില്‍ ജനങ്ങളുടെ മനസില്‍ സംശയമൊന്നുമില്ല. ഈ നാട്ടിലെ ജനങ്ങളും എന്‍ഡിഎയും അക്കാര്യം തീരുമാനിച്ചു കഴിഞ്ഞതാണ്. ആര്‍എസ്എസും അക്കാര്യം മുമ്പുതന്നെ ശരിവെച്ചിട്ടുണ്ട്. എന്നാല്‍ മറിച്ചുള്ള എതിര്‍പക്ഷത്തിന്റെ പ്രചാരണം വോട്ടര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ്. പക്ഷേ ആ വിഷയങ്ങളിലെല്ലാം ഞങ്ങള്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു. ഞങ്ങള്‍ മെയ് 16 ആകാന്‍ കാത്തിരിക്കുകയാണ്.”
വാരാണസിയിലെ വിജയ സാധ്യതയെക്കുറിച്ച് രാജ്നാഥ് സിംഗ് ഇങ്ങനെ പറഞ്ഞു, “ബിജെപിക്ക് അനുകൂലമായി അവിടെ ഉണ്ടായിരിക്കുന്ന പിന്തുണ കണ്ടാല്‍ തോന്നുന്നത് നരേന്ദ്ര ഭായിക്കെതിരേ മത്സരിച്ചവര്‍ക്ക് കെട്ടിവെച്ച കാശ് കിട്ടാത്ത സ്ഥിതി വരുമോ എന്നാണ്,” രാജ്നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: