ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കൂട്ടുത്തരവാദിത്വമാണെന്ന് പറഞ്ഞ് രാഹുല്‍ഗാന്ധിയെ രക്ഷിക്കാന്‍ പതിവുപോലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിത്തുടങ്ങി. കഴിഞ്ഞ പത്തുവര്‍ഷം ഭരിച്ച സര്‍ക്കാരിന്റെ ഭാഗമല്ലായിരുന്നു രാഹുല്‍ ഗാന്ധിയെന്നും സോണിയാഗാന്ധിക്കു പിന്നില്‍ കേവലം രണ്ടാമന് മാത്രമായിരുന്നെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. 2010 മുതല്‍ നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പ്രയോഗിച്ച അതേ തന്ത്രം തന്നെയാണ് ഇത്തവണയും രാഹുലിന്റെ രക്ഷയ്ക്ക് ഉപയോഗിക്കുന്നത്.
അതിനിടെ കോണ്‍ഗ്രസിന്റെ പരാജയം പ്രവചിച്ച് സഖ്യകക്ഷിയായ എന്‍സിപി രംഗത്തെത്തി. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്നും അടുത്ത അഞ്ചുവര്‍ഷക്കാലം സ്ഥിരതയും ഉറപ്പുമുള്ള സര്‍ക്കാരായിരിക്കും കേന്ദ്രം ഭരിക്കുകയെന്നും എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. സ്ഥിരതയുള്ളതും മികച്ചതുമായ സര്‍ക്കാരാണ് രാജ്യത്തിനാവശ്യമെന്നും പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആഘാതത്തില്‍ നിന്നും രാഹുല്‍ഗാന്ധിയെ രക്ഷിക്കുന്നതിന് കേന്ദ്രമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമല്ലായിരുന്നെന്നും ജനങ്ങളിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എത്താതിരുന്നതാണ് തിരിച്ചടിക്ക് കാരണമെന്നുമാണ് കമല്‍നാഥിന്റെ പ്രസ്താവന.
ടി.വി ചര്‍ച്ചകളില്‍ നിന്നും പരമാവധി അകന്നു നില്‍ക്കണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. 2004ലേയും 2009ലേയും എക്സിറ്റ് പോളുകള്‍ തെറ്റായിരുന്നെന്ന് മാത്രമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആകെ നല്കുന്ന പ്രസ്താവനകള്‍. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിനെ ബലിയാടാക്കി രാഹുല്‍ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: